Malayalam
ഗൃഹാതുരതയിൽ ശബ്ദത്തെ ചാലിച്ച ഗായകൻ…, പ്രിയപ്പെട്ട പാട്ടുകാരന് യാത്രാമൊഴി; മഞ്ജു വാര്യർ
ഗൃഹാതുരതയിൽ ശബ്ദത്തെ ചാലിച്ച ഗായകൻ…, പ്രിയപ്പെട്ട പാട്ടുകാരന് യാത്രാമൊഴി; മഞ്ജു വാര്യർ
കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ സ്വന്തം ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചത്. 80 വയസായിരുന്നു പ്രായം. അർബുദ ബാധിതനായി ഏറെനാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ജയചന്ദ്രന്റെ വിയോഗത്തിന്റെ വേദനയിലാണ് സംഗീത പ്രേമികളും സിനിമാ ലോകവും. ഇപ്പോഴിതാ ഈ വേളയിൽ നടി മഞ്ജു വാര്യർ കുറിച്ച വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.
മഞ്ജുവാര്യരുടെ കുറിപ്പ് ഇങ്ങനെയായിരുന്നു;
ഓർമകളിലേക്കുള്ള തോണിയാണ് എനിക്ക് ജയേട്ടന്റെ ഓരോ പാട്ടും. എപ്പോൾ കേട്ടാലും അത് കുട്ടിക്കാലത്തിന്റെ അരികത്ത് കൊണ്ടുചെന്ന് നിർത്തും. സിനിമ കാണുന്നത് ഇഷ്ടമില്ലായിരുന്ന ഒരു കുട്ടിയെ ഒരു കളിപ്പാട്ടം പോലെ കൊതിപ്പിക്കുകയും സ്ക്രീനിലേക്ക് നോക്കിയിരിക്കാൻ പ്രേരിപ്പിക്കുകയും ചെയ്ത ശബ്ദം.
തീയറ്ററിൽ കരഞ്ഞുവഴക്കുണ്ടായ ഏതോ ഒരു സന്ധ്യയിലാണ് ഞാൻ ജയേട്ടന്റെ ശബ്ദം ആദ്യമായി കേട്ടത്. വൈദേഹി കാത്തിരുന്താൾ എന്ന സിനിമയിലെ ‘രാസാത്തി ഉന്നെ കാണാതെ നെഞ്ച്’ എന്ന പാട്ട്. എന്തുകൊണ്ടാണെന്ന് ഇന്നുമറിയില്ല, കേട്ടപ്പോൾ എന്റെ കാതുകൾ ആ പാട്ടിൻ്റെ വഴിയേ പോയി.
നിലാവുള്ള ആ രാത്രിയും, ആരുമില്ലാതെ ഒഴുകിനീങ്ങുന്ന കുട്ടവഞ്ചിയും, കൽപ്പടവുകളിലിരിക്കുന്ന വിജയകാന്തും ആ ശബ്ദത്തിനൊപ്പം എന്നേക്കുമായി ഹൃദയത്തിൽ പതിഞ്ഞു. ഓർമയിലെ ആദ്യത്തെ സിനിമാവിഷ്വൽ. എന്റെ കുട്ടിക്കാല ഓർമകളിൽ ഏറ്റവും പ്രിയപ്പെട്ടത്. വളരെ വളരെ എന്ന ആവർത്തനം കൊണ്ടുപോലും ആ പാട്ടിനോടുള്ള ഇഷ്ടം വിവരിക്കാനാകില്ല.
അത്രയ്ക്കും അധികമാണ് ആ പാട്ട് എപ്പോൾ കേട്ടാലും തരുന്ന ആനന്ദവും ബാല്യത്തെക്കുറിച്ചുള്ള നഷ്ടബോധവും. ഇങ്ങനെ ഏതുതലമുറയ്ക്കും അവരുടെ ബാല്യത്തെയും കൗമാരത്തെയും യൗവനത്തെയും കുറിച്ചുള്ള ഓർമകൾ തിരികെക്കൊടുത്തു ജയേട്ടൻ. ഗൃഹാതുരതയിൽ ശബ്ദത്തെ ചാലിച്ച ഗായകൻ.
