Connect with us

ഷൂട്ട് തുടങ്ങുന്നതിന് തലേ ദിവസം സരിത സിനിമയിൽ നിന്നും പിന്മാറി, അഡ്വാൻസായി കൊടുത്ത തുക പോലും തിരിച്ച് തന്നില്ല; തന്റെ അച്ഛനോട് കാണിച്ചതിനെ കുറിച്ച് നിർമാതാവ്

Actress

ഷൂട്ട് തുടങ്ങുന്നതിന് തലേ ദിവസം സരിത സിനിമയിൽ നിന്നും പിന്മാറി, അഡ്വാൻസായി കൊടുത്ത തുക പോലും തിരിച്ച് തന്നില്ല; തന്റെ അച്ഛനോട് കാണിച്ചതിനെ കുറിച്ച് നിർമാതാവ്

ഷൂട്ട് തുടങ്ങുന്നതിന് തലേ ദിവസം സരിത സിനിമയിൽ നിന്നും പിന്മാറി, അഡ്വാൻസായി കൊടുത്ത തുക പോലും തിരിച്ച് തന്നില്ല; തന്റെ അച്ഛനോട് കാണിച്ചതിനെ കുറിച്ച് നിർമാതാവ്

ഒരുകാലത്ത് തെന്നിന്ത്യയിലെ തിരക്കേറിയ നായികയായിരുന്നു സരിത. മലയാളത്തിലും കന്നയിലും ശ്രദ്ധേയ വേഷങ്ങൾ സരിതയ്ക്ക് ലഭിച്ചിട്ടുണ്ട്. അതുവരെ കണ്ട് വന്ന നായികാ സങ്കൽപ്പങ്ങൾക്ക് പുറത്ത് നിന്ന നടിയായിരുന്നു സരിത. കാതോടു കാതോരം, കുട്ടേട്ടൻ, സംഘം തുടങ്ങിയ ഒരുപിടി സിനിമകളിലൂടെ മലയാളികളുടെയും ഹൃദയം കീഴടക്കിയിട്ടുണ്ട് സരിത. ജന്മം കൊണ്ട് ആന്ധ്രാ സ്വദേശിനിയാണെങ്കിലും, തമിഴ്, കന്നഡ, മലയാളം ഭാഷകളിലെല്ലാം ഒരുപോലെ തിളങ്ങാനും തന്റേതായ ഇടം കണ്ടെത്താനും സരിതയ്ക്ക് സാധിച്ചിരുന്നു.

ഇപ്പോഴിതാ തന്റെ പിതാവും സംവിധായകനും നിർമാതാവുമായ എം.ഭാസ്കറിന് സരിതയിൽ നിന്നും ഉണ്ടായ മോശം അനുഭവം വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാവ് ബാലാജി പ്രഭു. അടുത്തിടെ ഒരു യുട്യൂബ് ചാനലിന് നൽ‌കിയ അഭിമുഖത്തിലാണ് ദണ്ഡിക്കപ്പെട്ട ന്യായങ്ങൾ എന്ന സിനിമയിൽ നിന്നും സരിത പിന്മാറിയതിനുള്ള കാരണങ്ങളെ കുറിച്ച് ബാലാജി പ്രഭു വെളിപ്പെടുത്തിയത്.

ഷൂട്ടിങ് ആരംഭിക്കുന്നതിന് തലേദിവസം വിളിച്ചാണ് സരിത സിനിമയിൽ നിന്നും പിന്മാറിയതെന്നും അഡ്വാൻസായി കൊടുത്ത പണവും തിരികെ തന്നില്ലെന്നും നിർമാതാവ് പറയുന്നു. എല്ലാവർക്കും ചെയ്യാൻ പറ്റുന്ന കഥാപാത്രമായിരുന്നില്ല ദണ്ഡിക്കപ്പെട്ട ന്യായങ്ങൾ എന്ന സിനിമയിലേത്. അതുകൊണ്ടാണ് സരിതയെ സമീപിച്ചത്. മാത്രമല്ല ദേശീയ പുരസ്കാരം അടക്കം വാങ്ങിയ നല്ല നടിയുമായിരുന്നു അവർ.

അങ്ങനെ അച്ഛൻ സരിതയെ സമീപിച്ചു. അവർ ഒരു ലക്ഷം രൂപ പ്രതിഫലമായി ചോദിച്ചു. അതും അച്ഛൻ സമ്മതിച്ചു. ഒരുപാട് സിനിമകളിൽ സരിത ആ സമയത്ത് അഭിനയിക്കുന്നുണ്ട്. അങ്ങനെ അഭിനയിക്കാമെന്ന് സമ്മതിച്ചപ്പോൾ 25000 രൂപ അഡ്വാൻസായി നൽകി. ചെക്കിൽ അടക്കം ഒപ്പിട്ട് എഗ്രിമെന്റും എഴുതി വാങ്ങി. മൈസൂരിലായിരുന്നു ആദ്യ ദിവസത്തെ ഷൂട്ടിങ്. അതുകൊണ്ട് അച്ഛൻ അതിനാവശ്യമായ എല്ലാ സജ്ജീകരണങ്ങളും ചെയ്തിരുന്നു.

