Malayalam
വേദിയിൽ നിറഞ്ഞ കയ്യടി..ഒരു നിമിഷം.. എല്ലാം അസ്ഥാനത്തായി, ഒരു പിഴവിൽ എല്ലാം തകിടം മറിഞ്ഞു!
വേദിയിൽ നിറഞ്ഞ കയ്യടി..ഒരു നിമിഷം.. എല്ലാം അസ്ഥാനത്തായി, ഒരു പിഴവിൽ എല്ലാം തകിടം മറിഞ്ഞു!
ആധുനിക ജാലവിദ്യാരംഗത്ത് ഏറെ ശ്രദ്ധേയനായ മാന്ത്രികന്‍. ജാലവിദ്യ കൊണ്ട് വിസ്മയം തീർക്കുന്ന മുതുകാട് കാരുണ്യ പ്രവർത്തനങ്ങളും ചെയ്ത് കയ്യടി നേടാറുണ്ട്.ഇപ്പോളിതാ തന്റെ പഴയകാല ജീവിതത്തെക്കുറിച്ച് മനസ് തുറക്കുകയാണ് അദ്ദേഹം.. വേദിയിൽ പാളിപ്പോയ തന്റെ ആദ്യത്തെ ഇന്ദ്രജാലത്തെക്കുറിച്ച് തുറന്നു പറയുകയാണ് ഗോപിനാഥ് മുതുകാട്.
ഇന്ദ്രജാലാവതരണത്തിന്റെ അടങ്ങാത്ത മോഹവുമായി നടക്കുന്ന കാലത്ത് ആദ്യമായി എനിക്ക് ഇന്ദ്രജാലം അവതരിപ്പിക്കാൻ ഒരവസരം വന്നു; ചുങ്കത്തറ തലഞ്ഞിപ്പള്ളിയിലെ പെരുന്നാളിന്. ഉത്സവത്തിമിർപ്പോടെ എന്റെ മനസ്സ് അരങ്ങേറ്റത്തിന് തയാറെടുക്കുകയായിരുന്നു. വീഴ്ച വരില്ലെന്ന് ഒരിക്കൽക്കൂടി ഉറപ്പുവരുത്തി അച്ഛന്റെയും അമ്മയുടെയും ഗുരുനാഥന്റെയും അനുഗ്രഹത്തോടെയാണു വേദിയിലേക്കു കയറിയത്. വേദിയിലെത്തിയ എനിക്കു ലഭിച്ചത് നിറഞ്ഞ കൈയടികൾ. പക്ഷേ, ഒരു നിമിഷം… എല്ലാം അസ്ഥാനത്തായി. ഒരു പിഴവിൽ എല്ലാം തകിടം മറിഞ്ഞു. ഇന്ദ്രജാലം പൂർത്തിയാക്കാൻ കഴിയാതെ വിതുമ്പലോടെ ഞാൻ വേദിവിട്ടോടി. അണിയറയിൽ നിലത്തു കുത്തിയിരുന്നു മുഖംപൊത്തിക്കരയുന്ന എന്നെ പിടിച്ചെഴുന്നേൽപിച്ചുകൊണ്ട് അച്ഛൻ പറഞ്ഞു: ‘മതി കരഞ്ഞത്. ആദ്യായിട്ടാവുമ്പോ അങ്ങനൊക്കെണ്ടാവും.. വിജയത്തിൽനിന്ന് ഒരു പാഠവും പഠിക്കാനില്ല. എന്നാൽ, പരാജയങ്ങളിൽനിന്ന് ഏറെ പഠിക്കാനുണ്ടുതാനും’.
തളർന്നുപോയ മനസ്സിനു ലഭിച്ച ഏറ്റവും വലിയ പ്രചോദനമായിരുന്നു ഈ വാക്കുകൾ. അന്നുതൊട്ടിങ്ങോട്ട് ആ വാക്കുകൾ എന്നും എപ്പോഴും അച്ഛന്റെ സ്വരത്തിൽ എന്റെ ഉള്ളിലുണ്ട്. അച്ഛൻ അന്ന് എന്നെ നിരുത്സാഹപ്പെടുത്താനാണു ശ്രമിച്ചിരുന്നതെങ്കിൽ ഇന്നു ഞാനെന്താവുമായിരുന്നെന്ന് എനിക്കു നിശ്ചയമില്ല.
