Connect with us

പേരന്‍പ്: അല്‍ഫ കണ്ട പാപ്പയും അമുദവനും

Malayalam Breaking News

പേരന്‍പ്: അല്‍ഫ കണ്ട പാപ്പയും അമുദവനും

പേരന്‍പ്: അല്‍ഫ കണ്ട പാപ്പയും അമുദവനും

VIDHYA

ദേശീയ അവാര്‍ഡ് ജേതാക്കളായ സംവിധായകന്‍ റാം, നടന്‍ മമ്മൂട്ടി, ബാലതാരം സാധന എന്നിവര്‍ ഒന്നിച്ചപ്പോള്‍ ഹിറ്റില്‍ കുറഞ്ഞതൊന്നും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ആ പ്രതീക്ഷകള്‍ക്കുമപ്പുറമാണ് ചിത്രം നല്‍കിയത്. ഇപ്പോള്‍ പേരന്‍പിനെക്കുറിച്ചും മമ്മൂട്ടിയെ കണ്ടതിനെക്കുറിച്ചുമുള്ള കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. 


സെറിബ്രല്‍ പാള്‍സി കുട്ടിയും അതിന്റെ അച്ഛനും അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളുടെ കഥ എന്ന നിലയില്‍ അല്ഫയും ഞങ്ങളും ഏറെക്കാത്തിരുന്ന ഒരു സിനിമയായിരുന്നു പേരന്പ് എങ്കിലും റിലീസിന്റെ പിറ്റേ ദിവസം തന്നെ പോയിക്കാണാന്‍ നിര്‍ബന്ധിച്ചത് സുഹൃത്തും ഫോട്ടോഗ്രാഫറുമായ നാദിര്‍ഷയാണ്. അല്‍ഫയിലെ എല്ലാ മാതാപിതാക്കള്‍ക്കും ഒപ്പം പോയി കാണണം എന്നാഗ്രഹിച്ച് വിളിച്ചെങ്കിലും പലര്‍ക്കും ഇത് കണ്ടിരിക്കാനുള്ള മനക്കരുത്തില്ല എന്നതിനാല്‍ കുറച്ച് പേരാണ് കൂടെ വന്നത്. കഴിഞ്ഞ 7 വര്‍ഷമായി ഇത്തരം 200-ലധികം അച്ഛനമ്മമാരുടെ വേദനകളിലൂടെ കടന്ന് പോയ അല്‍ഫയ്ക്ക് അവരെ ഒരിക്കലും നിര്‍ബന്ധിക്കാനാവുമായിരുന്നില്ല..
‘നീങ്കള്‍ എവളവ് നല്ല ആശിര്‍വദിക്കപ്പെട്ട ഒരു വാഴ്കൈ വാഴ്ന്തിട്ടിരിക്കേന്‍, എന്‍ട്ര് നീങ്കള്‍ പുരിഞ്ചുക്കിറത്തുക്കാക നാന്‍ ഇത് എഴുതിറേന്‍’- പേരന്‍പോട് അമുദവന്‍.. എഴുത്തുകാരനും സംവിധായകനുമായ റാമിന്റെ വരികള്‍ ആര്‍ദ്രമായതെങ്കിലും ഗാംഭീര്യമാര്‍ന്ന മമ്മൂട്ടിയുടെ ശബ്ദത്തില്‍ തിരശീലയില്‍ മുഴങ്ങുമ്പോള്‍ ഞാനിപ്പോള്‍ ഈ എഴുതുന്നത് പോലും ആ വാക്കുകളുടെ ആവിഷ്‌കാരമല്ലാതെ മറ്റൊന്നുമല്ല.

