നടക്കില്ലെന്ന് കരുതിയ ആഗ്രഹം സാധിച്ചു ‘; ജീവിതത്തിലെ വലിയ സന്തോഷം പങ്കുവച്ച് അഖില്‍ മാരാര്‍
ബിഗ് ബോസ് മലയാളം സീസണുകളുടെ എക്കാലത്തെയും മികച്ച വിജയി ആരെന്ന് ചോദിച്ചാൽ ഒറ്റ ഉത്തരം മാത്രമേ ഇനി കാണു. അത് അഖിൽ മാരാർ ആണ്. അത്രയേറെ ജനപിന്തുണയോടെ ആണ് അഖിൽ കപ്പ് സ്വന്തമാക്കിയത്. ഒരുപാടു ഓഫറുകൾ മുന്നിലുണ്ടെങ്കിലും തനിക്ക് ഒരു സിനിമ സംവിധാനം ചെയ്യാനാണ് ആഗ്രഹം എന്നാണ് അഖിൽ പറയുന്നത്. ഒരു താത്വിക അവലോകനം എന്ന ചിത്രം സംവിധാനം ചെയ്തു സിനിമ രംഗത്ത് വന്ന അഖിലിന്‍റെ അടുത്ത പ്രൊജക്റ്റ് ഓമന എന്ന ചിത്രം ആണ്.
ജീവിതത്തിലെ വ്യക്തിപരമായ ഒരു സന്തോഷം പങ്കുവച്ച് ബിഗ് ബോസ് മലയാളം സീസണ്‍ 5 വിജയി അഖില്‍ മാരാര്‍. എറണാകുളത്ത് ഒരു ഫ്ലാറ്റ് സ്വന്തമാക്കിയിരിക്കുന്ന വിവരമാണ് അഖില്‍ അറിയിച്ചത്. താന്‍ വാടകയ്ക്ക് താമസിച്ചുകൊണ്ടിരുന്ന കാക്കനാട്ടെ ഫ്ലാറ്റ് ആണ് വാങ്ങിയതെന്നും 3 ബിഎച്ച്കെ ഫ്ലാറ്റിന്‍റെ ഇന്‍റീരിയര്‍ വര്‍ക്ക് പുരോഗമിക്കുകയാണെന്നും അഖില്‍ പറഞ്ഞു.
“ജീവിതത്തില്‍ ഒരു സെന്‍റ് ഭൂമി സ്വന്തമായി മേടിക്കുമെന്ന് കരുതിയ ആളല്ല ഞാന്‍. മരിച്ചാല്‍ ആറടി മണ്ണ് വേണമെന്നതിനാല്‍ ഒരു സെന്‍റ് ഭൂമി സ്വന്തമാക്കാനുള്ള സാഹചര്യം ഉണ്ടാവുമ്പോള്‍ അത് ചെയ്യണമെന്നൊക്കെ മുന്‍പ് ഞാന്‍ തമാശ മട്ടില്‍ പറഞ്ഞിരുന്നു”, ഫേസ്ബുക്ക് ലൈവിലെത്തി അഖില്‍ പറഞ്ഞു. അടുത്തിടെ വാങ്ങിയ കാറിനെക്കുറിച്ചും അഖില്‍ പറഞ്ഞു. വോള്‍വോയുടെ എസ് 90 എന്ന മോഡല്‍ ആണ് അഖില്‍ മാരാര്‍ അടുത്തിടെ വാങ്ങിയത്. 2020 മോഡല്‍ വാഹനമാണ് അഖില്‍ സ്വന്തമാക്കിയത്. എക്സ് ഷോറൂം മോഡലിന് 90 ലക്ഷത്തിലേറെ വില വരുന്ന വാഹനമാണ് ഇത്.
ബിഗ് ബോസിന് ശേഷമുള്ള ജീവിതത്തെക്കുറിച്ചും പുതിയ തീരുമാനങ്ങളെക്കുറിച്ചുമൊക്കെ ഫേസ്ബുക്ക് ലൈവില്‍ അഖില്‍ വിശദീകരിച്ചു. ഉദ്ഘാടനങ്ങള്‍ക്ക് വലിയ പൈസ വാങ്ങുന്നുവെന്ന് ചിലര്‍ പരാതി പറയുന്നതായി അഖില്‍ പറഞ്ഞു. “ഒരുപാട് പരിപാടികള്‍ക്ക് പോകാന്‍ താല്‍പര്യമില്ല. എനിക്ക് ഞാനിടുന്ന ഒരു വിലയുണ്ട്. അത് തരാന്‍ ആരെയും നിര്‍ബന്ധിക്കുന്നില്ല”. ഒരുപാട് സിനിമാ പ്രോജക്റ്റുകള്‍ വരുന്നുണ്ടെന്നും അതില്‍ ഏതൊക്കെ അനൌണ്‍സ് ചെയ്യണമെന്നതിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നും അഖില്‍ പറഞ്ഞു.
പരസ്യങ്ങള്‍ ചെയ്യില്ലെന്ന് മുന്‍പ് പറഞ്ഞിട്ടുള്ളതിനെക്കുറിച്ചും അഖില്‍ വിശദീകരിച്ചു. “ബോധ്യപ്പെടാത്ത പരസ്യങ്ങള്‍ ചെയ്യില്ലെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. എനിക്ക് ബോധ്യമാകുന്ന പ്രോഡക്റ്റുകളുടെ പരസ്യങ്ങളില്‍ അഭിനയിക്കാന്‍ തടസമില്ല”, അഖില്‍ മാരാര്‍ വിശദമാക്കി.