Malayalam
ദിലീപ്, സിദ്ദിഖ്, ഇപ്പോൾ ബോചെ; രാഹുൽ ഈശ്വർ എന്ന് മാറ്റി രാഹുൽ ശൈത്താൻ എന്നാക്കിയാൽ നന്നായിരിക്കും, എപ്പോഴും ചെകുത്താന്റെ വക്കാലത്ത് പിടിച്ചാണ് വാദിക്കുന്നത്; വിമർശിച്ച് അഡ്വക്കേറ്റ് ജയശങ്കർ
ദിലീപ്, സിദ്ദിഖ്, ഇപ്പോൾ ബോചെ; രാഹുൽ ഈശ്വർ എന്ന് മാറ്റി രാഹുൽ ശൈത്താൻ എന്നാക്കിയാൽ നന്നായിരിക്കും, എപ്പോഴും ചെകുത്താന്റെ വക്കാലത്ത് പിടിച്ചാണ് വാദിക്കുന്നത്; വിമർശിച്ച് അഡ്വക്കേറ്റ് ജയശങ്കർ
ഹണി റോസ്- ബോബി ചെമ്മണ്ണൂർ പ്രശ്നത്തിൽ ബോബി ചെമ്മണ്ണൂരിനെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്ന രാഹുൽ ഈശ്വറിനെ വിമർശിച്ച് അഡ്വക്കേറ്റ് ജയശങ്കർ. രാമൻപിളള വാദിച്ചിട്ട് പോലും ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹർജി മജിസ്‌ട്രേറ്റ് നിരാകരിക്കുമ്പോൾ ഈ നാട്ടിൽ ഏറ്റവും അധികം മനോവേദന അനുഭവിക്കുന്നത് രാഹുൽ ഈശ്വർ എന്ന ചിന്തകനാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട ടെലിവിഷൻ ചർച്ചകളിലൂടെയാണ് അദ്ദേഹത്തിന് വലിയ ഖ്യാതി ഉണ്ടായത്.
5 മിനുട്ട് 3 സെക്കൻഡ് എന്നൊക്കെ പറഞ്ഞ് ടെലിവിഷൻ ചാനലുകളിൽ ഓരോന്ന് അടിച്ച് വിടുന്ന ആളാണ്. വിദണ്ഡവാദത്തിൽ എന്തെങ്കിലും അവാർഡ് ഏർപ്പെടുത്തുകയാണെങ്കിൽ പുള്ളിക്ക് കൊടുക്കണം. സമീപകാലത്തായി അദ്ദേഹം സ്‌പെഷ്യലൈസ് ചെയ്തിരിക്കുന്നത് പീഡനക്കേസുകളിലാണ്. രാജ്യത്ത് എവിടെയെങ്കിലും ഏതെങ്കിലും സ്ത്രീയെ ആരെങ്കിലും പീഡിപ്പിച്ചു എന്ന് കേട്ടാൽ ഉടനെ ടിവി ചാനലുകാർ രാഹുൽ ഈശ്വരനെ വിളിക്കുന്നു.
അദ്ദേഹം പീഡന സ്‌പെഷ്യലിസ്റ്റ് ആണ്. ചാനലുകാർ വിളിക്കുമ്പോൾ അദ്ദേഹം പീഡനത്തിന് തെളിവുണ്ടോ ഇതാണോ പീഡനം എന്നൊക്കെ ചോദിച്ച് വാദിക്കാൻ തുടങ്ങും. സിനിമാ നടൻ ദിലീപിന് വേണ്ടി, അല്ലെങ്കിൽ സിദ്ദിഖിന് വേണ്ടി, അതുമല്ലെങ്കിൽ ഇപ്പോൾ ബോചെയ്ക്ക് വേണ്ടി ഓരോ ചാനലുകളിൽ പോയി വാദിക്കുന്നു. എവിടെ പീഡനമുണ്ടായാലും രാഹുൽ രംഗത്ത് വരികയും പീഡനകന് വേണ്ടി വാദിക്കുകയും ചെയ്യും. ഇയാൾ യഥാർത്ഥത്തിൽ നിരപരാധിയാണെന്നും പരാതി ഉന്നയിച്ച സ്ത്രീ മോശക്കാരിയാണ് എന്നും അങ്ങ് സ്ഥാപിക്കും.
