Social Media
ഭര്‍ത്താവ് എന്നെ ഒരടി അടിച്ചാല്‍ ഞാനും തിരിച്ചടിക്കും, മകന്‍ ജനിച്ച് രണ്ടാമത്തെ മാസം ഞാന്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചു, ഒടുക്കം വേര്‍പിരിയാന്‍ തീരുമാനിച്ചു; നടി കൃതിക
ഭര്‍ത്താവ് എന്നെ ഒരടി അടിച്ചാല്‍ ഞാനും തിരിച്ചടിക്കും, മകന്‍ ജനിച്ച് രണ്ടാമത്തെ മാസം ഞാന്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചു, ഒടുക്കം വേര്‍പിരിയാന്‍ തീരുമാനിച്ചു; നടി കൃതിക
തമിഴ് സിനിമാ, സീരിയല്‍രംഗത്ത് സജീവമാണ് നടി കൃതിക. ഇപ്പോഴിതാ വിവാഹമോചനത്തെക്കുറിച്ചും മുന്‍ ഭര്‍ത്താവില്‍ നിന്നുണ്ടായ ഉപദ്രങ്ങളെക്കുറിച്ചും കൃതിക തുറന്നു പറയുന്നതാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. വിവാഹ ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങളുണ്ടായെന്ന് കൃതിക പറയുന്നു. ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
നമ്മുടെ വിധിയാണ്. അത് പോലെയേ നടക്കൂ. സിനിമയിലേക്ക് പോയാല്‍ ട്രാക്ക് മാറും എന്ന് പറഞ്ഞ് അമ്മ വിവാഹം നടത്തി. 25 വയസായിരുന്നു. അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു. അഭിനയിക്കുന്നതിലൊന്നും അദ്ദേഹത്തിന് കുഴപ്പമില്ലായിരുന്നു. ഗര്‍ഭിണിയായ സമയത്ത് മുന്താണി മുടിച്ച് എന്ന സീരിയല്‍ ചെയ്തു. 9 മാസം വരെയും ഞാന്‍ അഭിനയിച്ചു. ഡെലിവറിക്ക് ശേഷം മൂന്ന് മാസമെങ്കിലും എനിക്ക് ഇടവേള വേണ്ടി വന്നു. അതിനെല്ലാമപ്പുറം എനിക്കും അദ്ദേഹത്തിനുമിടയില്‍ വ്യക്തിപരമായ ചില പ്രശ്‌നങ്ങള്‍ നടന്നു. കുടുംബത്തിലെ ചില വിഷയങ്ങള്‍ പ്രശ്‌നങ്ങളായി.
എല്ലാവര്‍ക്കും അവരുടെ അമ്മ പ്രിയപ്പെട്ട ആളാണ്. അമ്മയെക്കുറിച്ച് മോശം പറഞ്ഞാലോ നിന്നെ അമ്മ വളര്‍ത്തിയത് ശരിയായില്ലെന്ന് പറഞ്ഞാലോ ആര്‍ക്കായാലും ദേഷ്യം വരും. ഇത്തരം ചില വിഷയങ്ങളുണ്ടായി. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നം വന്നു. എന്റെ അമ്മ സിംഗിള്‍ മദറാണ്. അച്ഛനുണ്ടെങ്കിലും അവര്‍ പിരിഞ്ഞതാണ്. അമ്മയെ പോലെ തന്നെ മകളും എന്ന് ആരെക്കൊണ്ടും പറയിപ്പിക്കരുത് എന്നുണ്ടായിരുന്നു. അതിനാല്‍ ഞങ്ങള്‍ക്കിടയില്‍ എന്ത് പ്രശ്‌നം വന്നാലും അമ്മയോട് പറയില്ലായിരുന്നു.