വസന്തങ്ങളും, നിറഭേദങ്ങളും, പ്രതീക്ഷകളും, ആഘോഷത്തിമര്‍പ്പുകളും നിറഞ്ഞ ജീവിതത്തിന്റെ ഒരു മറുപുറത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട് മനസ്സെത്തുന്നിടത്ത് ശരീരമെത്താനാവാതെ കിതയ്ക്കുന്ന കുറെ മനുഷ്യ ജന്മങ്ങളുണ്ടെന്നും സ്‌നേഹത്തിന്റെ, കരുതലിന്റെ നാരുകള്‍ കൊണ്ട് അവരെ കെട്ടിവരിഞ്ഞ അവരില്‍ കുരുങ്ങിപ്പോയ ചില അപൂര്‍വ മനുഷ്യരുണ്ടെന്നും നമ്മില്‍ എത്ര പേര്‍ ഓര്‍ക്കുന്നുണ്ടെന്ന് അറിയില്ല.

നിലത്തുറയ്ക്കാത്ത കാലുകളെങ്കിലും, ആഗ്രഹത്തിനനുസരിച്ച് വഴങ്ങാത്ത കയ്യുകളും ശരീരവുമെങ്കിലും അവരുടെ കണ്ണുകളില്‍ ആഹ്ലാദത്തിന്റെ തിരയിളക്കമുണ്ട്. ആ മുഖത്ത് സന്തോഷത്തിന്റെ വേലിയേറ്റങ്ങളുണ്ട്. ആ അച്ഛന്മാരുടെ ഇടനെഞ്ചിലെ നിശ്വാസങ്ങള്‍ക്ക് പൊള്ളുന്ന ഊഷ്മളത ഉണ്ട്. ആ അമ്മമാരുടെ നിറചിരിയില്‍ കണ്ണീരിന്റെ നനവുണ്ട്. അമുദന്റെ തൊണ്ടയില്‍ കുരുങ്ങി നില്‍ക്കുന്ന വാക്കുകള്‍ കടമെടുത്താല്‍ ‘പാപ്പാ ഏന്‍ മറ്റ കൊളന്തകള്‍ മാതിരി നടക്കലേന്ന് പല വര്‍ഷമാ വരുത്തപ്പെട്ട എനക്ക് പാപ്പാ മാതിരി നടക്കറത് എവ്വളവ് പെരിയ കഷ്ടം എന്‍ട്ര് തെരിഞ്ചതുക്ക് അപ്പുറം താന്‍ ഒരുത്തന്‍ നീ ഏന്‍ മറ്റവുങ്ക മാതിരി ഇല്ലൈ എന്റു കേക്കറത് എവ്വളവ് വന്‍മുറൈ (Brutal) എന്‍ട്ര് പുരിഞ്ചത്.’ 

അമുദവന്‍ തുടക്കത്തില്‍ വിഷമിച്ചത് പോലെ പാപ്പായും അല്‍ഫയിലെ നൂറിലധികം കുഞ്ഞുങ്ങളും മറ്റു കുഞ്ഞുങ്ങളെപ്പോലെ എന്ത് കൊണ്ട് നടക്കുന്നില്ല എന്ന് വെറും സിംപതിയോടെ ചിന്തിക്കുന്നവരാവും സമൂഹത്തിലധികവും, എന്നാല്‍ ഈ കുഞ്ഞുങ്ങളുടെ പരിമിതികളും കഴിവുകളും മനസ്സിലാക്കിക്കഴിയുമ്പോഴാണ് അവരിപ്പോള്‍ നടക്കുന്നത് പോലും എത്ര ബുദ്ധിമുട്ടിയാണ് എന്ന് അമുദവന്‍ തിരിച്ചറിയുന്നത് പോലെ സമൂഹവും തിരിച്ചറിയുന്നത്. അപ്പോഴാണ് ഒരുവനെ ചൂണ്ടി നീ എന്ത് കൊണ്ട് മറ്റവനെപ്പോലെ ആകുന്നില്ല എന്ന സമൂഹത്തിന്റെ ചോദ്യം എത്ര മാത്രം ക്രൂരവും ബ്രൂട്ടലുമാണെന്ന് അമുദവന്റെ ഒപ്പം നമ്മളും തിരിച്ചറിയുന്നത്. 

