Malayalam
സ്വന്തം വാഹനങ്ങളിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കൊറോണ വൈറസ് കൊലയാളിയായുണ്ടാകും!
സ്വന്തം വാഹനങ്ങളിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കൊറോണ വൈറസ് കൊലയാളിയായുണ്ടാകും!
ലോകം മുഴുവൻ കൊറോണ ഭീതിയിലാണ്.ദിനം പ്രതി കൊറോണ ബാധിച്ചവരുടെ എണ്ണം കൂടിവരുകയാണ്. ജാഗ്രത നിർദേശങ്ങളും, മുന്നറിയിപ്പുമായി സർക്കാരും ഒപ്പമുണ്ട് . കൊറോണ പടരുന്നതിന്റെ പശ്ചാത്തലത്തിൽ രാജ്യവും അതീവ ജാഗ്രതയിലേക്ക് നീങ്ങികഴിഞ്ഞുപൊതു ഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കാതിരിക്കുന്നത് കോവിഡ് 19 പകരുന്നത് തടയാന്‍ സഹായിക്കും. പക്ഷേ സ്വന്തം വാഹനങ്ങള്‍ ഉപയോഗിച്ചാലും കൊറോണ വൈറസിന്റെ വ്യാപനം തടയാന്‍ ചെയ്യേണ്ട നിരവധി കാര്യങ്ങളുണ്ട്. ആ കാര്യങ്ങൾ എന്തെല്ലാമാണെന്ന് ഒന്ന് നോക്കാം
വ്യക്തി ശുചിത്വം
വ്യക്തിശുചിത്വമാണ് ഏറ്റവും പ്രധാനം. കാറില്‍ പുറത്തേക്ക് പോകുന്നതിന് മുമ്പ് കൈകള്‍ കഴുകാന്‍ ശ്രദ്ധിക്കുക. കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തി തിരിച്ച് കാറില്‍ കയറുന്നതിന് മുമ്പും കൈകള്‍ കഴുകുകയോ ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുകയോ ചെയ്യാം. ഇതു നിങ്ങളിലൂടെ കൊറോണ വൈറസ് വാഹനത്തിന് ഉള്ളിലേക്ക് എത്തുന്നത് തടയും. കുടാതെ വാഹനത്തിന് അകത്തു വെച്ച് തുമ്മുകയോ ചുമക്കുകയോ ചെയ്യുകയാണെങ്കില്‍ മൂക്കും വായും മൂടാന്‍ ശ്രമിക്കുക. മാസ്ക് ഉപയോഗിക്കുന്നതാണ് ഏറ്റവും ഉത്തമം.
കാര്‍ ക്യാബിന്‍ വൃത്തിയായി സൂക്ഷിക്കാം
കൊറോണ വൈറസ് ശ്രവങ്ങളിലൂടെയാണ് പകരുന്നത്. കോവിഡ് 19 ബാധിച്ച രോഗി വാഹനത്തില്‍ കയറുകയാണെങ്കില്‍ വൈറസ് വാഹനത്തിലെ പ്രതലങ്ങളില്‍ തങ്ങി നില്‍ക്കാനുള്ള സാധ്യത കൂടുതലാണ്. വ്യത്യസ്ത പ്രതലങ്ങളില്‍ മണിക്കൂറുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ കൊറോണ വൈറസ് ജീവിച്ചിരിക്കും. അതുകൊണ്ടു തന്നെ വാഹനങ്ങള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കാം. ഡാഷ്‌ബോര്‍ഡുകളും ഡോര്‍ പാഡുകളും സീറ്റുകളും സാനിറ്റൈസ് ചെയ്ത് വൃത്തിയായി സൂക്ഷിക്കണം. കൂടാതെ കാറിന്റെ ഉള്‍ഭാഗം ഇടയ്ക്കിടെ വാക്വം ചെയ്യാം.
