മരിക്കുന്ന സീൻ ഷൂട്ട് ചെയ്ത് കഴിഞ്ഞാൽ ഉടനെ അത് ചെയ്യും ; സിനിമയിലെ അന്ധവിശ്വാസങ്ങളെ പറ്റിയും സംസാരിച്ചിരിക്കുകയാണ് ഐശ്വര്യ!
ചുരുങ്ങിയ സമയം കൊണ്ട് തെന്നിന്ത്യയിലാകെ ശ്രദ്ധിക്കപ്പെട്ട നടിമാരിലൊരാളാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക് ചലച്ചിത്ര മേഖലയിൽ വളരെ സജീവമാണ് ഐശ്വര്യ. തമിഴിൽ പൊന്നിയിൻ സെൽവൻ, തെലുങ്കിൽ അമ്മു എന്നീ സിനിമകളിലൂടെ നടി മറുഭാഷാ സിനിമകളിലും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചിരിക്കുകയാണ്. മലയാളത്തിൽ കുമാരിയാണ് നടിയുടെ റിലീസ് ചെയ്യാനിരിക്കുന്ന സിനിമ. ഒക്ടോബർ 28 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ഹൊറർ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമ ആണിത്. സിനിമയുടെ പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് ഐശ്വര്യ ലക്ഷ്മി.ഇപ്പോഴിതാ സിനിമാ ലോകത്തെ ചില വിശ്വാസങ്ങളെ പറ്റിയും അന്ധ വിശ്വാസങ്ങളെ പറ്റിയും സംസാരിച്ചിരിക്കുകയാണ് ഐശ്വര്യ.
ഷൂട്ടിംഗിൽ തനിക്ക് ഇഷ്ടമുള്ള ഒരു അന്ധവിശ്വാസത്തെക്കുറിച്ച് ഐശ്വര്യ സംസാരിച്ചു. നമ്മൾ മരിക്കുന്ന സീൻ ഷൂട്ട് ചെയ്ത് കഴിഞ്ഞാൽ അടുത്ത ടേക്ക് നമ്മൾ ചിരിച്ചു കൊണ്ട് എഴുന്നേൽക്കുന്നത് ആയിരിക്കണമെന്ന് ഒരു അന്ധവിശ്വാസമുണ്ട്. അത് തനിക്ക് ഭയങ്ക ഇഷ്ടമാണെന്ന് ഐശ്വര്യ പറയുന്നു.
തനിക്ക് അൽപ്പം വിശ്വാസവും അന്ധവിശ്വാസവും ഉണ്ടെന്ന് സിനിമയിൽ അഭിനയിക്കുന്ന മറ്റൊരു താരമായ നടി സ്വാസികയും നേരത്തെ പറഞ്ഞിരുന്നു. വിശ്വാസങ്ങളുടെയും അന്ധ വിശ്വാസങ്ങളുടെ കഥാ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയാണ് കുമാരി.
പൃഥിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ അവതരിപ്പിക്കുന്ന സിനിമ മാജിക് ഫ്രെയിംസ് തിയറ്ററുകളിലെത്തിക്കുന്നു. ഫസൽ ഹമീദും നിർമൽ സഹദേവും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഐശ്വര്യ ലക്ഷ്മിയെക്കൂടാതെ ഷൈൻ ടോം ചാക്കോ, സുരഭി ലക്ഷ്മി, സ്വാസിക, തൻവി, രാഹുൽ മാധവ്, ജിജു ജോൺ, സ്ഫടികം ജോർജ്, ശിവജിത് പത്മനാഭൻ, തുടങ്ങിയവർ സിനിമയിൽ അഭിനയിക്കുന്നു.
നിർമൽ സഹദേവ് ആണ് സിനിമയുടെ സംവിധാനം. പൃഥിരാജിന്റെ രണം എന്ന സിനിമയും സംവിധാനം ചെയ്തത് നിർമൽ സഹദേവ് ആയിരുന്നു. സിനിമ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.കുമാരിയുടെ സഹ നിർമാതാവ് കൂടിയാണ് ഐശ്വര്യ ലക്ഷ്മി. മലയാളത്തിൽ സിനിമകളിൽ തെരഞ്ഞെടുക്കുന്നതിൽ ഐശ്വര്യ കാണിച്ച സൂക്ഷ്മത മറുഭാഷകളിലും പിന്തുടരുന്നുണ്ടെന്ന് ആരാധകർ പറയുന്നു. മണിരത്നത്തിന്റെ വർഷങ്ങളായുള്ള സ്വപ്നമായ പൊന്നിയിൻ സെൽവനിൽ പൂങ്കുഴലി എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ നടിക്ക് അവസരം ലഭിച്ചു. തെലുങ്കിൽ ചെയ്ത അമ്മു എന്ന സിനിമ ഇതിനകം വലിയ ചർച്ചയായിട്ടുണ്ട്.
ഭർത്താവിന്റെ പീഡനത്തിനെതിരെ പ്രതികരിക്കുന്ന സ്ത്രീയുടെ കഥയാണ് അമ്മു. ആമസോൺ പ്രെെമിലാണ് സിനിമ റിലീസ് ചെയ്തത്. മലയാളത്തിൽ നിന്ന് മാല പാർവതിയും സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.