അപ്പോഴാണ് സമൂഹത്തില്‍ നിന്നവരെ മാറ്റി നിര്‍ത്തി അടയാളപ്പെടുത്താന്‍ നമ്മള്‍ ഉപയോഗിക്കുന്ന Disabled Special Differently Abled; ഭിന്നശേഷി പരിമിതശേഷി എന്നിങ്ങനെയുള്ള പ്രയോഗങ്ങളില്‍ നിറയുന്ന ക്രൂരതയുടെ ആഴമറിയുന്നത്. അടുത്തിടെ യുഎഇ ഗവണ്‍മെന്റ് അത് People Of Determination എന്ന് തിരുത്തിയിരുന്നു.


തെറപ്പി ചെയ്യുമ്പോള്‍ ഉണ്ടാകുന്ന കുഞ്ഞുങ്ങളുടെ കരച്ചില്‍ കേട്ട് സ്വന്തം മനസ്സമാധാനം നഷ്ടപ്പെടുന്നു എന്ന പരിഭവിച്ച ആളുകളേയും സ്വന്തം വീട് അല്ഫയാക്കി മാറ്റി കുഞ്ഞുങ്ങള്‍ക്ക് അത്താണിയാക്കി മാറ്റിയപ്പോള്‍ നിങ്ങള്‍ക്ക് ഇത് കുറച്ച് കൂടി സൗകര്യം ഉള്ള സ്ഥലത്തേയ്ക്ക് ഇത് മാറ്റി നട്ടു കൂടെ എന്ന് സ്‌നേഹത്തോടെ ഉപദേശിച്ചവരെ കണ്ട അല്ഫയ്ക്കും അതിലെ മാതാപിതാക്കള്‍ക്കും ‘മനുഷ്യര്‍ ഇല്ലാത്ത, കുരുവികള്‍ ചാകാത്ത ഇടം’ തേടിയ അമുദവന്റെ നെഞ്ചിടിപ്പിന്റെ താളപ്പെരുക്കങ്ങള്‍ മറ്റാരേക്കാളും തിരിച്ചറിയാന്‍ കഴിയും.

ഇത്തരമൊരു കുഞ്ഞ് പിറന്നാല്‍ അതുണ്ടാക്കുന്ന സുനാമികളില്‍ ആടിയുലയുലഞ്ഞ് വഴിപിരിയുന്ന കൂട്ട് കുടുംബങ്ങളെ, അതുണ്ടാക്കുന്ന അഗ്‌നിപര്‍വ്വതങ്ങളില്‍ കുടുംബങ്ങളില്‍ നിന്ന് പൊട്ടിത്തെറിച്ച് ധൂളികളായി മാറുന്നവരെ, അതുണ്ടാക്കുന്ന ഭൂകമ്പങ്ങളില്‍ വീടെന്ന മേല്‍ക്കൂരയും തകര്‍ത്ത് മൂടോടെ നിലം പൊത്തുന്ന ദാമ്പത്യ ബന്ധങ്ങളെ, കണ്ടറിയുന്ന അല്‍ഫയ്ക്ക് പാപ്പയുടെ അമ്മ തങ്കത്തിന്റെ മനസ്സും പ്രവാസത്തിന്റെ കാലത്ത് അമുദവനില്‍ നിന്നവര്‍ക്ക് നഷ്ടമായ ആ താങ്ങിന്റെ വിലയും നല്ല പോലെ അറിയാന്‍ കഴിയും. ഒടുവില്‍ നിസ്സഹായയായി മറ്റൊരു ജീവിതത്തിലേയ്ക്ക് ഇറങ്ങേണ്ടിവരുന്ന തങ്കത്തെക്കുറിച്ച് ‘അവള്‍ നല്ല അമ്മാ താന്‍’  എന്ന അമുദവന്റെ കുറ്റബോധം കൊണ്ടുള്ള നീറ്റലുകള്‍ മനസ്സിലാക്കാന്‍ കഴിയും. 
ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ദുബായിലെ പ്രവാസം നിര്‍ത്തി അയാളെത്തുമ്പോള്‍ അപ്പാ.. ടാ  എന്ന് നിന്ന് പൊള്ളാനും അവള്‍ ചന്ദ്രനാകുമ്പോള്‍ ഞാന്‍ സൂര്യനും അവള്‍ സൂര്യനാകുമ്പോള്‍ ഞാന്‍ ചന്ദ്രനു’മാകുന്നുവെന്ന് നമ്മളോട് പരിഭവിക്കാനുമേ അയാള്‍ക്ക് കഴിയുന്നുള്ളു…പ്രകൃതിയും മനുഷ്യരും ക്രൂരരാകുന്ന അമുദവന്റെ അദ്ധ്യായങ്ങളില്‍ മുറിയില്‍ അടച്ചുപൂട്ടിയിരിക്കുന്ന പാപ്പായെ കാണാന്‍ ഓടിളക്കി പാളിനോക്കുന്ന അമുദവന്റെ അച്ഛന്‍ ഒരു നീറുന്ന നോവാകുന്നു. ആ നേരം കട്ടിലിനടിയിലേക്ക് നിരങ്ങി നീങ്ങുന്ന പാപ്പയുടെ കാഴ്ചയും അച്ഛന്റെ നിസ്സഹായതയും പലര്‍ക്കും സിനിമാറ്റിക് ഭാവതീവ്രമെന്ന് തോന്നുമെങ്കിലും ജീവിതം നാടകത്തെക്കാളും സിനിമയെക്കാളും നാടകീയമാകുന്ന മുഹൂര്‍ത്തങ്ങളുണ്ടെന്ന് അല്‍ഫയ്ക്കറിയാം.

