Connect with us

ഈ ഓണം റിലീസ് ചിത്രങ്ങൾക്ക് പിറകിലെ കൗതുകം ഇതൊക്കെയാണ്!

Malayalam

ഈ ഓണം റിലീസ് ചിത്രങ്ങൾക്ക് പിറകിലെ കൗതുകം ഇതൊക്കെയാണ്!

ഈ ഓണം റിലീസ് ചിത്രങ്ങൾക്ക് പിറകിലെ കൗതുകം ഇതൊക്കെയാണ്!

മലയാളസിനിമ എക്കാലവും പ്രതീക്ഷ പുലര്‍ത്തുന്ന സീസണാണ് ഓണം. സ്ഥിരം പ്രേക്ഷകരല്ലാത്തവരും കുടുംബസമേതം തീയേറ്ററുകളിലേക്കെത്തുന്ന ആഘോഷ സീസണ്‍ ലക്ഷ്യമാക്കി ഇക്കുറിയും സിനിമകള്‍ ഒരുങ്ങിക്കഴിഞ്ഞു.ഓണം വരുമ്പോഴും വിഷുവരുമ്പോഴും എല്ലാം തന്നെ എന്റർടൈൻമെന്റ് ആയി സിനിമാതന്നെ ആണ് തിരഞ്ഞെടുക്കാറുള്ളത് പ്രേക്ഷകർ. കുടുംബ ചിത്രങ്ങളാണ് ഏവരും ആകാംഷയോടെ നോക്കുന്നത്.അതിന്നാൽ ഈ തവണ നല്ല സിനിമ സദ്യതന്നെയാണ് മലയാളികൾക്കായി ഒരുക്കിയിട്ടുള്ളത് .മോഹൻലാൽ,പൃഥ്വിരാജ് ,നിവിൻപോളി,തുടങ്ങിയ വാൻ താരനിരയാണ് ഈ ഓണത്തിന് പ്രേക്ഷകരെ അമ്പരിപ്പിക്കാൻ എത്തുന്നത്.

ഇത്തവണത്തെ ഓണം റിലീസ് ചിത്രങ്ങൾക്ക് പിറകിൽ കൗതുകമുണർത്തുന്ന ഒരു സാമ്യമുണ്ട്, വൻ താരനിരയുള്ള ഈ ചിത്രങ്ങളുടെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്ന സംവിധായകരെല്ലാം നവാഗതരാണ്.
സിനിമയെന്ന സ്വപ്നത്തിനു പിറകെ വർഷങ്ങളായി അലയുന്ന എത്രയോ ചെറുപ്പക്കാർ. തിയേറ്ററുകളിലേക്ക് എത്തുന്ന ഓരോ പുതിയ ചിത്രങ്ങളും, ഈ ചെറുപ്പക്കാർക്ക് ഊർജ്ജം പകരുന്നുണ്ട്, ഒപ്പം സിനിമ അത് സ്വപ്നം കാണുന്നവന്റേതാണ് എന്ന സത്യത്തെ അടിവരയിട്ട് ഉറപ്പിക്കുന്നുമുണ്ട്.

ഇട്ടിമാണി- മെയ്ഡ് ഇൻ ചൈന, ബ്രദേഴ്സ് ഡേ, ലവ് ആക്ഷൻ ഡ്രാമ, ഫൈനൽസ്– ഈ ഓണക്കാലത്ത് തിയേറ്ററുകളിലെത്താനിരിക്കുന്ന പുതിയ ചിത്രങ്ങൾ. ഈ നാലു ചിത്രങ്ങൾക്കും കൗതുകമുണർത്തുന്ന ഒരു സാമ്യം കൂടിയുണ്ട്. വൻ താരനിരയുള്ള ഈ ചിത്രങ്ങളുടെ അണിയറയിൽ പ്രവർത്തിച്ചിരിക്കുന്ന സംവിധായകരെല്ലാം നവാഗതരാണ്. ചിലപ്പോൾ മലയാളസിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമാവാം, നവാഗതർ കയ്യൊപ്പു ചാർത്തുന്ന ഒരു ഓണം റിലീസ് കാലം എന്നത്. കലാഭവൻ ഷാജോൺ, ജിബു- ജോജു, ധ്യാൻ ശ്രീനിവാസൻ, പി ആർ അരുൺ എന്നിവരാണ് ഈ ഓണക്കാലത്ത് തങ്ങളുടെ ആദ്യ സംവിധാന സംരംഭവുമായി പ്രേക്ഷകർക്ക് മുന്നിലേക്കെത്തുന്നത്.

