Actress
‘നിന്നെ കണ്ടുമുട്ടുക എന്നത് വിധിയായിരുന്നു’, ഭാവി വരനെ പരിചയപ്പെടുത്തി നടി കാര്‍ത്തിക നായര്‍
‘നിന്നെ കണ്ടുമുട്ടുക എന്നത് വിധിയായിരുന്നു’, ഭാവി വരനെ പരിചയപ്പെടുത്തി നടി കാര്‍ത്തിക നായര്‍
ഒരുപിടി ശ്രദ്ധേയ സിനിമകളിലൂടെ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നടിയാണ് കാര്‍ത്തിക നായര്‍. തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയായ രാധയുടെ മകളാണ് കാര്‍ത്തിക. മലയാളി ആണെങ്കിലും തമിഴ്, തെലുങ്ക് സിനിമകളിലാണ് രാധ കൂടുതല്‍ തിളങ്ങിയത്. മലയാളം, കന്നഡ, തമിഴ് ഒരുപിടി ശ്രദ്ധേയ സിനിമകളുടെ ഭാഗമാകാനും രാധയ്ക്ക് സാധിച്ചിരുന്നു. അമ്മയുടെ പാത പിന്തുടര്‍ന്നെത്തിയ കാര്‍ത്തികയും മലയാളം അടക്കമുള്ള എല്ലാ ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് കാര്‍ത്തിക. അതിനിടെ ജീവിതത്തിലെ പുതിയൊരു ഘട്ടത്തിലേക്കും കടക്കുകയാണ് നടി. അടുത്തിടെയാണ് തന്റെ വിവാഹനിശ്ചയം കഴിഞ്ഞതായി കാര്‍ത്തിക ആരാധകരെ അറിയിച്ചത്. സോഷ്യല്‍ മീഡിയയില്‍ മോതിരമണിഞ്ഞുള്ള ചിത്രം പങ്കുവെച്ചു കൊണ്ടാണ് താരം സന്തോഷം പങ്കുവെച്ചത്. പിന്നാലെ അമ്മ രാധയും വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് എത്തുകയുണ്ടായി.
വികാരനിര്‍ഭരമായ ഒരു കുറിപ്പിനൊപ്പമായിരുന്നു രാധ ചിത്രങ്ങള്‍ പങ്കുവെച്ചത്. ‘ഞങ്ങളുടെ മകളെ പുതിയൊരു കുടുംബത്തിലേക്ക് ഉടന്‍ നല്‍കുന്നു എന്ന അഭിമാനം എത്രത്തോളമാണെന്ന് എനിക്ക് പറയാന്‍ പറ്റുന്നില്ല. സന്തോഷവും വിജയകരവുമായ ദാമ്പത്യം നല്‍കി ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. നിനക്ക് വേണ്ടി ഈ മനോഹരമായ കുടുംബം തിരഞ്ഞെടുക്കാന്‍ പറ്റിയതില്‍ എന്നെ ഭാഗ്യവതിയെന്ന് വിളിക്കാന്‍ പറ്റുന്നില്ല. രണ്ട് കുടുംബങ്ങളും ഒന്നിക്കുന്നതാണ് വിവാഹം എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
എന്റെ മനസ്സില്‍ ഇപ്പോള്‍ സമ്മിശ്രമായ ഒരുപാട് വികാരങ്ങളാണുള്ളത്. എന്നാല്‍ ഏറ്റവും വലിയ വൈബ്രേഷന്‍ നിന്റെ സ്‌നേഹവും സന്തോഷവുമാണ്. ഏതൊരു അമ്മയ്ക്കും ആഗ്രഹിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല മകളാണ് നീ കാര്‍ത്തൂ. ഇരുകുടുംബങ്ങള്‍ക്കുമുള്ള ഏറ്റവും നല്ല സമ്മാനമാണ് നീ. നീ എനിക്ക് നല്‍കിയ ഈ അത്ഭുമായ അനുഭവത്തിന് നന്ദി,’ എന്നായിരുന്നു രാധ കുറിച്ചത്. നിരവധി പേരാണ് കാര്‍ത്തികയുടെയും രാധയുടെയും പോസ്റ്റിന് താഴെ ആശംസകളുമായി എത്തിയത്.