ഉള്ളില്‍പ്പേറുന്ന നോവുകളെയും ആധികളെയും വിനിമയം ചെയ്യാന്‍ അമുദവന് പക്ഷേ ആരുമില്ല. മകളുടെ മുന്നില്‍ കരയാന്‍ പോലുമാകാതെ വാതില്‍ മറവില്‍ ശബ്ദമില്ലാതെ പൊട്ടിപ്പോകുന്നു. ശബ്ദം കൊണ്ടും ഇടറുന്ന തൊണ്ടകൊണ്ടും ഗദ്ഗദങ്ങള്‍ നിറച്ച് മനുഷ്യന്റെ ഹൃദയത്തെ പൊള്ളിക്കുന്ന മമ്മൂട്ടിയനുഭവവും അമുദവന് കൂട്ടിനില്ല… ശബ്ദമില്ലാതെ അമുദവനെ മമ്മൂട്ടി എന്ന മഹാനടന്‍ അതിജീവിപ്പിക്കുന്ന നീറുന്ന ഒരു കലാസൃഷ്ടി. ഒരു നടന്‍ സ്വയം ഒരു കഥയിലെ വരികളായും, സ്വയം ഒരു തിരക്കഥയായും മാറുന്ന അവിശ്വസനീയ കാഴ്ച്ച ! കുട്ടി സാധന പാപ്പയായി ജീവിക്കുകയായിരുന്നു.

ഇണങ്ങാതെ നില്‍ക്കുന്ന മകളുടെ മുന്നില്‍ ആ ഇഷ്ടവും നോട്ടവും കിട്ടാനായി അമുദവന്‍ പാടുപെടുന്ന ആറുമിനിറ്റോളം നീളുന്ന രംഗം അല്‍ഫയിലെ പ്ലേ തെറപ്പി സമയത്ത് സ്വന്തമായി ഒരു കഴിവുമില്ലെങ്കിലും പാട്ടുപാടിയും നൃത്തമാടിയും നായക്കുട്ടിയായി കുരച്ചുചാടിയും ശ്രമിക്കുന്ന അമുദവന്‍ അത് ഞങ്ങള്‍ തന്നെയാണ് ! എല്ലാ ശ്രമങ്ങളും വെറുതെയാകുന്നിടത്ത് നെഞ്ചില്‍ കുരുങ്ങിയ ശബ്ദത്തില്‍ ഇനി ഞാനെന്തു ചെയ്യണം എന്നു വിലപിക്കുന്ന അമുദവനാണ് അല്ഫയിലെ ഓരോ അച്ഛനുമമ്മയും. 