ബോചെയ്ക്ക് എതിരെ ആരോപണം ഉന്നയിച്ച സ്ത്രീക്ക് എതിരെയും രാഹുൽ അത്തരം പരാമർശങ്ങൾ നടത്തിക്കഴിഞ്ഞു. നടി അതിന് മറുപടിയും പറഞ്ഞു. ഞാനൊരു ഈശ്വര വിശ്വാസിയല്ല. പക്ഷേ ഈശ്വരനെ നിന്ദിക്കുന്നത് ശരിയല്ല. ഈ രാഹുൽ ഈശ്വർ എന്ന ചെറുപ്പക്കാരന് പേരിട്ടത് വലിയ ഈശ്വര നിന്ദയാണ്. അയാളുടെ അച്ഛന്റെ പേര് ഈശ്വരൻ എന്നാണോ എന്നറിയില്ല. അദ്ദേഹത്തിന്റെ പേര് രാഹുൽ ശൈത്താൻ എന്നാക്കിയാൽ നന്നായിരിക്കും.
കാരണം അദ്ദേഹം എപ്പോഴും ചെകുത്താന്റെ വക്കാലത്ത് പിടിച്ചാണ് എപ്പോഴും വാദിക്കുന്നത്. ഈശ്വരനുണ്ടെങ്കിൽ അദ്ദേഹത്തിന് ആ പേരിട്ടത് സഹിക്കില്ല. ഈശ്വരന് നിരക്കാത്ത വർത്തമാനമാണ് അദ്ദേഹം പറയുന്നത്. അതുകൊണ്ട് അദ്ദേഹത്തിന്റെ പേര് ഗസറ്റിൽ കൊടുത്തിട്ട് രാഹുൽ ശൈത്താൻ എന്നാക്കണം.
അങ്ങനെ ആണെങ്കിൽ അദ്ദേഹത്തിനും അദ്ദേഹത്തെ വിളിച്ച് അഭിപ്രായം ചോദിക്കുന്ന ചാനലുകാർക്കും ചെകുത്താന്റെ എല്ലാ വിധത്തിലുളള അനുഗ്രഹവും ലഭിക്കും എന്നുളള കാര്യത്തിൽ സംശയമില്ല. അദ്ദേഹം ഇത് പരിഗണിച്ചില്ലെങ്കിലും നാട്ടുകാർ അദ്ദേഹത്തിന്റെ പേര് ഈ രീതിയിൽ പരിഷ്‌ക്കരിക്കുന്നത് വളരെ നന്നായിരിക്കും എന്നുമാണ് ജയശങ്കർ പറയുന്നത്.
അതേസമയം, ശബരിമലയ്ക്ക് പിന്നാലെ ദിലീപിന്റെ വിഷയത്തിലാണ് രാഹുൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടതെന്നാണ് സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം പറയുന്നത്. രാഹുലിനെ പോലെ തന്നെ ഇത്തരത്തിൽ പ്രതിസ്ഥാനത്തുള്ള പണക്കാർക്ക് വേണ്ടി ഇറങ്ങുന്ന വക്കീലാണ് രാമൻപിള്ളയെന്നും ചിലർ പറയുന്നു. ഏത് ക്രിമിനൽ കേസ് ഉണ്ടെങ്കിലും പ്രതിയ്ക്ക് വേണ്ടി പിള്ള വക്കീൽ ഉണ്ടാകും.
ദിലീപിനും സിദ്ദിഖിനും ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ വന്ന വെളിപ്പെടുത്തലുകളിൽ കുടുങ്ങിയ നടന്മാർക്ക് വേണ്ടി രാമൻപിള്ള ഇറങ്ങിയിട്ടുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ദിലീപിന്റെ നടി ആക്രമിക്കപ്പെട്ട കേസ് വെച്ച് തന്നെ നല്ലൊരു ഫീസ് ലഭിച്ചിട്ടുണ്ടെന്നും ആദ്യം ഇവർക്കെതിരെയാണ് ആരെങ്കിലും രംഗത്തെത്തേണ്ടതെന്നും ചിലർ വാദിക്കുന്നു.
അതേസമയം, ബോബി ചെമ്മണ്ണൂരിന്റെ ജാമ്യഹർജി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി. അതിനാൽ ചൊവ്വ വരെ ജയിലിൽ തുടരും. അടിയന്തരമായി ജാമ്യഹർജി പരിഗണിക്കേണ്ട കാര്യം എന്താണെന്ന് കോടതി ചോദിച്ചു. പൊതു ഇടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും കോടതി പറഞ്ഞു.
എന്നാൽ പരാമർശം ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ പറഞ്ഞു. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചിരുന്നു.
