കഴിഞ്ഞ ദിവസമായിരുന്നു നിർമ്മാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചത്. ഇപ്പോഴിതാ അദ്ദേഹത്തെ അനുസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. ഹൃദ്യമായ പെരുമാറ്റം കൊണ്ടും സ്നേഹോപദേശങ്ങൾ കൊണ്ടൂം മണി സാർ സിനിമാ മേഖലയിൽ എല്ലാവർക്കും ഒരു വഴികാട്ടിയും മാതൃകയുമായിരുന്നുവെന്നും നടൻ സോഷ്യൽ മീഡിയയിൽ എഴുതി.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ;
മറക്കാനാവാത്ത ചലച്ചിത്ര സംഭാവനകൾ മലയാളത്തിന് നൽകി പ്രിയപ്പെട്ട അരോമ മണി സാർ നമ്മോട് വിടപറഞ്ഞു. മലയാള സിനിമയുടെ വളർച്ചയുടെ പാതയിൽ, കലാമൂല്യം കൊണ്ടും ജനപ്രീതികൊണ്ടും കാലാതീതമായി നിൽക്കുന്ന, എത്രയെത്ര ചിത്രങ്ങളാണ് മണി സാർ നിർമ്മിച്ചു നൽകിയത്. 1970 മുതൽ ഇങ്ങോട്ടുള്ള നീണ്ട കാലയളവിൽ, എത്രയെത്ര ചലച്ചിത്ര പ്രതിഭകളെയാണ് അദ്ദേഹം കൈപിടിച്ചുയർത്തിയത്.
വ്യക്തിപരമായി എൻ്റെ അഭിനയ ജീവിതത്തിൽ വഴിത്തിരിവുകൾ ആയിമാറിയ ‘ഇരുപതാം നൂറ്റാണ്ട്’, ‘ദൂരെ ദൂരെ ഒരു കൂടുകൂട്ടാം’, ‘സൂര്യഗായത്രി’, ‘ബാലേട്ടൻ’, തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ മണി സാറിനോടൊപ്പം പ്രവർത്തിക്കാൻ ഭാഗ്യമുണ്ടായി.
‘എങ്ങനെ നീ മറക്കും’ സിനിമയിലെ ‘ദേവദാരു പൂത്തു’ തുടങ്ങി അദ്ദേഹത്തിൻ്റെ ചിത്രങ്ങളിലെ മനോഹരങ്ങളായ ഗാനങ്ങൾ മലയാളത്തിന് എങ്ങനെ മറക്കാൻ സാധിക്കും? ഹൃദ്യമായ പെരുമാറ്റം കൊണ്ടും സ്നേഹോപദേശങ്ങൾ കൊണ്ടൂം മണി സാർ സിനിമാ മേഖലയിൽ എല്ലാവർക്കും ഒരു വഴികാട്ടിയും മാതൃകയുമായിരുന്നു. എന്നും എന്നെ നെഞ്ചോടു ചേർത്ത് പിടിച്ച ഗുരുതുല്യനായ വ്യക്തിത്വം. നികത്താനാവാത്ത നഷ്ടങ്ങളുടെ കൂട്ടത്തിൽ പ്രിയപ്പെട്ട മണിസാറും.
തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അരോമ മണിയുടെ അന്ത്യം സംഭവിച്ചത്. 62 സിനിമകളാണ് അരോമ മണി നിർമിച്ചിട്ടുള്ളത്. അരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിലായിരുന്നു നിർമാണം. ഏഴ് ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
‘ധീരസമീരെ യമുനാതീരെ’ എന്ന ചിത്രത്തിലൂടെയാണ് അരോമ മണി നിർമാതാവിന്റെ കുപ്പായമണിയുന്നത്. 1977 ൽ മധുവിനെ നായകനാക്കി പുറത്തിയറങ്ങിയ ചിത്മായിരുന്നു ഇത്. ഫഹദിനെ നായകനാക്കി ശ്യാമപ്രസാദിൻ്റെ സംവിധാനത്തിൽ 2013-ൽ പുറത്തിറങ്ങിയ ‘ആർട്ടിസ്റ്റ്’ ആണ് അവസാന ചിത്രം.
തിങ്കളാഴ്ച നല്ല ദിവസം, ദൂരെ ദൂരെ ഒരു കൂടു കൂട്ടാം, ജനാധിപത്യം, എഫ്.ഐ,ആർ, ബാലേട്ടൻ, സി.ബി.ഐ ഡയറിക്കുറിപ്പ്, ഇരുപതാം നൂറ്റാണ്ട്, മാമ്പഴക്കാലം മുതലായവയാണ് അരോമ മണി നിർമിച്ച ശ്രദ്ധേയ ചിത്രങ്ങൾ. സ്വന്തം കഥയ്ക്ക് ജഗതി എൻ കെ ആചാരി എഴുതിയ തിരക്കഥയിൽ ഒരുക്കിയ ആ ദിവസം (1982) എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേയ്ക്കും എം മണി കടന്നുവന്നു.