നന്ദമൂരി ബാലകൃഷ്ണയുടെ സിനിമയുടെ ചിത്രീകരണത്തിനിടെ നടി ഉർവശി റൗട്ടേലയ്ക്ക് പരിക്ക്, എല്ലിന് പൊട്ടൽ; നടിയുടെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ!
മോഡലിംഗ് രംഗത്ത് നിന്നും ബോളിവുഡിൽ എത്തി ഇന്ന് നിരവധി ആരാധകരുള്ള താര സുന്ദരിയാണ് ഉർവശി റൗട്ടേല. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം പങ്കുവെയ്ക്കാറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നടിയ്ക്ക് പരിക്കേറ്റതായുള്ള വാർത്തകളാണ് പുറത്തെത്തുന്നത്.
നന്ദമൂരി ബാലകൃഷ്ണ നായകനായി എത്തുന്ന എൻബികെ109 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റതെന്നാണ് വിവരം. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം നടന്നത്. ഉടൻ തന്നെ നടിയെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ് താരം.
അപകട വിവരം ഉർവശി റൗട്ടേലയുടെ ടീം സ്ഥിരീകരിച്ചിട്ടുണ്ട്. എല്ലിന് പൊട്ടലുണ്ടെന്നും താരം ചികിത്സയിലാണെന്നും ടീം അറിയിച്ചിട്ടുണ്ട്. എത്രയും പെട്ടെന്ന് പരിക്ക് ഭേദമായി തിരിച്ചെത്തട്ടെയെന്നാണ് ആരാധകർ പറയുന്നത്.
ബാലകൃഷ്ണയെ നായകനാക്കി ബോബി കൊല്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് എൻബികെ 109. ദുൽഖർ സൽമാനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രകാശ് രാജാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിതാര എന്റർടെയ്ൻമെന്റും ശ്രീകര സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
അതേസമയം അടുത്തിടെ താൻ തന്റെ രാഷ്ട്രീയജീവിതം ആരംഭിക്കുന്നതായി ഉർവശി റൗട്ടേല വെളിപ്പെടുത്തിയിരുന്നു. താൻ ആരംഭിച്ച ഫൗണ്ടേഷൻ വഴി രാജ്യത്ത് മാറ്റങ്ങൾ കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ ഇതിനോടകം ആരംഭിച്ചെന്നും ഒരവസരം ലഭിച്ചാൽ രാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കുമെന്നും ഉർവശി റൗട്ടേല വ്യക്തമാക്കിയിരുന്നു.
ഏതുപാർട്ടിയേയാണ് തിരഞ്ഞെടുപ്പിൽ പ്രതിനിധീകരിക്കുക എന്ന ചോദ്യത്തിന് കൂടുതൽ വെളിപ്പെടുത്താനാകില്ല, ഒരു ടിക്കറ്റ് കിട്ടിയിട്ടുണ്ടെന്ന് മാത്രമായിരുന്നു നടിയുടെ ഉത്തരം. എനിക്ക് ടിക്കറ്റ് കിട്ടിക്കഴിഞ്ഞു.
ഇനി രാഷ്ട്രീയത്തിൽ ഇറങ്ങണോ വേണ്ടയോ എന്ന് തീരുമാനിക്കണം. ഞാൻ രാഷ്ട്രീയത്തിലേക്ക് പോകുമോ ഇല്ലയോ എന്ന് എനിക്കറിയില്ല, പക്ഷേ ആരാധകരുടെ പ്രതികരണമറിയാൻ ഞാൻ ആഗ്രഹിക്കുന്നുവെന്നും നടി പറഞ്ഞിരുന്നു.