അമ്മയ്ക്ക് എന്നെ വലിയ കാര്യമാണ്. എന്നെ വഴക്ക് പറയുന്നെന്ന് അമ്മയറിഞ്ഞാല്‍ അതൊരിക്കലും അംഗീകരിക്കില്ല. മുന്നില്‍ നിന്ന് വഴക്കിടുക അമ്മയായിരിക്കും. ഭര്‍ത്താവുമായി ഒരുപാട് പ്രശ്‌നങ്ങള്‍ വന്നു. അടിയായാലും അമ്മയില്‍ നിന്ന് മറച്ച് വെക്കും. ഭര്‍ത്താവ് ശാരീരികമായി തന്നെ ഉപദ്രവിച്ചിട്ടുണ്ടെന്നും കൃതിക തുറന്ന് പറഞ്ഞു. ഞാനും വെറുതെയിരിക്കില്ല. അദ്ദേഹം എന്നെ ഒരടി അടിച്ചാല്‍ ഞാനും തിരിച്ചടിക്കും. പക്ഷെ അത് കൊതുക് കടി പോലെയായിരിക്കും അദ്ദേഹത്തിന്. നല്ല ഉയരമുള്ള സുമുഖനായിരുന്നു മുന്‍ ഭര്‍ത്താവെന്നും കൃതിക പറയുന്നു.
സഹികെട്ടപ്പോള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചതിനെക്കുറിച്ചും കൃതി സംസാരിച്ചു. വീട്ടില്‍ പോയി ഇക്കാര്യം പറഞ്ഞു. അമ്മയ്ക്ക് ഷോക്ക് ആയി. കാരണം അവര്‍ക്ക് ഇതൊന്നും അറിയില്ലായിരുന്നു. എന്റെ ശത്രുക്കള്‍ക്ക് പോലും ഇങ്ങനൊയൊന്നും സംഭവിക്കാന്‍ പാടില്ല. കോടതിയില്‍ പോയി നില്‍ക്കണം. ആര്‍ട്ടിസ്റ്റ് ആയതിനാല്‍ ആളുകള്‍ തിരിച്ചറിയും. എന്താണ് ഇവിടെയെന്ന് ചിലര്‍ ചോദിക്കും. അന്ന് അതൊക്കെ കഷ്ടമായിരുന്നു. എന്നാല്‍ ഇപ്പോള്‍ താനതെല്ലാം താണ്ടി മുന്നോട്ട് നീങ്ങിയെന്നും കൃതിക വ്യക്തമാക്കി.
സീരിയല്‍ ആര്‍ട്ടിസ്റ്റുകള്‍ക്കൊന്നും വിവാഹം ജീവിതം ശരിയാവില്ലെന്ന് കമന്റുകള്‍ വന്നിരുന്നു. സീരിയല്‍ താരങ്ങള്‍ക്ക് മാത്രമാണോ വിവാഹമോചനം നടക്കുന്നതെന്നും കൃതിക ചോദിക്കുന്നു. വിവാഹജീവിതത്തിലെ പ്രശ്‌നങ്ങള്‍ കാരണം താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെക്കുറിച്ചും കൃതിക സംസാരിച്ചു. മകന്‍ ജനിച്ച് രണ്ടാമത്തെ മാസം ഞാന്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചു. പത്ത് ദിവസം ഐസിയുവിലായിരുന്നു.
അന്ന് പത്രത്തിലൊക്കെ വന്നിട്ടുണ്ട്. എന്റെ യഥാര്‍ത്ഥ പേര് ഉമ മഹേശ്വരി എന്നാണ്. ആ പേരിലാണ് പത്ര വാര്‍ത്ത വന്നത്. ഒരുപാട് പേര്‍ക്ക് മനസിലായില്ലെന്നും കൃതിക ചൂണ്ടിക്കാട്ടി. മുമ്പൊരു അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ വശം കൂടി കേട്ടാല്‍ ആരുടെ ഭാഗത്താണ് തെറ്റെന്ന് മനസിലാകുമെന്ന് കമന്റുകള്‍ വന്നു. ഞാന്‍ ആരെയും കുറ്റപ്പെടുത്തിയതല്ലെന്നും കൃതിക വ്യക്തമാക്കി.
