Malayalam
നടന്‍ രാജേഷ് മാധവന് പ്രണയ സാഫല്യം; വിവാഹവാര്‍ത്തയുമായി താരം; വധു ചില്ലറക്കാരിയല്ല
നടന്‍ രാജേഷ് മാധവന് പ്രണയ സാഫല്യം; വിവാഹവാര്‍ത്തയുമായി താരം; വധു ചില്ലറക്കാരിയല്ല
നടനും സംവിധായകനായ രാജേഷ് മാധവന്‍ വിവാഹിതനാകുന്നു. ദീപ്തി കാരാട്ട് ആണ് വധു. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിലെ അസോസിയേറ്റ് ഡയറക്ടര്‍മാരില്‍ ഒരാളുകൂടിയാണ് ദീപ്തി കാരാട്ട്. മാത്രമല്ല, ആര്‍ട്ടിസ്റ്റും പ്രൊഡക്ഷന്‍ ഡിസൈനര്‍ കൂടിയാണ് ദീപ്തി. ഇരുവരുടെയും പ്രണയവിവാഹമാണ്.
‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് രാജേഷ് മാധവന്‍. വിവാഹ വാര്‍ത്ത പുറത്തറിഞ്ഞതോടെ സഹപ്രവര്‍ത്തകര്‍ അടക്കം നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകളുമായി എത്തിയത്. ‘അങ്ങനെ അതുറപ്പിച്ചു’ എന്ന അടിക്കുറിപ്പോടെയാണ് ഇരുവരുടെയും ചിത്രങ്ങള്‍ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമടക്കം പങ്കുവച്ചത്. ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ രാജേഷ് മാധവന്റെ ജോഡിയായ സുമലത ടീച്ചറായി അഭിനയിച്ച നടി ചിത്ര നായരും ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.
കാസര്‍കോട് സ്വദേശിയാണ് രാജേഷ് മാധവന്‍. ടെലിവിഷന്‍ പരിപാടികളിലൂടെ സിനിമയില്‍ എത്തിയ ആളാണ് ഇദ്ദേഹം. അസ്തമയം വരെ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറായി തുടക്കം കുറിച്ച രാജേഷ് പിന്നീട് നടനായി തിളങ്ങി.
‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെയാണ് അഭിനേതാവാകുന്നത്. ദിലീഷ് പോത്തന്റെ ‘തൊണ്ടിമുതലും ദൃക്‌സാക്ഷിയും’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ച രാജേഷ്, ‘തിങ്കളാഴ്ച നിശ്ചയ’ത്തിന്റെ കാസ്റ്റിംഗ് ഡയറക്ടറായിരുന്നു. ഒടുവില്‍ സംവിധായകന്റെയും മേലങ്കി അണിഞ്ഞിരിക്കുകയാണ് രാജേഷ്.
‘പെണ്ണും പൊറാട്ടും’ എന്നാണ് രജേഷ് സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തിന്റെ പേര്. എസ് ടി കെ ഫ്രെയ്ംസിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള ആണ് ചിത്രം നിര്‍മ്മിക്കുക. കോമഡി ഡ്രാമ എന്റര്‍ടെയിനറാകും സിനിമയെന്ന് രാജേഷ് നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. നിലവില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. മുന്‍പ് അഭിനയിച്ച സിനിമകളുടെ അടിസ്ഥാനത്തില്‍ മികച്ചൊരു എന്റര്‍ടെയ്‌നര്‍ ആകും രാജേഷ് ഒരുക്കുക എന്നാണ് വിലയിരുത്തലുകള്‍.