എങ്കിലും വളര്‍ന്ന് കൊണ്ടിരിക്കുന്ന തങ്ങളുടെ മക്കള്‍ക്ക് അവരുടെ കാര്യങ്ങള്‍ ചെയ്യുന്നതിലെങ്കിലും സ്വയം പ്രാപ്തിയിലെത്തിക്കേണ്ടതിന്റെ ആവശ്യകത അവര്‍ക്ക് ബോധ്യപ്പെട്ടു.

ചില മാസങ്ങള്‍ക്ക് മുമ്പ് ചലനശേഷിയില്ലാത്ത 12 വയസ്സുള്ള ശിവാനി എന്ന പെണ്‍കുഞ്ഞിന്റെ കാര്യവുമായി തൃശൂരില്‍ നിന്നും ഒരച്ഛന്‍ വിളിച്ചിരുന്നു. 10 വയസ്സില്‍ താഴെയുള്ള കുഞ്ഞുങ്ങളെയാണ് അല്‍ഫയില്‍ ചികിത്സിക്കുന്നത് എന്ന് പറഞ്ഞിട്ടും ഒന്ന് വന്ന് കുട്ടിയെ കാണിച്ചോട്ടെ എന്ന് ചോദിച്ചപ്പോള്‍ വന്നുകൊള്ളാന്‍ പറഞ്ഞു .12 വയസ്സുള്ള 50 കിലോ ശരീരഭാരമുള്ള ചലനശേഷിയില്ലാത്ത ശിവാനിയെയും തോളിലിട്ട് അല്‍ഫയുടെ പടികയറി വന്ന അച്ഛനെയും അമ്മയെയും കണ്ട് നെഞ്ചൊന്ന് പിടഞ്ഞു. കുഞ്ഞിനെ സോഫയില്‍ വാരിക്കൂട്ടിയിട്ട് ആ അച്ഛന്‍ ചങ്ക് പൊട്ടി നിന്നു.

ഇത്രയും കാലം ലക്ഷ്യമില്ലാതെയുള്ള ചികിത്സകള്‍ കൊണ്ട് ആ കുഞ്ഞിന് ഒരു തരത്തിലുള്ള മാറ്റങ്ങളും ഉണ്ടായില്ലെന്ന് മാത്രമല്ല സമയബന്ധിതമല്ലാത്ത ചികിത്സാ രീതികള്‍ കൊണ്ട് ആ കുട്ടിയുടെ പേശികള്‍ കണ്ട്രാക്ച്ചര്‍ ആയി ഉറച്ച് പോവുകയും ചെയ്തു എന്ന് മനസ്സിലായപ്പോള്‍ നിങ്ങള്‍ ഇപ്പോള്‍ ഈ കുഞ്ഞിന്റെ അവസ്ഥ മനസ്സിലാക്കി അവളെ വീല്‍ചെയര്‍ പോലെയുള്ള അഡാപ്‌റ്റേഷനിലേയ്ക്ക് മാറ്റണം എന്ന് പറഞ്ഞപ്പോള്‍ …3 വയസ്സുമുതല്‍ കൊണ്ടു പോകാത്ത സ്ഥലങ്ങളും ചെയ്യാത്ത ചികിത്സകളും ഇല്ലെന്ന് പറഞ്ഞ് ആര്‍ത്തനാദത്തോടെ ആ അച്ഛന്‍ നെഞ്ച് പൊട്ടിക്കരഞ്ഞു..

പൊട്ടാതെ നിന്ന അമ്മ കൂടി സങ്കടക്കടലായപ്പോള്‍ പതിവ് പോലെ അല്‍ഫയുടെ കാര്‍പോര്‍ച്ച് കണ്ണീരിന്റെ പ്രളയമറിഞ്ഞു.

