Malayalam
ഏക മകളുടെ മരണം ഉള്‍കൊള്ളാനാവാതെ അമ്മ; പ്രിയയുടെ കുഞ്ഞിന്റെ ഇപ്പോഴത്തെ അവസ്ഥ
ഏക മകളുടെ മരണം ഉള്‍കൊള്ളാനാവാതെ അമ്മ; പ്രിയയുടെ കുഞ്ഞിന്റെ ഇപ്പോഴത്തെ അവസ്ഥ
തുടരെത്തുടരെ മലയാള സീരിയല്‍ ലോകത്ത് നിന്നും വേര്‍പാട് വാര്‍ത്തകള്‍ പുറത്തെത്തുമ്പോള്‍ വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് സഹപ്രവര്‍ത്തകര്‍. തലേന്ന് വരെ തങ്ങള്‍ക്കൊപ്പം ജോലി ചെയ്‌തൊരാള്‍ പിറ്റേന്ന് മുതല്‍ ഈ ലോകത്ത് ഇല്ല എന്ന വിശ്വസിക്കാന്‍ ഏറെ ബുദ്ധിമുട്ടാണ്. ഏവര്‍ക്കും പ്രിയങ്കരിയായിരുന്നു രഞ്ജുഷ മേനോന്റെ വിയോഗ വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു സീരിയല്‍ ലോകത്തെ കണ്ണിരിലാഴ്ത്തി നടി ഡോ. പ്രിയ വിടവാങ്ങിയത്.
തിരുവനന്തപുരം പിആര്‍സ് ആശുപത്രിയിലെ ഡോക്ടര്‍ കൂടിയായ പ്രിയ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെടുന്നത്. എട്ട് മാസം ഗര്‍ഭിണിയായിരിക്കെയാണ് പ്രിയയുടെ മരണം എന്നതും ആ വേര്‍പാട് നല്‍കുന്ന വേദനയുടെ ആഴം കൂട്ടുന്നുണ്ട്. ചെറുപ്പത്തില്‍ തന്നെ അഭിനയത്തിലേയ്ക്ക് വന്ന താരമാണ് പ്രിയ. പിന്നീട് പഠനത്തിനും വിവാഹത്തിനുമൊക്കെയായി സീരിയലുകളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഈയ്യടുത്താണ് പ്രിയ അഭിനയത്തിലേക്ക് തിരികെ വരുന്നത്. ഇതിനിടെയാണ് താരം മരണപ്പെടുന്നത്.
പ്രിയയുടെ മരണം പ്രിയപ്പെട്ടവരേയും സീരിയല്‍ ലോകത്തേയും ഞെട്ടിച്ചിരിക്കുകയാണ്. ചൈനയില്‍ നിന്നും മികച്ച മാര്‍ക്കോടെ എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയാണ് പ്രിയ ഡോക്ടറാകുന്നത്. പിന്നാലെ വിവാഹിതയാവുകയും ചെയ്തു. ഈ സമയത്ത് താരം അഭിനയത്തില്‍ നിന്നും ഇടവേളയെടുത്തിരുന്നു. പിന്നീട് തിരികെയെത്തുകയും ചെയ്തു. തന്റെ ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയായിരുന്നു പ്രിയ.
ജോലി ചെയ്തിരുന്ന അതേ ആശുപത്രിയിലാണ് പ്രിയയെ ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയില്‍ പ്രവേശിപ്പിക്കുന്നത്. പിന്നാലെ പ്രിയയുടെ ആരോഗ്യ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയും ചെയ്തു. ഇതിനിടെ സി സെക്ഷനിലൂടെ കുഞ്ഞിനെ പുറത്തെടുത്തിരുന്നു. കുഞ്ഞ് വെന്റിലേറ്ററിലാണുള്ളത്. ഏക മകളുടെ മരണത്തിന്റെ വേദനയും പേറി പേരക്കുട്ടിയ്ക്കു വേണ്ടി പ്രാര്‍ത്ഥനയോടെ കാവലിരിക്കുകയാണ് പ്രിയയുടെ അമ്മ.
പ്രിയയുടെ മരണത്തെക്കുറിച്ച് നടന്‍ കിഷോര്‍ സത്യ പങ്കുവച്ച കുറിപ്പ് കഴിഞ്ഞ ദിവസം വൈറലായി മാറിയിരുന്നു. ”മലയാള ടെലിവിഷന്‍ മേഖലയില്‍ നൊമ്പരപെടുത്തുന്ന ഒരു അപ്രതീക്ഷിത മരണം കൂടി. ഡോക്ടര്‍ പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗര്‍ഭിണി ആയിരുന്നു. കുഞ്ഞ് ഐസിയുവി ലാണ്. മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയതാണ്. അവിടെവച്ച് പെട്ടന്ന് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു”.