മോഹൻലാൽ ചിത്രം ‘ഇട്ടിമാണി’യുമായി ജിബുവും ജോജുവുമെത്തുന്നത് രണ്ടര പതിറ്റാണ്ടോളം നീണ്ട സിനിമയ്ക്കു പിന്നാലെയുള്ള അലച്ചിലിന് ഒടുവിലാണ്. മിമിക്രി കലാകാരനായി കലാജീവിതം ആരംഭിച്ച കലാഭവൻ ഷാജോണിനാവട്ടെ, 18 വർഷത്തോളം നീണ്ട അഭിനയജീവിതത്തിൽ നിന്നുമുള്ള അപ്രതീക്ഷിത വഴിത്തിരിവാണ് ‘ബ്രദേഴ്സ് ഡേ’.

Onam Releases 2019

അച്ഛനും ചേട്ടനുമെല്ലാം സ്വന്തമായി മേൽവിലാസം ഉണ്ടാക്കിയെടുത്ത സിനിമയുടെ മായിക ലോകത്തേക്ക് നടനായി അരങ്ങേറ്റം കുറിക്കുമ്പോഴും മനസ്സിൽ കൊണ്ടുനടന്ന ഒരു വലിയ മോഹത്തിന്റെ പേരാണ് ധ്യാൻ ശ്രീനിവാസനെ സംബന്ധിച്ച് സംവിധാനം എന്നത്. ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിലൂടെ ധ്യാനും തന്റെ സ്വപ്നം കയ്യെത്തി തൊടുകയാണ്. നാടകരംഗത്തും മാധ്യമലോകത്തുമൊക്കെ പ്രവർത്തിക്കുമ്പോഴും അരുൺ പി ആർ എന്ന ചെറുപ്പക്കാരൻ കണ്ട സ്വപ്നമാണ് ‘ഫൈനൽസ്’ എന്ന ചിത്രത്തിലൂടെ യാഥാർത്ഥ്യമായിരിക്കുന്നത്. തങ്ങളുടെ ആദ്യ സംവിധാന സംരംഭത്തെ കുറിച്ച് ഇരട്ട സംവിധായകരായ ജിബി-ജോജുവും അരുൺ പി ആറും ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് സംസാരിച്ചു.

‘മാനത്തെ കൊട്ടാരം’ എന്ന ചിത്രത്തിനു ക്ലാപ്പ് അടിച്ചുകൊണ്ടാണ് ജിബിയുടെ സിനിമാ രംഗത്തേക്കുള്ള കടന്നുവരവ്. തുടർന്ന് 24 വർഷത്തോളം സഹസംവിധായകനായി നിരവധി സംവിധായകരുടെ കൂടെ പ്രവർത്തിച്ചു. സ്വന്തമായൊരു സിനിമയെന്ന സ്വപ്നവുമായി നടക്കുന്ന ജോജുവിനെ കണ്ടുമുട്ടുന്നതും സൗഹൃദത്തിലാവുന്നതും ആ യാത്രയ്ക്കിടയിൽ തന്നെ. “13 ചിത്രങ്ങളിൽ ഞങ്ങൾ ഒന്നിച്ച് വർക്ക് ചെയ്തിട്ടുണ്ട്. 10 വർഷം മുൻപാണ് രണ്ടുപേരും സ്വതന്ത്രരായി ഒരു സിനിമ ചെയ്താലോ എന്നു ഞങ്ങൾ ആലോചിക്കുന്നത്. പക്ഷേ പല കാരണങ്ങൾ കൊണ്ടു നീണ്ടുപോയി. ‘വെള്ളിമൂങ്ങ’, ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിച്ച് വർക്ക് ചെയ്യുമ്പോഴാണ് ഇനി സഹസംവിധായകരുടെ മേൽവിലാസത്തിൽ നിന്നു മാറി സ്വതന്ത്രരായി സിനിമ ചെയ്യാം എന്നു ഞങ്ങൾ തീരുമാനിക്കുന്നത്,” ജോജു ഇന്ത്യൻ എക്സ്‌പ്രസ് മലയാളത്തോട് പറഞ്ഞു.