ഒരു അഡാപ്റ്റീവ് വീല്‍ചെയര്‍ അവള്‍ക്ക് വാങ്ങി നല്‍കി ശിവാനിയെ അല്‍ഫ പറഞ്ഞയച്ചു. വളരെ നേരത്തെ തന്നെ ശിവാനിയുടെ രോഗാവസ്ഥ നിര്‍ണ്ണയിക്കാന്‍ കഴിയാതെ വരികയും കൃത്യമായ ചികിത്സകള്‍ ഫോക്കസ്ഡായി നല്‍കാന്‍ കഴിയാതെ വരികയും ചെയ്തിരുന്നത് മൂലമാണ് ശിവാനിയെ സ്വയം പര്യാപ്തതയുടെ ലോകത്തേയ്ക്ക് അവളുടെ മാതാപിതാക്കള്‍ക്ക് കൂട്ടിക്കൊണ്ട് വരാന്‍ കഴിയാതെ ഇരുന്നത് . അല്‍ഫ യുടെ ഒരു സുപ്രധാന ലക്ഷ്യം തന്നെ ഏര്‍ലി ഇന്റര്‍വെന്‍ഷനിലൂടെ ഇത്തരം കുഞ്ഞുങ്ങളെ നേരത്തെ കണ്ടെത്തി പുനരധിവാസ ചികിത്സാ പരിശീലനം തുടങ്ങുക എന്നുള്ളതാണ്.

peranbu_movie_location_photos-16

പേരന്‍പ് ഞങ്ങള്‍ അല്‍ഫയ്ക്കും ഒരു പാഠമാണ്. തെറാപ്പികള്‍ക്കും ചികിത്സകള്‍ക്കും ഒപ്പം ഡെയ്ലി ലിവിങ് പരിശീലനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും ചില സുപ്രധാന പരിശീലനങ്ങള്‍ കൂടി അവര്‍ക്ക് മുമ്പേ നല്‍കേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ തിരിച്ചറിയുന്നു. പ്രിയ റാം നിങ്ങളുടെ പേരന്പ് ഞങ്ങളുടേതാണ് . നിങ്ങളുടെ പാപ്പയും അമുദവനും മീരയും ഞങ്ങളാണ്. പ്രിയ മമ്മൂക്കാ നന്ദി അമുദവനെ ഞങ്ങള്‍ക്ക് അനുഭവിപ്പിച്ചതിന് ! നന്ദി ഈ ഒരു താദാത്മ്യ അനുഭവത്തിന് !

പാട്ടെഴുതാത്ത അമ്മമാര്‍ കുഞ്ഞിന് വേണ്ടി പാട്ടെഴുതുന്നതും, ചുവടറിയാത്ത അമ്മമാര്‍ പോലും കുഞ്ഞിനായി നൃത്തം ചെയ്യുന്നതും, എന്തിന് ഭാഷയറിയാത്ത മാലിക്കാരി ‘അമ്മ നമ്മുടെ കാക്കേ കാക്കേ കൂടെവിടെ പോലും കഷ്ടപ്പെട്ട് പഠിച്ച് ഈണത്തില്‍ പാടുന്നത് പോലും കണ്ടറിയുന്ന അല്‍ഫ, തിയേറ്ററിലെ ഇരുളില്‍ അടുത്ത സീറ്റുകളില്‍ നിന്ന് നിറയുന്ന തേങ്ങലുകളും നിശ്വാസങ്ങളിലും കുതിര്‍ന്നു സിനിമക്ക് കൂട്ടിക്കൊണ്ട് വന്നത് കുഴപ്പമായോ എന്ന് പോലും ആശങ്കപ്പെടാതിരുന്നില്ല.