ആശംസകള്‍ അറിയിച്ച് എത്തിയവര്‍ക്ക് അറിയേണ്ടതും ഒരേ കാര്യമായിരുന്നു. ആരാണ് വരന്‍ എന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചെങ്കിലും രാധയോ കാര്‍ത്തികയോ വരന്റെ ചിത്രങ്ങളോ മറ്റു വിവരങ്ങളോ പങ്കുവെച്ചിരുന്നില്ല. ഇപ്പോഴിതാ വരനെ ആരാധകര്‍ക്ക് പരിചയപ്പെടുത്തിയിരിക്കുകയാണ് കാര്‍ത്തിക. സോഷ്യല്‍ മീഡിയയില്‍ വരന്റെ മുഖം കാണുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം.
‘നിന്നെ കണ്ടുമുട്ടുക എന്നത് വിധിയായിരുന്നു… നിയുമായി പ്രണയത്തിലായത് കേവലം മായാജാലമായിരുന്നു. നമ്മുടെ കൗണ്ട്ഡൗണ്‍ ആരംഭിക്കുന്നു’ എന്ന ക്യാപ്ഷ്യനോടെയാണ് ഭാവി വരന്റെ മുഖം കാണുന്ന ചിത്രങ്ങള്‍ നടി പങ്കിട്ടത്. രോഹിത് മേനോന്‍ എന്നാണ് കാര്‍ത്തികയുടെ ഭാവി വരന്റെ പേര്. എന്നാല്‍ രോഹിത് ആരാണെന്നോ, എന്താണെന്നോ ഉള്ള വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. രോഹിത്തിന്റെ ഇന്‍സ്റ്റഗ്രാം പേജ് കാര്‍ത്തിക കൊളാബ് ചെയ്തിട്ടുണ്ടെങ്കിലും ആ അക്കൗണ്ട് െ്രെപവറ്റാണ്. അതിനാല്‍ തന്നെ രോഹിത്തിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അറിയാന്‍ ആരാധകര്‍ക്ക് കഴിഞ്ഞിട്ടില്ല.
പോസ്റ്റിന് താഴെ നിരവധി പേരാണ് രണ്ടുപേര്‍ക്കും ആശംസകള്‍ നേര്‍ന്ന് എത്തുന്നത്. ആരാണ് ഈ രാജകുമാരന്‍, രണ്ട് പേരും നല്ല ജോഡിയാണ്, ഒരുപാട് നാള്‍ സന്തോമായി ജീവിക്കട്ടെ, ഇരുവര്‍ക്കും അഡ്വാന്‍സ് വിഷസ് നേരുന്നു. എന്നിങ്ങനെ നിരവധി പേരാണ് കമന്റുകള്‍ രേഖപ്പെടുത്തുന്നത്.
2009ല്‍ ജോഷ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് കാര്‍ത്തികയുടെ സിനിമ അരങ്ങേറ്റം. എന്നാല്‍ 2011ല്‍ പുറത്തിറങ്ങിയ കോ എന്ന തമിഴ് ചിത്രത്തിലൂടെയാണ് കാര്‍ത്തിക ശ്രദ്ധിക്കപ്പെടുന്നത്. ജീവയും അജ്മല്‍ അമീറും പ്രധാന വേഷത്തില്‍ എത്തിയ ചിത്രം മലയാളത്തിലടക്കം ശ്രദ്ധനേടിയിരുന്നു. ഇതിനു പിന്നാലെ മകരമഞ്ഞ് എന്ന സിനിമയിലൂടെ കാര്‍ത്തിക മലയാളത്തിലേക്കും എത്തി. എന്നാല്‍ രണ്ടാമത് അഭിനയിച്ച കമ്മത്ത് ആന്‍ഡ് കമ്മത്തിലൂടെയാണ് കാര്‍ത്തിക മലയാളികള്‍ക്ക് പ്രിയങ്കരിയാകുന്നത്.
മമ്മൂട്ടിയും ദിലീപും പ്രധാന വേഷങ്ങളില്‍ എത്തിയ ചിത്രത്തില്‍ ദിലീപിന്റെ നായികയുടെ വേഷമായിരുന്നു കാര്‍ത്തികയ്ക്ക്. പിന്നീട് ബാക്ക്പാക്കേഴ്‌സ് എന്ന സിനിമയിലാണ് കാര്‍ത്തിക അഭിനയിച്ചത്. എന്നാല്‍ കഴിഞ്ഞ കുറച്ചുകാലങ്ങളായി സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് നടി. അച്ഛനൊപ്പം ബിസിനസും മറ്റുമായി തിരക്കിലാണ് താരം. രാജശേഖരന്‍ നായരാണ് കാര്‍ത്തികയുടെ അച്ഛന്‍. അതേസമയം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം കാര്‍ത്തിക സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കാറുണ്ട്.