“നിരവധി കഥകൾ ഞങ്ങൾ നോക്കിയിരുന്നു. ഒന്നും അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. ‘ഇട്ടിമാണി’യുടെ കഥയും തിരക്കഥയും സംഭാഷണവുമെല്ലാം ഞങ്ങൾ ഒന്നിച്ച് എഴുതിയതാണ്. ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ലാൽ സാറിനോട് ചിത്രത്തിന്റെ വൺ ലൈൻ പറയുന്നത്. അപ്പോഴേക്കും സ്ക്രിപ്റ്റ് ഞങ്ങൾ പൂർത്തിയാക്കിയിരുന്നു. പിന്നീട് ലാൽ സാറിനോടും ആന്റണി ചേട്ടനോടും മുഴുവൻ കഥയും പറഞ്ഞു. അവർ ഓകെ പറഞ്ഞു. 2017 ജനുവരിയിൽ ആണ് ഈ ചിത്രം ചെയ്യാമെന്ന് ലാൽ സാർ സമ്മതിക്കുന്നത്. സിനിമ എഴുതിയപ്പോൾ ലാൽ സാറിനെ മനസ്സിൽ കണ്ടിട്ട് അല്ലായിരുന്നു എഴുതിയത്. ലാൽ സാർ ഈ പ്രൊജക്റ്റിലേക്ക് വന്നപ്പോൾ ഞങ്ങൾ സ്ക്രിപ്റ്റ് ഒന്നൂടെ റീവർക്ക് ചെയ്തു.” ‘ഇട്ടിമാണി’യുടെ നാൾവഴികളെ കുറിച്ച് ജിബി പറഞ്ഞുതുടങ്ങി.

ഏറെ വർഷങ്ങൾക്കു ശേഷം മോഹൻലാൽ തൃശ്ശൂർ ഭാഷ സംസാരിക്കുന്ന കഥാപാത്രമാകുന്ന ‘ഇട്ടിമാണി’യുടെ ഏതാനും സീനുകൾ ചൈനയിലാണ് ചിത്രീകരിച്ചത്. ചൈനയിൽ ചിത്രീകരിച്ച ആദ്യമലയാള ചിത്രം എന്ന പ്രത്യേകതയും ‘ഇട്ടിമാണി’യ്ക്കുണ്ട്. “ചൈനയിലെ ചിത്രീകരണം ഒരു നല്ല അനുഭവമായിരുന്നു, ഒപ്പം ചെലവേറിയ കാര്യവും. ആന്റണി ചേട്ടനെ പോലൊരു നിർമ്മാതാവ് ഇല്ലായിരുന്നെങ്കിൽ ‘ഇട്ടിമാണി’ ചിലപ്പോൾ യാഥാർത്ഥ്യമാകുകയില്ലായിരുന്നു,” ജിബി കൂട്ടിച്ചേർക്കുന്നു.

മലയാളികൾ കുടുംബസമേതം തിയേറ്ററുകളിൽ പോയി സിനിമ കാണുന്ന സമയങ്ങളിൽ ഒന്നാണ്, ഓണം പോലുള്ള ഉത്സവകാലങ്ങൾ. മോഹൻലാലിനെ പോലൊരു ‘ക്രൗഡ് പുള്ളർ’ താരത്തെ വെച്ച് ആദ്യ സിനിമ ചെയ്യാനും ഓണം റിലീസായി തിയേറ്ററുകളിൽ എത്തിക്കാനും കഴിഞ്ഞതിൽ ഏറെ സന്തോഷവാന്മാരാണ് ജിബിയും ജോജുവും. “മലയാളസിനിമയിൽ മാത്രം 3000 ത്തിലേറെ അസിസ്റ്റന്റ് ഡയറക്ടർമാർ ഉണ്ടാവും. അവരെല്ലാം ആഗ്രഹിക്കുന്നുണ്ടാവും മോഹൻലാലിനെ പോലൊരു താരത്തെ വെച്ച് സിനിമ ചെയ്യാൻ. ഇട്ടിമാണി യാഥാർത്ഥ്യമാകുമ്പോൾ അതു ഞങ്ങളുടെ ഭാഗ്യത്തിനൊപ്പം ഇത്രനാളത്തെ കഠിനാധ്വാനത്തിന്റെ കൂടെ ഫലമാണെന്ന് കരുതാനാണ് ഇഷ്ടം,” ജോജു പറയുന്നു.