സിനിമ കഴിഞ്ഞിറങ്ങിയ ഉടന്‍ സുഹൃത്ത് നാദിര്‍ഷയെ വിളിച്ചു. എന്ത് വന്നാലും വേണ്ടില്ല മമ്മൂക്കയെ ഒന്ന് നേരില്‍ കാണണം. കണ്ടേ പറ്റൂ എന്ന് സിനിമ കണ്ട അല്ഫയിലെ അച്ഛനമ്മമാരും. കണ്ട് ഒരഭിപ്രായം പറയണം. ചില സമയങ്ങളില്‍ സൗഹൃദത്തിന്റെ ഒരു ശക്തി ഉണ്ടല്ലോ. അസാധ്യങ്ങളെ സാധ്യമാക്കാന്‍ നമ്മെ സഹായിക്കുന്നത്. അതാണ് അന്നും ഇന്നും എന്നും അല്ഫയെ അല്‍ഫയാക്കി നിലനിര്‍ത്തുന്നത്.

മമ്മൂക്ക അടുത്തൊരിടത്ത് ഷൂട്ടിങ് ലൊക്കേഷനില്‍ ഉണ്ടെന്നറിഞ്ഞു. ഒഫീഷ്യല്‍ വഴിയെ പോയാല്‍ സമയം എടുക്കും. നമുക്ക് വേണ്ടത് ഒരല്പം പേഴ്സണല്‍ നിമിഷങ്ങളാണ്. അല്ഫയുടെ വാനില്‍ സിനിമ കണ്ട കുഞ്ഞുങ്ങളും മാതാപിതാക്കളുമായി ഷൂട്ടിങ് ലൊക്കേഷനിലെത്തി. അവിടെ ഉഗ്രന്‍ സ്റ്റണ്ട് നടക്കുകയാണ്. മമ്മൂക്ക താഴെ സ്റ്റണ്ട് ചെയ്ത് ചേറിലും ചെളിയിലും കുളിച്ച് രൂപം തന്നെ തിരിച്ചറിയാന്‍ മേലാതെ നില്‍ക്കുകയാണെന്നും പെര്‍മിഷനില്ലാതെ പറ്റില്ലെന്നും ഷൂട്ടിങ് കോര്‍ഡിനേറ്റേഴ്സില്‍ നിന്ന് മറുപടി കിട്ടി.

എങ്കിലും ഞങ്ങള്‍ വന്ന വിവരം ഒന്നറിയിക്കാന്‍ മാത്രം പറഞ്ഞു. അല്‍പനേരം കാത്തിരുന്നിട്ടാണെങ്കിലും ഞങ്ങളെ അമ്പരപ്പിച്ച് കൊണ്ട് കുറച്ച് കഴിഞ്ഞ് ഷര്‍ട്ട് മാറ്റി ചേറു നിറഞ്ഞ മുണ്ടുമായി മമ്മൂക്ക കേറിവന്നു. കുട്ടികളെ വെയില്‍ കൊള്ളിച്ചതിനായിരുന്നു ആദ്യ ശാസന. പ്ലാന്‍ ചെയ്യാതെ കുഞ്ഞുങ്ങളെയും കൂട്ടി എത്തിയതിന് നീരസപ്പെട്ടെങ്കിലും കുഞ്ഞുങ്ങളെ കണ്ടപ്പോള്‍ മമ്മൂക്ക ആര്‍ദ്രതയോടെ പേരമ്പിലെ അമുദവനായി. സെറിബ്രല്‍ പാള്‍സി വന്ന് അല്‍ഫയില്‍ നിന്ന് ആദ്യം നടന്ന 7-ആം ക്ളാസ്സുകാരി ആമിനയെ പരിചയപ്പെടുത്തി. ആമിന സിനിമ കണ്ടപ്പോള്‍ വിഷമം വന്നെന്നും സിനിമയിലെ മമ്മൂക്കയെപ്പോലാണ് അവളുടെ വാപ്പച്ചി അവളെ നോക്കുന്നതെന്നും പറഞ്ഞപ്പോള്‍ മോള്‍ വിഷമിക്കരുത് ട്ടോ . മോളുടെ വാപ്പച്ചി മോളെ നല്ല പോലെ ഇനിയും നോക്കും എന്ന് പറഞ്ഞു ചേര്‍ത്ത് നിര്‍ത്തി മൂര്‍ദ്ധാവില്‍ കൈകള്‍ വെച്ച് ഒരു നിമിഷം അമുദവനായി കണ്ണുകള്‍ അടച്ചു. 

