News
കുട്ടികള്‍ക്ക് 20, 21 വയസാകുമ്പോള്‍ അന്ന് എനിക്ക് 60 വയസായിരിക്കും പ്രായം; തന്റെ ഏറ്റവും വലിയ പേടിയെ കുറിച്ച് രണ്‍ബീര്‍
കുട്ടികള്‍ക്ക് 20, 21 വയസാകുമ്പോള്‍ അന്ന് എനിക്ക് 60 വയസായിരിക്കും പ്രായം; തന്റെ ഏറ്റവും വലിയ പേടിയെ കുറിച്ച് രണ്‍ബീര്‍
നിരവധി ആരാധകരുള്ള ബോളിവുഡ് താര ദമ്പതിമാരാണ് ആലിയ ഭട്ടും രണ്‍ബീര്‍ കപൂറും. അടുത്തിടെയാണ് ഇരുവരും തന്റെ മകളുടെ പേര് വെളിപ്പെടുത്തിയത്. റാഹ എന്നാണ് മകള്‍ക്ക് പേരിട്ടിരിക്കുന്നതെന്ന് ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ദമ്പതികള്‍ പങ്കുവച്ചത്. ഇപ്പോഴിത മാതാപിതാക്കളായി ഒരു മാസം പിന്നിട്ടിരിക്കുകയാണ് രണ്‍ബീറും ആലിയയും. തങ്ങളുടെ മകളുടെ പേരിന്റെ അര്ഥങ്ങളുമെല്ലാം താരങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം സീ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കവേ മകള്‍ക്കൊപ്പമുള്ള നിമിഷങ്ങളേക്കുറിച്ചും മകള്‍ക്കൊപ്പം സമയം കണ്ടെത്തുന്നതിനേക്കുറിച്ചുമൊക്കെ രണ്‍ബീര്‍ പറഞ്ഞിരുന്നു. അച്ഛനായി എന്നത് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ലെന്നും അത് അനുഭവിക്കാന്‍ തുടങ്ങുന്നതേയുള്ളൂവെന്നും രണ്‍ബീര്‍ പറഞ്ഞിരുന്നു. മുന്പോട്ടുള്ള പ്രൊജക്ടുകളൊക്കെ ഇനി എങ്ങനെയാണ് പ്ലാന്‍ ചെയ്തിരിക്കുന്നത് എന്ന് ഒരഭിമുഖത്തില്‍ രണ്‍ബീറിനോട് ചോദിച്ചിരുന്നു.
അച്ഛനാവുക എന്നത് ഏറെ സന്തോഷമുള്ള കാര്യമാണെന്ന് പറഞ്ഞാണ് രണ്‍ബീര്‍ ഇതിന് മറുപടി നല്‍കിയത്. കുഞ്ഞിന് പകര്‍ന്നു കൊടുക്കേണ്ട മൂല്യങ്ങളേക്കുറിച്ച് താനും ആലിയയും ചര്‍ച്ച ചെയ്യാറുണ്ടെന്നും രണ്‍ബീര്‍ പറഞ്ഞു. അനുകമ്പ, കരുണ, ബഹുമാനം അങ്ങനെ മാതാപിതാക്കള്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കേണ്ട പല കാര്യങ്ങളുമുണ്ട്. ആലിയയും താനും വര്‍ക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് ഒരുമിച്ചായിരിക്കാന്‍ ശ്രമിക്കാറുണ്ട് രണ്‍ബീര്‍ പറയുന്നു.
സത്യത്തില്‍ അച്ഛനായി എന്നത് എനിക്ക് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല. മകളേപ്പറ്റി പറയുമ്പോള്‍ ഞാന്‍ എപ്പോഴും ആലോചിക്കും ഓ..ഞാനൊരു അച്ഛനായി അല്ലേ എന്ന് രണ്‍ബീര്‍ പറഞ്ഞു. എന്റെ ഏറ്റവും വലിയ പേടി എന്താണെന്നു വച്ചാല്‍ കുട്ടികള്‍ക്ക് 20, 21 വയസാകുമ്പോള്‍ അന്ന് എനിക്ക് 60 വയസായിരിക്കും പ്രായം.
അപ്പോള്‍ അവര്‍ക്കൊപ്പം എനിക്ക് ഫുട്ബോള്‍ കളിക്കാനും ഓടാനുമൊക്കെ കഴിയുമോ? എന്നാണെന്നും രണ്‍ബീര്‍ പറഞ്ഞു. ഈ വര്‍ഷം ഏപ്രിലില്‍ ആയിരുന്നു ആലിയയും രണ്‍ബീറും തമ്മില്‍ വിവാഹിതരായത്. ജൂണിലാണ് താന്‍ അമ്മയാകുവാന്‍ പോവുകയാണെന്ന വിവരം ആലിയ പങ്കുവച്ചത്. അയാന് മുഖര്‍ജി സംവിധാനം ചെയ്ത ബ്രഹ്മാസ്ത്രയായിരുന്നു രണ്‍ബീറിന്റേയും ആലിയയുടേതുമായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ബോക്സോഫീസില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതും. കരണ്‍ ജോഹര്‍ ഒരുക്കുന്ന റോക്കി ഓര് റാണി കി പ്രേം കഹാനി എന്ന ചിത്രമാണ് ആലിയയുടേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. രണ്‍വീര്‍ സിംഗ് ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. സന്ദീപ് റെഡ്ഡി സംവിധാനം ചെയ്യുന്ന അനിമലാണ് രണ്‍ബീറിന്റെ റിലീസിനായി ഒരുങ്ങുന്ന ചിത്രം.
രശ്മിക മന്ദാന, അനില്‍ കപൂര്‍, ബോബി ഡിയോള്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ലവ് രഞ്ജന്‍ സംവിധാനം ചെയ്യുന്ന പേരിട്ടിട്ടില്ലാത്ത റൊമാന്റിക് കോമഡി ചിത്രത്തിലും രണ്‍ബീര്‍ ആണ് നായകനായി എത്തുന്നത്. ശ്രദ്ധ കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.