ഏക മകളുടെ മരണം ഉള്‍കൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്‌നേഹ കൂട്ടാളിയായി നിന്ന ഭര്‍ത്താവിന്റെ വേദന.. ഇന്നലെ രാത്രിയില്‍ ആശുപത്രിയില്‍ ചെല്ലുമ്പോള്‍ കാണുന്ന കാഴ്ച മനസ്സില്‍ സങ്കട മഴയായി. എന്ത് പറഞ്ഞ് അവരെ അശ്വസിപ്പിക്കും. വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി. മനസ് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ എന്നും കിഷോര്‍ സത്യ കുറിക്കുന്നുണ്ട്.
രഞ്ജുഷയുടെ മരണ വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുന്‍പ് അടുത്ത ഒന്നുകൂടി. 35 വയസ് മാത്രമുള്ള ഒരാള്‍ ഈ ലോകത്തുനിന്ന് പോകുമ്പോള്‍ ആദരാജ്ഞലികള്‍ എന്ന് പറയാന്‍ മനസ് അനുവദിക്കുന്നില്ല. ഈ തകര്‍ച്ചയില്‍ നിന്നും പ്രിയയുടെ ഭര്‍ത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും. അറിയില്ല. അവരുടെ മനസുകള്‍ക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ എന്നു പറഞ്ഞാണ് കിഷോര്‍ സത്യ കുറിപ്പ് അവസാനിപ്പിക്കുന്നത്.
അതിനിടെ രഞ്ജുഷയുടെ വീട് സന്ദര്‍ശിച്ച് മടങ്ങവേ നടിയായ ബീനാ ആന്റണിയും, ഭര്‍ത്താവ് മനോജും പറഞ്ഞ കാര്യം ശ്രദ്ധനേടുകയാണ്. ‘നമ്മള്‍ പറഞ്ഞതൊക്കെ വളച്ചൊടിച്ചും മറ്റുമാണ് പലരും പോസ്റ്റ് ചെയ്യുന്നത്. രഞ്ജുഷ അവളുടെ മകളെ ഓര്‍ത്തില്ലല്ലോ എന്ന് മാത്രമാണ് ഞാന്‍ പറഞ്ഞത്. അതൊരു സങ്കടത്തോടെയാണ് ഞാന്‍ പറയുന്നത്. മറ്റൊന്നും പറയാന്‍ ഞാന്‍ ആളല്ല. നമുക്കിപ്പോള്‍ ഓരോ ദിവസവും ഓരോ ഞെട്ടലാണ്. ഇപ്പോഴിതാ ഡോ.പ്രിയങ്ക. ഞങ്ങളുടെ കൂടെ വര്‍ക്ക് ചെയ്തിട്ടുള്ള കുട്ടിയാണ്. ആദിത്യന്‍ സാറ് പോയി, അപര്‍ണ്ണ പോയി. ഇപ്പോള്‍ ആകെ ഒരു ഷോക്കിലാണുള്ളത്. എന്തെങ്കിലും പറഞ്ഞാല്‍ അത് ആളുകള്‍ വേറെ രീതിയിലാണ് എടുക്കുന്നത്. സങ്കടം മാത്രമേയുള്ളു’ എന്നും ബീന ആന്റണി പറയുന്നു.
തിരുവനന്തപുരത്തെ ഫ്‌ലാറ്റിലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു രഞ്ജുഷയുടെ മരണം. ഷൂട്ടിംഗ് സെറ്റിലെത്തേണ്ടിയിരുന്ന രഞ്ജുഷ ഒമ്പതര കഴിഞ്ഞിട്ടും എത്താതെ വന്നതോടെ നടത്തിയ അന്വേഷണത്തിലാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ഫോണ്‍ വിളിച്ചിട്ട് എടുക്കാതെ വന്നതോടെ രഞ്ജുഷയെ തേടി പങ്കാളി മനോജ് ഫ്‌ലാറ്റിലെത്തിയപ്പോഴാണ് രഞ്ജുഷയെ തൂങ്ങിയ നിലയില്‍ കണ്ടെത്തുന്നത്. ഉടനെ താഴെയിറക്കിയെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. താരത്തിന്റെ മരണ വാര്‍ത്ത സീരിയല്‍ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. വര്‍ഷങ്ങളായി ടെലിവിഷന്‍ രംഗത്ത് സജീവമായിരുന്നു രഞ്ജുഷ. നടിയ്ക്ക് ഇന്‍ഡസ്ട്രിയില്‍ ധാരാളം സുഹൃത്തുക്കളുമുണ്ടായിരുന്നു.