featured
നടന് വിനോദിന്റെ മരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്!; കാറില്‍ എസിയിട്ട് ഉറങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!
നടന് വിനോദിന്റെ മരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ച്, പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്!; കാറില്‍ എസിയിട്ട് ഉറങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!
കഴിഞ്ഞ ദിവസമായിരുന്നു മലയാളികള്‍ക്ക് സുപരിചിതനായ സിനിമസീരിയല്‍ താരം വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം പാമ്പാടിയിലെ ബാറിനു സമീപം ആയിരുന്നു വിനോദിന്റെ കാര്‍ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം 5.30 യോടെ വിനോദിനെ കാറിനകത്ത് അബോധാവസ്ഥയില്‍ ഹോട്ടല്‍ ജീവനക്കാരാണ് കണ്ടത്. 2 മണി മുതല്‍ സ്റ്റാര്‍ട്ടാക്കിയ കാറില്‍ വിനോദ് ഇരുന്നെന്നാണ് വ്യക്തമാകുന്നത്.
മണിക്കൂറുകളോളം കാണാതെ വന്നതോടെയുള്ള അന്വേഷണത്തിനൊടുവിലാണ് വിനോദിനെ കാറിനകത്ത് ഹോട്ടല്‍ ജീവനക്കാര്‍ കണ്ടെത്തിയത്. തട്ടി വിളിച്ചിട്ടും വിനോദ് കാര്‍ തുറന്നില്ല. ഇതോടെ ഹോട്ടല്‍ ജീവനക്കാര്‍ വിവരം മറ്റുള്ളവരെയും അറിയിച്ചു. ഒടുവില്‍ സ്ഥലത്തെത്തിയവര്‍ കാറിന്റെ ചില്ല് പൊട്ടിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്ന വിനോദിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇതിനകം മരണം സംഭവിച്ചിരുന്നു.
ഇപ്പോഴിതാ നടന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുകയാണ്. കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിലാണ് മരണ കാരണം വ്യക്തമായത്. സ്റ്റാര്‍ട്ട് ചെയ്ത കാറില്‍ എസി ഓണാക്കിയിട്ട ശേഷം ഗ്ലാസ് പൂട്ടി വിനോദ് ഇരിക്കുകയായിരുന്നു.
കാറില്‍ മയങ്ങുന്നതിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിച്ചു എന്നാണ് പ്രാഥമിക നിഗമനം. വിനോദിന്റെ കാറില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയില്ല. നിരന്തരം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചുള്ള അപകട വാര്‍ത്തകള്‍ പുറത്തെത്താറുണ്ടെങ്കിലും അതിന്റെ തീവ്രതയെ കുറിച്ചോ, അപകട സാധ്യതയെ കുറിച്ചോ അധികമാര്‍ക്കും അറിയില്ലെന്നതാണ് വസ്തുത.
ഹീറ്റര്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങളില്‍ മാത്രമല്ല കാറിലും ഭീഷണി ഉയര്‍ത്തുന്ന ഈ വിഷവാതകം നിശബ്ദനായ കൊലയാളി എന്ന പേരിലാണ് അറിയപ്പെടുന്നത്. എല്ലാവര്ക്കും അറിയാവുന്നത് പോലെ എഞ്ചിനുള്ളില്‍ ഇന്ധനം ജ്വലിച്ചാണ് വാഹനങ്ങളുടെ പ്രവര്‍ത്തനം മുന്നോട്ട് പോവുന്നത്. ഈ ജ്വലനത്തിന്റെ ഫലമായി കാര്‍ബണ്‍ ഡയോക്സൈഡ് (co2) ഉത്പാദിപ്പിക്കപ്പെടുന്നു. എന്നാല്‍ ചില ഘട്ടങ്ങളില്‍ ഓക്സിജന്റെ അളവ് കുറയുമ്പോള്‍ ഇവിടെ കാര്‍ബണ്‍ മോണോക്സൈഡ് ആയിരിക്കും ഉത്പാദിക്കപ്പെടുക. വലിയ അളവില്‍ അല്ലെങ്കില്‍ കൂടി ഇത് എഞ്ചിനുകളുടെ പ്രവര്‍ത്തന സമയത്ത് ഉണ്ടാവുന്നു എന്നത് യാഥാര്‍ഥ്യമാണ്.
