News
‘നിങ്ങളുടെ സിനിമ പാകിസ്ഥാന് എതിരെയാണല്ലോ സംസാരിക്കുന്നത്’; ചോദ്യത്തിന് മറുപടിയുമായി അക്ഷയ് കുമാര്‍
‘നിങ്ങളുടെ സിനിമ പാകിസ്ഥാന് എതിരെയാണല്ലോ സംസാരിക്കുന്നത്’; ചോദ്യത്തിന് മറുപടിയുമായി അക്ഷയ് കുമാര്‍
ബോളിവുഡില്‍ നിരവധി ആരാധകരുള്ള താരമാണ് അക്ഷയ് കുമാര്‍. അദ്ദേഹത്തിന്റേതായി 2021ല്‍ പുറത്തിറങ്ങിയ
ചിത്രമാണ് ‘ബെല്‍ ബോട്ടം’. 1980കളുടെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന സ്പൈ ത്രില്ലര്‍ ചിത്രമാണ് ബെല്‍ ബോട്ടം. ഫ്ളൈറ്റ് ഹൈജാക്കുകളെ കുറിച്ചാണ് ചിത്രത്തില്‍ പറയുന്നത്. ഇന്ത്യയില്‍ മികച്ച പ്രതികരണം നേടിയ ചിത്രത്തിന് ചില വിദേശ രാജ്യങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.
ചരിത്രപരമായ വസ്തുതകളില്‍ കൃത്രിമം കാണിച്ചു, രാജ്യത്തെ മോശമായി ചിത്രീകരിച്ചു എന്നൊക്കെയായിരുന്നു സിനിമയ്ക്ക് എതിരെയുള്ള വിമര്‍ശനങ്ങള്‍. സിനിമ പാകിസ്ഥാന് എതിരെയാണല്ലോ സംസാരിക്കുന്നത് എന്ന വിമര്‍ശന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് അക്ഷയ് കുമാര്‍ ഇപ്പോള്‍.
‘ഞാനൊരു പാകിസ്ഥാനിയാണ്. നിങ്ങളോട് എനിക്കൊരു അപേക്ഷയുണ്ട്. പാഡ് മാന്‍, ടോയിലെറ്റ് പോലുള്ള വളരെ മികച്ച സിനിമകള്‍ നിങ്ങള്‍ ചെയ്യുന്നുണ്ട്. സമീപകാലത്ത് ഇറങ്ങിയ നിങ്ങളുടെ ബെല്‍ ബോട്ടം എന്ന സിനിമ പാകിസ്ഥാന് എതിരെയാണല്ലോ സംസാരിക്കുന്നത്’ എന്നായിരുന്നു അക്ഷയ് കുമാറിനോടുള്ള ചോദ്യം.
ഇതിനോട് വളരെ വിനീതമായാണ് അക്ഷയ് കുമാര്‍ പ്രതികരിച്ചത്. ‘സര് അതൊരു സിനിമ മാത്രമാണ്. അതിനെ ഇത്രയും ഗൗരവമായി കാണരുത്. അതൊരു സിനിമ മാത്രമാണ്’ എന്നാണ് അക്ഷയ് കുമാര്‍ ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞത്. റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് അക്ഷയ് സംസാരിച്ചത്.
ബെല്‍ ബോട്ടത്തില്‍ ഇന്ത്യയുടെ സീക്രട്ട് ഏജന്റ് ആയാണ് അക്ഷയ് കുമാര്‍ വേഷമിട്ടത്. 1980ല്‍ നടന്ന ഖാലിസ്ഥാനി ഹൈജാക്കും 1984ല്‍ നടന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഹൈജാക്കും അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയത്. രഞ്ജിത്ത് എം പര്‍വീണ്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വാണി കപൂര്‍, ലാറ ദത്ത, ഹുമ ഖുറേഷി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു.