നമ്മുടെ കുട്ടികളിലും ഇതുപോലെ കഴിവുകളുണ്ട്. ഒരുപക്ഷേ, അച്ഛനമ്മമാരെ ഭയന്ന് അവർ അതെല്ലാം പുറത്തുകാട്ടാതെ നടക്കുകയുമാവാം.. അവരുടെ കഴിവിനെ, സ്വപ്നങ്ങളെ തല്ലിക്കെടുത്താതെ ആ കഴിവുകളോടൊപ്പം നമ്മളും ചേർന്നുനിൽക്കുമ്പോഴാണു പുതിയ വിസ്മയങ്ങളുണ്ടാവുന്നത്. കുട്ടിക്കാലത്തെ ചെറിയ ചെറിയ കഴിവുകളെ പ്രോത്സാഹിപ്പിക്കുക തന്നെ വേണം. അതിലൂടെ മാത്രമേ കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സാധിക്കൂ. ആ ആത്മവിശ്വാസമാണ് ഒരു കുട്ടിയുടെ വ്യക്തിത്വം നിർണയിക്കുന്നതും.
പാട്ടിനിടെ തെറ്റുപറ്റിയ ഓടക്കുഴൽ വാദകനെ എസ്.പി.ബാലസുബ്രഹ്മണ്യം വേദിയിൽ പ്രശംസിച്ചതും തോമസ് ആൽവാ എഡിസന്റെ കണ്ടുപിടിത്തത്തെക്കുറിച്ചുള്ള പത്രസമ്മേളനത്തിനിടെ ലാബിലെ തൊഴിലാളിയുടെ കൈയിൽനിന്നു ബൾബ് പൊട്ടുകയും മൂന്നു ദിവസത്തിനുശേഷം പത്രസമ്മേളനത്തിൽ അതേ തൊഴിലാളി തന്നെ ബൾബ് കൊണ്ടുവന്നതുമൊക്കെ മുൻപ് ഈ കോളത്തിൽ ഞാൻ വിവരിച്ചിട്ടുണ്ട്. ഈ രണ്ടു സംഭവത്തിലും പിഴവു സംഭവിച്ചവരെ ശകാരിക്കുകയോ വിമർശിക്കുകയോ ചെയ്യാതെ നിറഞ്ഞ പ്രോത്സാഹനമായി നിന്നത് അവരവരുടെ രംഗങ്ങളിൽ മാത്രമല്ല, മനസ്സിലും ഇവരൊക്കെ ‘വലിയ’വരാണെന്നു തെളിയിക്കുകയായിരുന്നു.
കുഞ്ഞുകുഞ്ഞു കണ്ടുപിടുത്തങ്ങളുമായോ സൃഷ്ടികളുമായോ പ്രോത്സാഹനവും അനുമോദനവും ആഗ്രഹിച്ചെത്തുന്ന കുഞ്ഞുങ്ങളെ ഒന്നു ചേർത്തുനിർത്തി, അവരുടെ പ്രവൃത്തികളിൽ അഭിമാനിക്കുന്നതിന്റെ തിളക്കം നമ്മുടെ കണ്ണുകളിലേക്കു പകർത്തി നോക്കൂ. നാളെ നമ്മുടെ കുഞ്ഞുങ്ങൾ തെളിഞ്ഞുനിൽക്കുന്ന നക്ഷത്രങ്ങളാകാൻ അതുമതിയാകും. അവരുടെ കഴിവുകൾക്കു വലിയ ആകാശങ്ങൾ തുറന്നുകൊടുക്കുവാൻ നമുക്കു മാത്രമേ കഴിയൂ.
about gopinad muthukad