സ്ഥിരമായി സ്പര്‍ശിക്കുന്ന സ്ഥലങ്ങള്‍ അണുമുക്തമാക്കാം
വാഹനത്തിന്റെ ഉള്‍ഭാഗത്ത് നിന്ന് പൊടികള്‍ വാക്വം ചെയ്ത് നീക്കിയാലാണ് ഫലപ്രദമായി അണുമുക്തമാക്കാന്‍ സാധിക്കുകയുള്ളു. സ്ഥിരമായി സ്പര്‍ശിക്കുന്ന ഭാഗങ്ങള്‍ ആദ്യം തന്നെ അണുമുക്തമാക്കാം. ഡോര്‍പാഡുകള്‍, സ്റ്റിയറിങ് വീല്‍, ഗിയര്‍ ലിവര്‍, ഹാന്‍ഡ് ബ്രേക്ക്, സണ്‍ വൈസറുകള്‍, ഗ്രാബ് ഹാന്‍ഡിലുകള്‍, സീറ്റ് അഡ്‌ജെസ്റ്റ്‌മെന്റ് ലിവറുകള്‍, സീറ്റ് ബെല്‍റ്റ്, സീറ്റ് ബെല്‍റ്റ് ബക്കിളുകള്‍, ഡാഷ് ബോര്‍ഡ്, ടച്ച് സ്‌ക്രീന്‍, എസി ഓണ്‍ഓഫ് സ്വിച്ചുകള്‍ തുടങ്ങി എല്ലാ ബട്ടനുകളും കാറിന്റെ താക്കോലും സാനിറ്റൈസര്‍ അല്ലെങ്കില്‍ ഏതെങ്കിലും രോഗാണുനാശിനി ഉപയോഗിച്ചോ വൃത്തിയാക്കാം. ഇടയ്ക്കിടെ ഇതു ചെയ്യുന്നത് നന്നായിരിക്കും. കാറിന്റെ നിറത്തിനോ ഇന്റീരിയറിനൊ കോട്ടം വരുന്ന തരത്തിലുള്ള ബ്ലീച്ചും അമോണിയയും അടങ്ങി ലായിനികള്‍ ഉപയോഗിക്കാതിരിക്കുക. കാറിനുള്‍ വശങ്ങള്‍ വൃത്തിയാക്കുന്ന ഉത്പന്നങ്ങള്‍ വിപണിയില്‍ ലഭിക്കും അതു ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.
അപ്‌ഹോള്‍സറി ക്ലീന്‍ ചെയ്യാം
വാഹനത്തിന്റെ സീറ്റുകളും അപ്‌ഹോള്‍സറികളും ക്ലീന്‍ ചെയ്യാം. സോപ്പ് അല്ലെങ്കിൽ രോഗാണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കാം. പുത്തന്‍ കാര്‍ വാങ്ങിയിട്ട് വര്‍ഷങ്ങളായി എങ്കിലും സീറ്റിലെയും സണ്‍ ബ്ലൈന്‍ഡറിലെയും പ്ലാസ്റ്റിക് കവറുകളും മറ്റും മാറ്റാതെ കൊണ്ടുനടക്കുന്നവരെ കണ്ടിട്ടില്ലേ. സീറ്റില്‍ ചെളി പിടിക്കരുത് എന്നു കരുതിയാകും ഇവ മാറാത്തത്. എന്നാല്‍ ഈ അവസരത്തിലെങ്കിലും അവ കീറിക്കളയാന്‍ ശ്രമിക്കുക. കാറിന്റെ പുതുമയല്ല അതിനുള്ളില്‍ സഞ്ചരിക്കുന്ന ആളുകളുടെ ആരോഗ്യമാണ് വലുത്.
എസി സര്‍വീസ് ചെയ്യുക
കാറിന്റെ ഫ്ലോര്‍, ഡാഷ് ബോര്‍ഡ്, എസി വെന്റുകള്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ ബാക്ടീരിയകളും ഫംഗസുകളുമുള്ളത്. അതുകൊണ്ടു തന്നെ എസിയുടെ ഫില്‍റ്റര്‍ മാറുന്നതോ ക്ലീന്‍ ചെയ്യുന്നതോ നല്ലതായിരിക്കും. ഒപ്പം എസി വെന്റ് വൃത്തിയാക്കുകയും വേണം.
അകലം പാലിക്കുക
ഈ അവസരത്തില്‍ സ്വന്തം വാഹനം മറ്റുള്ളവര്‍ക്ക് നല്‍കാതിരിക്കാന്‍ ശ്രദ്ധിക്കുക. കൂടാതെ വാഹനത്തിനുള്ളില്‍ കയറുന്നവര്‍ക്ക്് പനിയോ മറ്റു അസുഖങ്ങളോ ഇല്ലെന്ന് ഉറപ്പുവരുത്തുക. ടാക്‌സി ഡ്രൈവര്‍മാര്‍ കൂടുതല്‍ സമയവും മാസ്‌ക് ധരിക്കാന്‍ ശ്രമിക്കുക. വാഹനത്തിന്റെ മുന്‍ സീറ്റില്‍ ആളുകളെ ഇരുത്താതെ പിന്നില്‍ തന്നെ ഇരുത്തുക. ഓരോ യാത്രക്കാരും ഇറങ്ങികഴിയുമ്പോള്‍ വാഹനത്തിന്റെ ഉള്‍ഭാഗം വൃത്തിയാക്കാനും ശ്രദ്ധിക്കുക.
about corona virus
