സിനിമയിലെ വില്ലന്‍ തീയേറ്ററിലുണ്ടെന്ന വാര്‍ത്ത പരന്നതോടെ സുഹൃത്തുക്കള്‍ വട്ടം നിന്ന് സുരക്ഷയൊരുക്കി… ‘കിരീടം’ ആദ്യ ഷോ കണ്ടതിനെക്കുറിച്ച് മോഹന്‍രാജ്
By
സുഹൃത്തുക്കൾക്കൊപ്പം താൻ വില്ലനായി അഭിനയിച്ച ‘കിരീടം’ ആദ്യമായി തീയേറ്ററുകളില്‍ കണ്ട അനുഭവം തുറന്നുപറഞ്ഞ് മോഹന്‍രാജ്. ഒരു വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ആ ദിനം ഓര്‍മ്മിക്കുന്നത്. ‘നളന്ദ ഹോട്ടലിലായിരുന്നു അന്ന് താമസം. അഭിനയിച്ച സിനിമ പ്രദര്‍ശനത്തിനെത്തിയ വിവരം ഒപ്പമുള്ളവരോട് പറഞ്ഞപ്പോള്‍ ആരും വിശ്വസിച്ചില്ല. പിന്നെ അവരെയും കൂട്ടി നേരെ തീയേറ്ററിലേക്ക്. കോഴിക്കോട് അപ്‌സരയില്‍ നിന്നാണ് കിരീടം ആദ്യമായി കാണുന്നത്. സംഘട്ടന രംഗമെല്ലാം ശ്വാസമടക്കിപ്പിടിച്ചാണ് അന്ന് പ്രേക്ഷകര്‍ കണ്ടത്. ഇടവേള ആയപ്പോള്‍ സിനിമയിലെ വില്ലന്‍ തീയേറ്ററിലുണ്ടെന്ന വാര്‍ത്ത പരന്നു. സുഹൃത്തുക്കള്‍ വട്ടം നിന്ന് എനിക്ക് സുരക്ഷ ഒരുക്കുകയായിരുന്നു. സിനിമ കഴിയുമ്പോഴേക്കും ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാനായി പൊലീസിന്റെ സഹായം തേടേണ്ടിവന്നു. തീയേറ്ററില്‍ നിര്‍ത്തിയിട്ട എന്റെ ബുള്ളറ്റ് സുഹൃത്തുക്കളാണ് പിന്നീട് താമസസ്ഥലത്ത് എത്തിച്ചത്’, മോഹന്‍രാജ് പറയുന്നു.
സഹസംവിധായകനായിരുന്ന കലാധരനാണ് എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനായിരുന്ന മോഹന്‍രാജിനെക്കുറിച്ച് സിബി മലയിലിനോട് പറയുന്നത്. നല്ല ഉയരമുള്ളയാള്‍ എന്നായിരുന്നു കലാധരന്‍ മോഹന്‍രാജിനെക്കുറിച്ച് സംവിധായകനോട് പറഞ്ഞത്. മുന്‍പ് ‘മൂന്നാംമുറ’ എന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തിരുന്ന മോഹന്‍രാജിനെ കണ്ടപ്പോള്‍ത്തന്നെ സിബി മലയില്‍ ഉള്‍പ്പെടെയുള്ളവര്‍ ‘കീരിക്കാടന്‍’ ഇതുതന്നെയെന്ന് ഉറപ്പിച്ചു. നല്ല മുടിയുണ്ടായിരുന്ന മോഹന്‍രാജിനെ മൊട്ടയടിപ്പിച്ച് മുഖത്തൊരു മുറിപ്പാടും നല്‍കി കീരിക്കാടന്‍ ജോസ് ആക്കി മാറ്റുകയായിരുന്നു.
actor Mohan Raj