വർഷങ്ങൾക്ക് ശേഷം ‘എന്നും എപ്പോഴും’ എന്ന സിനിമയിലെ ‘മലർവാകക്കൊമ്പത്ത്’ അദ്ദേഹം പാടിയപ്പോൾ പ്രിയപ്പെട്ട പാട്ടുകളുടെ പട്ടികയിലേക്ക് ഒരെണ്ണം കൂടിയായി. ജയേട്ടന്റെ പാട്ട് നിലയ്ക്കുമ്പോൾ വല്ലാതെ വേദനിക്കുന്നത് അത് ജീവിതത്തിന്റെ എവിടെയൊക്കയോ തൊട്ടുനില്കുന്നതുകൊണ്ടാണ്. പ്രിയപ്പെട്ട പാട്ടുകാരന് യാത്രാമൊഴി..- എന്ന് മഞ്ജു കുറിച്ചു.
കഴിഞ്ഞ ദിവസം വൈകിട്ട് ഏഴ് മണിയ്ക്ക് പൂങ്കുന്നത്തെ വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടർന്നാണ് ജയചന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് അന്ത്യം സംഭവിക്കുകയായിരുന്നു. 1944 മാർച്ച് 3ന് എറണാകുളം ജില്ലയിലെ രവിപുരത്ത് ഭദ്രാലയത്തിലാണ് ജയചന്ദ്രൻ ജനിച്ചത്. രവിവർമ്മ കൊച്ചനിയൻ തമ്പുരന്റേയും പാലിയത്ത് സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ച് മക്കളിൽ മൂന്നാമനായിരുന്നു അദ്ദേഹം.
അഞ്ചുതവണയാണ് ജയചന്ദ്രൻ മികച്ച ഗായകനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ജയചന്ദ്രൻ തിളങ്ങിയിട്ടുണ്ട്. ‘രാസാത്തി ഉന്നൈ കാണാതെ നെഞ്ചം’ എന്ന ഒറ്റഗാനത്തിലൂടെ തമിഴകവും കീഴടക്കി. 1994 ൽ എ. ആർ. റഹ്മാൻ സംഗീതം നൽകിയ കിഴക്കു ചീമയിലെ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചതിന്റെ പേരിൽ മികച്ച ഗായകനുള്ള തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു.
റഹ്മാൻ സംഗീതസംവിധാനം നിർവ്വഹിച്ച ആദ്യഗാനം ആലപിച്ചത് ജയചന്ദ്രനായിരുന്നു. 1975ൽ പുറത്തിറങ്ങിയ “പെൺപട” എന്ന ചിത്രത്തിനുവേണ്ടി റഹ്മാന്റെ പിതാവ് ആർ.കെ ശേഖറിന്റെ ഓർക്ക്സ്ട്രയോടൊപ്പമുണ്ടായിരുന്ന മകൻ ദിലീപെന്ന ഒൻപത് വയസ്സുകരന്റെ ഈണമായിരുന്നു “വെള്ളിത്തേൻ കിണ്ണംപോൽ” എന്ന ജയചന്ദ്രന്റെ ഗാനത്തിന്. അന്ന് ഗാനരചന നിർവ്വഹിച്ച ഭരണിക്കാവ്ശ്രീകുമാർ ആണ് ഈ വിവരം പിൽക്കാലത്ത് പ്രസിദ്ധപ്പെടുത്തിയത്.
തമിഴ് ചലച്ചിത്ര സംഗീതത്തിന് നൽകിയ സംഭാവനകൾക്കുള്ള അംഗീകാരമെന്ന നിലയിൽ 1997 ൽ തമിഴ്‌നാട് സർക്കാരിന്റെ കലൈമാമണി അവാർഡിന് അർഹനായി. 2001 ന്റെ തുടക്കത്തിൽ ജയചന്ദ്രന് ‘സ്വരലയ കൈരളി യേശുദാസ് അവാർഡ്’ നൽകി ആദരിക്കുകയും ഈ പുരസ്കാരം ലഭിച്ച ആദ്യ ഗായകനാകുകയും ചെയ്തു.