മറിയവും, ഇവാനയും, സിയയും തക്കുവും അക്ഷയും അയിഷയും മമ്മൂക്കയെ കൗതുകത്തോടെ നോക്കി. ദുബായില്‍ ജോലി ചെയ്യുന്ന ആയിഷയുടെ അച്ഛന്‍ അഫ്‌സല്‍ പേരമ്പിലെ രണ്ട് വരി മമ്മൂക്കയ്ക് വേണ്ടി പാടി. ഇത്തരം കുഞ്ഞുങ്ങളുള്ള എല്ലാ മാതാപിതാക്കളും പോയി ഈ സിനിമ കാണണം എന്ന് മമ്മൂക്ക ഓര്‍മ്മപ്പെടുത്തി. ചേറില്‍ കുളിച്ച് നില്‍ക്കുന്ന മുണ്ടാണെങ്കിലും ഒരു ഫോട്ടോ എടുത്തോളാന്‍ അനുവാദം തന്നു. അല്‍ഫയിലെ കുഞ്ഞുങ്ങളെ ഇനിയും കാണാം എന്ന് മമ്മൂക്ക പറഞ്ഞിരുന്നു. ജോലി സ്ഥലത്ത് എത്തി ബുദ്ധിമുട്ടിച്ചതില്‍ സോറി പറഞ്ഞു അടുത്ത ഒരു നാഷണല്‍ അവാര്‍ഡ് കൂടി വിഷ് ചെയ്തപ്പോള്‍ മമ്മൂക്ക മുകളിലേയ്ക്ക് നോക്കി ചിരിച്ചിട്ട് പറഞ്ഞു ‘അതിപ്പോള്‍ നമ്മുടെ കയ്യിലല്ലല്ലോ, പക്ഷെ നിങ്ങളുടെ ഒക്കെ അവാര്‍ഡ് ഇപ്പോള്‍ എനിക്ക് കിട്ടിയല്ലോ . എനിക്കത് മതി.
അമുദവനെ കണ്ട് സംതൃപ്തരായി അല്ഫയും സംഘവും മടങ്ങിയപ്പോള്‍ ഒന്നോര്‍ത്തു.അല്‍ഫയുമായി ബന്ധപ്പെട്ട എന്തിലും സൗഹൃദത്തിന്റെ ഒരു നൂറ് ചെറു ചാറ്റല്‍മഴകളുണ്ട്,
സ്‌നേഹം കൊണ്ട്.. കരുതല്‍ കൊണ്ട്..മറ്റുള്ളവര്‍ക്ക് വേണ്ടി നനയുന്ന ഈറന്‍ മിഴികളുണ്ട് … ഗദ്ഗദമില്ലാതെ പറഞ്ഞ് തീര്‍ക്കാനാവാത്ത കഥകളുണ്ട്, …ദൂരത്ത് നിന്ന് പോലും അസമയത്ത് പാഞ്ഞെത്തുന്ന ദൈവത്തിന്റെ അദൃശ്യമായ കൈകളുണ്ട് …മനുഷ്യരിലെ മാലാഖമാരുണ്ട് …വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങുന്ന നിമിഷങ്ങളുണ്ട് …ഈ നിമിഷങ്ങളിലാണ്… നമ്മള്‍ ജീവിതത്തിന്റെ അര്‍ത്ഥമെന്തെന്ന് തിരിച്ചറിയുന്നത് .. .

അല്‍ഫ പീഡിയാട്രിക് റിഹാബിലിറ്റേഷന്‍ ചൈല്‍ഡ് ഡവലപ്പ്‌മെന്റ് സെന്റര്‍.

Peranbu_movie

about peranp movie

More in Malayalam Breaking News

Trending

Recent

To Top