ഒരു സ്പോർട്സ് സിനിമ എന്നതിനപ്പുറം അച്ഛൻ- മകൾ ബന്ധത്തിന്റെ മനോഹരമായൊരു കഥ കൂടി പറയുകയാണ് രജിഷ വിജയനും സുരാജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ‘ഫൈനൽസ്’. നാടകപ്രവർത്തകനായ അരുൺ ആണ് ചിത്രത്തിന്റെ സംവിധായകൻ. “ഒരുപാട് സ്ഥലങ്ങളിൽ നമ്മൾ കണ്ടിട്ടുള്ള യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനമുൾകൊണ്ട് എഴുതിയ ഒരു തിരക്കഥയാണ് ‘ഫൈനൽസി’ന്റേത്. രജിഷ വിജയനെ എനിക്ക് ‘ഹാൻഡ് ഓഫ് ഗോഡ്’ എന്ന നാടകത്തിൽ ഒന്നിച്ച് പ്രവർത്തിച്ചതു മുതൽ അറിയാം. രജിഷയോട്​ അന്നു തന്നെ ഞാൻ ഈ കഥ പറഞ്ഞിട്ടുണ്ടായിരുന്നു. മണിയൻ പിള്ള രാജു ചേട്ടൻ ഈ പ്രൊജക്റ്റിലേക്ക് വന്നതാണ് ‘ഫൈനൽസ്’ യാഥാർത്ഥ്യമാക്കിയത്,” തന്റെ ആദ്യ സംവിധാനസംരംഭത്തെ കുറിച്ച് അരുൺ പറയുന്നു.

“മണിയൻപിള്ള രാജു ചേട്ടൻ സിനിമ നിർമ്മിക്കാം എന്നു പറഞ്ഞപ്പോൾ ഞാൻ രജിഷയെ വിളിച്ചു. രജിഷ ആദ്യം ചോദിച്ചത്, ആരാണ് ആലീസ് ആവുന്നത് എന്നാണ്. ഈ ചിത്രത്തിനു വേണ്ടി രജിഷ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട് . നല്ല കായികാധ്വാനം വേണ്ട ചിത്രം, ഷൂട്ടിംഗിനിടെ പരിക്കു പറ്റിയിട്ടും ഷൂട്ടിംഗിനെ ബാധിക്കരുതെന്ന നിർബന്ധത്തോടെ പെട്ടെന്ന് തന്നെ റിക്കവർ ചെയ്ത് വന്ന് രജിഷ ലൊക്കേഷനിൽ ജോയിൻ ചെയ്തു,” ആദ്യചിത്രം തിയേറ്ററുകളിലെത്തുന്ന സന്തോഷം പങ്കുവച്ചുകൊണ്ട് അരുൺ പറഞ്ഞു. നടിയും അരുണിന്റെ ഭാര്യയുമായ മുത്തുമണിയും ‘ഫൈനൽസി’ൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. “ഒരു പത്രപ്രവർത്തകയുടെ വേഷമാണ് മുത്തുമണിയ്ക്ക്. ആ കഥാപാത്രത്തിന് യോജിക്കുന്ന ഒരാൾ എന്ന രീതിയിലാണ് മുത്തുമണിയെ തെരെഞ്ഞെടുത്തത്,” അരുൺ പറയുന്നു.

about onam movies

More in Malayalam

Trending

Recent

To Top