എന്നാല്‍ ഈ കാര്‍ബണ്‍ മോണോക്സൈഡിനെ കാറ്റലിക് കണ്‍വെര്‍ട്ടര്‍ ഉപയോഗിച്ച് കാര്‍ബണ്‍ ഡയോക്സൈഡാക്കി മാറ്റിയാണ് പുറന്തുള്ളുന്നത്. ഈ കാറ്റലിക് കണ്‍വെര്‍ട്ടര്‍ വാഹനങ്ങളിലെ എക്സ്ഹോസ്റ്റ് പൈപ്പുകളിലാവും സ്ഥാപിക്കുക. ചില സാഹചര്യങ്ങളില്‍ ഈ പൈപ്പുകള്‍ തുരുമ്പിക്കുകയോ പ്രവര്‍ത്തന ക്ഷമത കുറയുകയോ ചെയ്താല്‍ കാര്‍ബണ്‍ മോണോക്സൈഡ് അതേ പടി നിലനില്ക്കും.
ഇതോടെ കാര്‍ബണ്‍ മോണോക്സൈഡിന്റെ അളവ് വര്‍ധിക്കുകയും ചെയ്യും. പലപ്പോഴും ഇത് നമ്മളെ ബാധിക്കാത്തതിന്റെ കാരണം വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുകയാണെങ്കില്‍ വായുപ്രവാഹം ശക്തമാവുകയും ഈ വിഷവാതകം അന്തരീക്ഷത്തില്‍ ലയിച്ചു ചേരുകയും ചെയ്യുന്നതിനാലാണ്. എന്നാല്‍ ഇവിടെ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ അപകടസാധ്യത.
വാഹനത്തിലെ ചെറിയ ദ്വാരങ്ങളിലൂടെ ഇത് ഉള്ളിലേക്ക് പ്രവേശിക്കുകയും അടച്ചിട്ട കാറില്‍ ഇരിക്കുന്ന ആളുടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. പെട്ടെന്ന് തന്നെ ബാധിക്കപ്പെടുന്നവര്‍ അറിയാതെ വരുന്നതിനാല്‍ പതിയെ അവരുടെ ജീവന് എടുക്കുന്ന രീതിയിലാകും ഇത് അവസാനിക്കുക. നിറമോ മണമോ ഇല്ലാത്ത വാതകമായതിനാല്‍ ശരീരത്തില്‍ എത്തിയതിന് ശേഷമേ പലപ്പോഴും നമ്മള് ഇത് മനസിലാക്കുകയുള്ളൂ. ഈ ഘട്ടത്തില്‍ ശരീരം നല്കുന്ന സിഗ്നലുകള്‍ അവഗണിക്കാതിരിക്കുക എന്നതാണ് സ്വയരക്ഷക്കുള്ള ഏക വഴി. കടുത്ത തലവേദന, ശ്വാസ തടസം, തളര്‍ച്ച, കാഴ്ച മങ്ങല്‍, ഛര്‍ദ്ദി എന്നിവ ഉണ്ടെങ്കില്‍ ഉറപ്പായും സൂക്ഷിക്കേണ്ടതാണ്.
കൂടുതല്‍ നേരം നിര്‍ത്തിയിട്ട വാഹനത്തില്‍ എസി ഓണാക്കി അടച്ചുമൂടി കിടക്കാതിരിക്കുക, പ്രത്യേകിച്ച് ദീര്‍ഘ ദൂര യാത്രയില്‍ ക്ഷീണം കാരണം മയങ്ങി പോവുകയാണെങ്കില്‍ അത് കൂടുതല്‍ അപകടങ്ങളിലേക്ക് നയിക്കും. ഡോറുകള്‍ തുറന്നും, ഗ്ലാസുകള്‍ താഴ്ത്തിയും കാറിനുള്ളിലെ വായു സഞ്ചാരം ഉറപ്പാക്കുക. കുട്ടികളെ വാഹനത്തിനുള്ളില്‍ പൂട്ടി എവിടേക്കും പോവാതിരിക്കുക.
