Malayalam
വിമാനയാത്രയ്ക്കിടെ യുവനടിയോട് മോശമായി പെരുമാറിയ സംഭവം; പ്രതി ഒളിവിലെന്ന് പോലീസ്
വിമാനയാത്രയ്ക്കിടെ യുവനടിയോട് മോശമായി പെരുമാറിയ സംഭവം; പ്രതി ഒളിവിലെന്ന് പോലീസ്
കഴിഞ്ഞ ദിവസമായിരുന്നു വിമാനയാത്രയ്ക്കിടെ യുവനടിയോട് മോശമായി പെരുമാറിയെന്ന വാര്‍ത്ത പുറത്തെത്തിയത്. ഇത് സംബന്ധിച്ച് നടി പോലീസില്‍ കേസും നല്‍കിയിരുന്നു. ഇപ്പോഴിതാ കേസില്‍ പ്രതിയായ തൃശ്ശൂര്‍ സ്വദേശി ആന്റോ ഒളിവിലാണെന്ന് അറിയിച്ചിരിക്കുകയാണ് പോലീസ്. സംഭവത്തില്‍ യുവനടി പരാതി നല്‍കിയെന്ന വിവരമറിഞ്ഞതോടെയാണ് ഇയാള്‍ മുങ്ങിയതെന്നാണ് പോലീസ് പറയുന്നത്. ബുധനാഴ്ച രാത്രി ഇയാളുടെ വീട്ടില്‍ പോലീസ് സംഘം പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
വിമാനത്തില്‍ യുവനടിയോട് അപമര്യാദയായി പെരുമാറിയത് തൃശ്ശൂര്‍ തലോര്‍ സ്വദേശി ആന്റോയാണെന്ന് കഴിഞ്ഞദിവസം തന്നെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്നാണ് ഇയാളുടെ തൃശ്ശൂരിലെ വീട്ടിലെത്തി റെയ്ഡ് നടത്തിയത്. എന്നാല്‍, ഇതിനോടകം പ്രതി വീട്ടില്‍നിന്ന് കടന്നുകളഞ്ഞിരുന്നു. പ്രതിക്കായി തൃശ്ശൂരും സമീപപ്രദേശങ്ങളും കേന്ദ്രീകരിച്ച് പോലീസിന്റെ അന്വേഷണം തുടരുകയാണ്.
കഴിഞ്ഞദിവസം മുംബൈയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് യുവനടിക്ക് ദുരനുഭവമുണ്ടായത്. എയര്‍ഇന്ത്യ വിമാനത്തില്‍ കൊച്ചിയിലേക്ക് യാത്രതിരിച്ച നടിയോട് സഹയാത്രികന് മദ്യലഹരിയില്‍ മോശമായി പെരുമാറിയെന്നാണ് പരാതി. മദ്യലഹരിയിലായിരുന്ന പ്രതി ആദ്യം പരസ്പരവിരുദ്ധമായി സംസാരിക്കുകയായിരുന്നു. ജേണലിസ്റ്റാണോ എന്ന് ചോദിച്ചാണ് ഇയാള്‍ സംസാരം തുടങ്ങിയത്. പിന്നാലെ വിന്‍ഡോ സീറ്റിന്റെ പേരില്‍ വാക്കേറ്റമുണ്ടാക്കി. ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചെങ്കിലും വീണ്ടും ശല്യപ്പെടുത്തി. തുടര്‍ന്ന് ശരീരത്തില്‍ കടന്നുപിടിക്കാന്‍ ശ്രമിച്ചതായും നടി പരാതിയായി ഉന്നയിച്ചിട്ടുണ്ട്.
മദ്യലഹരിയിലായതിനാല്‍ ഇയാളോട് സംസാരിച്ചിട്ട് കാര്യമില്ലെന്ന് മനസിലാക്കി യുവനടി വിവരം കാബിന്‍ക്രൂവിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാബിന്‍ക്രൂ ഇടപെട്ട് സീറ്റ് മാറ്റിയിരുത്തി. പിന്നീട് വിമാനം കൊച്ചിയില്‍ എത്തിയതിന് പിന്നാലെ എയര്‍ഇന്ത്യ അധികൃതരെ പരാതി അറിയിച്ചു. എന്നാല്‍, പോലീസില്‍ പരാതി നല്‍കാനായിരുന്നു ഇവരുടെ നിര്‍ദേശം. തുടര്‍ന്നാണ് യുവനടി നെടുമ്പാശ്ശേരി പോലീസില്‍ പരാതി നല്‍കിയത്.
