നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ഭാവഗായകനാണ് പി ജയചന്ദ്രൻ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരാവസ്ഥയിലാണെന്നും ആശുപത്രിയിലാണെന്നും പറയുന്ന ചിത്രവും കുറിപ്പും പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട കുടുംബം തന്നെ ഇത് വ്യാജ വാർത്തകളാണെന്നും അദ്ദേഹം ആരോഗ്യവാനായിരിക്കുന്നുവെന്നും അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഈ വാർത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംഗീത നിരൂപകൻ രവി മേനോൻ.
രവി മേനോന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;
‘ആരോഗ്യപ്രശ്നങ്ങളുണ്ട്; ശരിതന്നെ. പ്രായത്തിന്റെ അസ്‌ക്യതകളും. അതുകൊണ്ട് ഒരു വ്യക്തിയെ ഗുരുതരരോഗിയും ആസന്നമരണനുമായി ചിത്രീകരിച്ചേ പറ്റൂ എന്ന് എന്താണിത്ര നിർബന്ധം? അതിൽ നിന്ന് എന്ത് ആത്മസംതൃപ്തിയാണ് ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് ലഭിക്കുക? പുലർച്ചെ വിളിച്ചുണർത്തിയത് അമേരിക്കയിൽ നിന്നുള്ള ഫോൺ കോളാണ്. “നമ്മുടെ ജയേട്ടന്റെ അവസ്ഥ കഷ്ടമാണെന്ന് കേൾക്കുന്നു. രക്ഷപ്പെടുമോ?” വിളിച്ചയാൾക്ക് അറിയാൻ തിടുക്കം.
കാര്യം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു അദ്ദേഹത്തെ. “കുറച്ചു കാലമായി ചികിത്സയിലാണ് എന്നത് സത്യം തന്നെ. ഡോക്ടറുടെ ഉപദേശപ്രകാരം സ്വന്തം വീട്ടിൽ വിശ്രമത്തിലാണ് ഇപ്പോൾ. പുറത്തു പോകുന്നത് അത്ര ആരോഗ്യകരമല്ല എന്നതാണ് കാരണം. അതല്ലാതെ ഗുരുതര രോഗാവസ്ഥയൊന്നുമില്ല അദ്ദേഹത്തിന്. ഇപ്പോഴും സുഹൃത്തുക്കളെ വിളിച്ചു സംസാരിക്കുന്നു. പാട്ടുകൾ കേൾക്കുന്നു. രോഗാവസ്ഥയെ സംഗീതത്തിന്റെ സഹായത്തോടെ അതിജീവിക്കാൻ ശ്രമിക്കുന്നു.”
അമേരിക്കക്കാരന് എന്നിട്ടും ബോധ്യം വരുന്നില്ല. “അപ്പോൾ പിന്നെ വാട്സാപ്പിൽ അയച്ചുകിട്ടിയ ഫോട്ടോയോ? അത്യന്തം അവശനിലയിലാണല്ലോ അദ്ദേഹം?” രണ്ടു മാസം മുൻപ് ഏതോ “ആരാധകൻ” ഒപ്പിച്ച വേല. ആശുപത്രി വാസം കഴിഞ്ഞു ക്ഷീണിതനായി വീട്ടിൽ തിരിച്ചെത്തി മുടി വെട്ടിയ ഉടൻ പ്രിയഗായകന്റെ രൂപം ഫോണിൽ പകർത്തുക മാത്രമല്ല ഉടനടി സാമൂഹ്യമാധ്യമങ്ങളിൽ പറത്തിവിടുകയും ചെയ്യുന്നു ടിയാൻ. ഇഷ്ടഗായകന്റെ കഷ്ടരൂപം ജനത്തെ കാണിച്ചു ഞെട്ടിക്കുകയല്ലോ ഒരു യഥാർത്ഥ ആരാധകന്റെ ധർമ്മം.
വിളിച്ചയാൾക്ക് തൃപ്തിയായോ എന്തോ. നിരവധി കോളുകൾ പിന്നാലെ വന്നു. എല്ലാവർക്കും അറിയേണ്ടത് ജയേട്ടനെ പറ്റിത്തന്നെ. ചിലരുടെ വാക്കുകളിൽ വേദന. ചിലർക്ക് ആകാംക്ഷ. മറ്റു ചിലർക്ക് എന്തെങ്കിലും “നടന്നുകിട്ടാനുള്ള” തിടുക്കം. ഭാഗ്യവശാൽ സോഷ്യൽ മീഡിയയിൽ വ്യാപരിക്കുന്ന പതിവില്ല ജയചന്ദ്രന്. വാട്സാപ്പിൽ പോലുമില്ല ഭാവഗായക സാന്നിധ്യം. എന്തും ലാഘവത്തോടെ കാണുന്നതാണ് അദ്ദേഹത്തിന്റെ ശീലം. പുറത്തു നടക്കുന്ന പുകിൽ അറിഞ്ഞെങ്കിൽ അദ്ദേഹത്തിന്റെ പ്രതികരണം എന്തായിരിക്കും എന്ന് ഊഹിക്കാനാകും എനിക്ക്’, എന്നും രവിമേനോൻ പറയുന്നു.
അതേസമയം, ജയചന്ദ്രൻ ആരോഗ്യവാനാണെന്നും പ്രായാധിക്യത്തിന്റേതായ പ്രശ്‌നങ്ങളല്ലാതെ മറ്റു തരത്തിലുള്ള അവശതകൾ ഇല്ലെന്നും കുടുംബം അറിയിച്ചു. അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ല. ഇപ്പോൾ പ്രചരിക്കുന്ന ഫോട്ടോ ഒന്നര മാസം മുൻപെടുത്തതാണ്. അദ്ദേഹം ഇപ്പോൾ വീട്ടിൽ തന്നെയുണ്ട്. ആ ഫോട്ടോയ്‌ക്കൊപ്പം പ്രചരിക്കുന്നത് വ്യാജ വാർത്തയാണ്.
സോഷ്യൽ മീഡിയയിൽ ആരോ ഇങ്ങനെ കഥകൾ എഴുതി വിട്ടതാണ്. പ്രായാധിക്യത്തിന്റേതായ പ്രശ്‌നങ്ങളുണ്ട്. അല്ലാതെ, പ്രചരിക്കുന്നതു പോലെയുള്ള പ്രശ്‌നങ്ങളില്ല. ഗുരുതരമായ എന്തോ കുഴപ്പമുണ്ടെന്നൊക്കെയാണ് എഴുതി വിട്ടിരിക്കുന്നത്. അതു തെറ്റായ വാർത്തയാണെന്നും പി.ജയചന്ദ്രന്റെ അടുത്ത വൃത്തങ്ങൾ പറഞ്ഞു.
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...
പഹൽഗാം ആക്രമണത്തിൽ പാകിസ്ഥാന് നൽകിയ തിരിച്ചടിയിൽ ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടൻ ജയസൂര്യ. കൊട്ടാരക്കര മഹാദേവ ക്ഷേത്രോത്സവത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു നടൻ. നടന്റെ...
പഹൽഹാം ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം നൽകിയ തിരിച്ചടിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും നടൻ ഹരീഷ് പേരടി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു...