Malayalam
നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ വാഹനങ്ങള്‍ തിരിച്ചറിഞ്ഞു
നടിയെ ആക്രമിച്ച കേസ്: പ്രതികളുടെ വാഹനങ്ങള്‍ തിരിച്ചറിഞ്ഞു
നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിന്റെ വിചാരണ നടക്കവേ ഇപ്പോൾ കുറ്റകൃത്യത്തിനുശേഷം പ്രതികള്‍ രക്ഷപ്പെട്ട വാഹനങ്ങള്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞിരിക്കുകയാണ്. പ്രതികള്‍ ഉപയോഗിച്ച പെട്ടി ഓട്ടോ, ബൈക്ക് എന്നിവയാണ് വെള്ളിയാഴ്ച വിസ്തരിച്ച സാക്ഷികള്‍ തിരിച്ചറിഞ്ഞത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ പരിചയക്കാരായ മനു, നെല്‍സണ്‍, സാജന്‍ എന്നിവരാണു പ്രതികള്‍ ഉപയോഗിച്ച വാഹനങ്ങള്‍ തിരിച്ചറിഞ്ഞത്.
കേസില്‍ രഹസ്യവിചാരണയുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നതിനെതിരേ പ്രതിഭാഗം കോടതിയില്‍ ഹര്‍ജി നല്‍കി. ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബു കൂറുമാറിയെന്ന തരത്തില്‍ വാര്‍ത്ത വന്നതിനെത്തുടര്‍ന്നാണു വിചാരണക്കോടതിയായ എറണാകുളം അഡീ. സെഷന്‍സ് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
കോടതി രഹസ്യവിചാരണ പ്രഖ്യാപിച്ച കേസില്‍ സാക്ഷിമൊഴികളുടെ വിശദാംശങ്ങള്‍ പുറത്തുവരുന്നതു കോടതിയലക്ഷ്യമാണെന്നും വിവരങ്ങള്‍ പുറത്തുവരുന്നതു തടയണമെന്നുമാണ് പ്രതിഭാഗത്തിന്റെ ആവശ്യം. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. കേസില്‍ നടന്‍ സിദ്ദിഖ്, നടി ബിന്ദുപണിക്കര്‍ എന്നിവരെ ശനിയാഴ്ച വിസ്തരിക്കും.
about dileep case
