Malayalam
നൂലു കോര്‍ത്ത് ജയസൂര്യയുടെ ചിത്രം വരച്ച് ആരാധകന്; ഇതുപോലെ ആരും ചെയ്തു കണ്ടിട്ടില്ലെന്ന് നടന്
നൂലു കോര്‍ത്ത് ജയസൂര്യയുടെ ചിത്രം വരച്ച് ആരാധകന്; ഇതുപോലെ ആരും ചെയ്തു കണ്ടിട്ടില്ലെന്ന് നടന്
വ്യത്യസ്തങ്ങളായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ മലയാളി മനസിലേയ്ക്ക് ചേക്കേറിയ താരമാണ് ജയസൂര്യ. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോഴിതാ താരത്തെ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു ആരാധകന്.
പ്ലൈവുഡില്‍ നൂലു കോര്‍ത്ത് ജയസൂര്യയുടെ ചിത്രം വരച്ചാണ് പട്ടാമ്പിക്കാരനായ രമേശ് ജയസൂര്യയെ ഞെട്ടിച്ചത്. യൂട്യൂബില്‍ നിന്നാണത്രേ രമേശ് ഈ വിദ്യ പഠിച്ചെടുത്തത്. ജയസൂര്യയുടെ ചിത്രം ചെയ്യാന്‍ രണ്ടു കിലോമീറ്റര്‍ നൂലു വേണ്ടി വന്നുവെന്നാണ് രമേശ് ഒരു മാധ്യമത്തോട് പറഞ്ഞത്.
‘പ്ലൈവുഡില്‍ വെള്ള ചാര്‍ട്ട് പേപ്പര്‍ ഒട്ടിച്ച ശേഷം ആണികള്‍ തറച്ച് അതില്‍ നൂല് കോര്‍ത്താണ് ഈ ചിത്രം തയാറാക്കിയത്. രണ്ടു കിലോമീറ്റര്‍ നൂല് ആവശ്യമായി വന്നു. ഒരു പ്രത്യേക അല്‍ഗോരിതം ഉപയോഗിച്ചാണ് ഈ വിദ്യ ചെയ്യുന്നത്. ഇത് മലയാളികള്‍ ചെയ്തു കണ്ടിട്ടില്ല. വിദേശികളാണ് ഇത്തരത്തില്‍ ചെയ്തു കണ്ടിട്ടുള്ളത്. യുട്യൂബില്‍ ഇത് ചെയ്യുന്ന വിഡിയോ കണ്ടു പഠിച്ചതാണ് ഞാന്‍. നാലു മാസത്തോളം എടുത്താണ് ഇത് മനസ്സിലാക്കിയത്.
ആദ്യമായി വരച്ചത് മഹാത്മാഗാന്ധിയെ ആണ്. രണ്ടാമത്തെ ചിത്രമാണിത്. ചെറുപ്പം മുതല്‍ ജയേട്ടനെ ഇഷ്ടമാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ വരച്ചത്. ഞാന്‍ ഇത് ചെയ്തു വീട്ടില്‍ വച്ചിരിക്കുകയായിരുന്നു. മാമന്റെ മകനാണു പറഞ്ഞത് നമുക്ക് ഇത് ജയസൂര്യ ഏട്ടന്റെ അടുത്ത് എത്തിക്കണമെന്ന്. നമ്മള് വരച്ച ചിത്രം എത്തേണ്ടിടത്ത് എത്തുന്നത് ഒരു സംതൃപ്തിയല്ലേ. അങ്ങനെ അവന് ശ്രമിച്ചിട്ടാണ് അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞത്.
അദ്ദേഹത്തെ പോയിക്കണ്ട് ഇത് കാണിച്ചപ്പോള്‍ അദ്ദേഹത്തിനു സന്തോഷമായി. ജയേട്ടനെപ്പോലെ ഒരാളെ കാണുക എന്നതു തന്നെ പ്രയാസമാണ്, അദ്ദേഹത്തിന്റെ കയ്യില്‍ നമ്മുടെ ഒരു വര്‍ക്ക് എത്തുക, കൂടെനിന്ന് ഒരു ചിത്രമെടുക്കുക എന്നതൊക്കെ സ്വപ്നം പോലെ ആയിരുന്നു. ”ഒരുപാട് പേര് ചിത്രം വരച്ചു തന്നിട്ടുണ്ട്. ഇതുപോലെ ഇതുവരെ ആരും ചെയ്തു കണ്ടിട്ടില്ല” എന്ന് അദ്ദേഹം പറഞ്ഞു.
ഇത്രയും എഫര്‍ട്ട് എടുത്ത് ഇത് ചെയ്തല്ലോ എന്നുപറഞ്ഞ് അഭിനന്ദിക്കുകയും ഇനിയും വരയ്ക്കണം എന്നുപറഞ്ഞു പ്രചോദിപ്പിക്കുകയും ചെയ്തു. പട്ടാമ്പിയില്‍ നടുവട്ടത്താണ് എന്റെ വീട്. അമ്മയും അനുജനുമാണ് വീട്ടിലുള്ളത്. ആശാരിപ്പണിയാണ് ഞാന്‍ ചെയ്യുന്നത്. ചെറുപ്പം മുതല്‍ ചെറുതായി ചിത്രം വരയ്ക്കും. പുതിയ കാര്യങ്ങള്‍ ചെയ്തു നോക്കുന്നത് എന്റെ ഹോബിയാണ്. ജയസൂര്യ ചേട്ടനെ കാണാന്‍ കഴിഞ്ഞതും അഭിനന്ദനം ഏറ്റു വാങ്ങിയതും ജീവിതത്തില്‍ കിട്ടിയ വലിയ പ്രചോദനമാണ്’ എന്നും രമേശ് പറയുന്നു.