ഷൂട്ടിന് തലേദിവസം രാവിലെ സരിതയുടെ മാനേജരുടെ പക്കൽ നിന്നും കോൾ വന്നു. ബാലചന്ദർ സാറിന്റെ അഗ്നിസാക്ഷി എന്ന പടത്തിൽ സരിത അഭിനയിക്കുകയാണെന്നും ഷൂട്ട് തീരാത്തതിനാൽ നാളെ വരാൻ സാധിക്കില്ലെന്നും ഒരു ആഴ്ച കഴിഞ്ഞ് വരട്ടേയെന്നും ചോദിച്ചുള്ളതായിരുന്നു കോൾ. ബാലിശമായി സംസാരിക്കരുതെന്നും ഷൂട്ടിന് വേണ്ട എല്ലാ കാര്യങ്ങളും ഇതിനോടകം ചെയ്ത് കഴിഞ്ഞുവെന്നും ഇനി അത് മുടങ്ങിയാൽ നിർ‌മാതാവിനുണ്ടാകാൻ പോകുന്ന നഷ്ടം നിങ്ങൾക്ക് അറിയില്ലേയെന്നും അച്ഛൻ തിരിച്ച് ചോദിച്ചു.

അപ്പോഴും നാളെ വരാൻ കഴിയില്ലെന്നും ഒരാഴ്ച കഴിഞ്ഞ് മാത്രമെ വരാൻ കഴിയൂവെന്നുമായിരുന്നു സരിതയുടെ മറുപടി. തന്നെ സിനിമയിൽ ഇൻട്രൊഡ്യൂസ് ചെയ്ത സംവിധായകനാണ് ബാലചന്ദറെന്നും അതിനാൽ അദ്ദേഹത്തെ എതിത്ത് വരാൻ കഴിയില്ലെന്നും സരിത ഉറപ്പിച്ച് പറഞ്ഞു. എഗ്രിമെന്റിനെ കുറിച്ച് പറഞ്ഞിട്ടും വരാൻ കൂട്ടാക്കിയില്ല. തർക്കം വലിയ വഴക്കിലേക്ക് മാറേണ്ടെന്ന് കരുതി അഡ്വാൻസ് തിരികെ തരാൻ അച്ഛൻ ആവശ്യപ്പെട്ടു. എന്നാൽ പണം തിരികെ തരാൻ കഴിയില്ലെന്നായിരുന്നു സരിതയുടെ മറുപടി.

ഒരാഴ്ച കഴിഞ്ഞ് വന്ന് ഞാൻ അഭിനയിക്കാം അതുകൊണ്ട് അഡ്വാൻസ് തിരികെ തരില്ലെന്നും സരിത പറഞ്ഞു. പുതിയ നായികയെ ബുക്ക് ചെയ്യാൻ പണം ആവശ്യമാണെന്നും ഉടനടി അഡ്വാൻസ് തിരികെ തരണമെന്നും അച്ഛൻ പറഞ്ഞപ്പോൾ വാങ്ങിയ അഡ്വാൻസ് തിരികെ കൊടുക്കരുത് എന്നതാണ് തന്റെ പോളിസിയെന്ന് നടി പറഞ്ഞു. കോൾ കട്ടായതും അച്ഛൻ പ്രെസ്മീറ്റ് വിളിച്ചു. സരിത ചെയ്തതെല്ലാം തുറന്ന് പറഞ്ഞു. പിന്നീടാണ് ശിവകുമാർ സാറിന്റെ നിർദേശപ്രകാരം ലക്ഷ്മി മാഡത്തെ കാസ്റ്റ് ചെയ്യുന്നത് എന്നാണ് ബാലാജി പ്രഭു പറഞ്ഞത്.

അതേസമയം, അടുത്തിടെ സരിതയുടെ മേക്ക് ഓവർ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. ഭാരം കുറച്ച് കൂടുതൽ സുന്ദരിയായാണ് താരത്തെ പുതിയ ചിത്രത്തിൽ കാണാനാകുന്നത്. മകനും ഡോക്ടറുമായ ശ്രാവൺ മുകേഷ് ആണ് അമ്മയ്‌ക്കൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. സുമതി വളവ് എന്ന ചിത്രത്തിന്റെ ലോക്കേഷനിൽ നിന്നുള്ള ചിത്രമാണ് ശ്രാവൺ മുകേഷ് പങ്കുവച്ചിരുന്നത്.

More in Actress

Trending

Recent

To Top