കുറവുകളുടെ പേരിൽ സമൂഹത്തിൽ നിന്നും മാറിനിൽക്കാൻ ശ്രമിക്കുന്നവരും ജീവിതം അവസാനിപ്പിക്കാൻ നടക്കുന്നവരുമുള്ള സമൂഹത്തിൽ പരിമിതികളോട് പൊരുതി ഓസ്കർ സ്വന്തമാക്കി മാതൃകയാവുകയാണ് നടൻ ട്രോയ് കോഡ്സുർ. 94-ാമത് ഓസ്കർ ചടങ്ങിനെത്തിയവരെ ഏറെ സന്തോഷിപ്പിച്ചതും കേൾവി ശക്തിയോ സംസാര ശേഷിയോ ഇല്ലാത്ത ട്രോയ് കോഡ്സുർ വിജയമാണ്. ഈ അമേരിക്കൻ താരം മികച്ച സഹനടനുള്ള ഓസ്കർ പുരസ്കാരമാണ് കോഡയിലെ പ്രകടനത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.
ഓസ്കർ നേടുന്ന രണ്ടാമത്തെ ബധിരനായ നടൻ കൂടിയാണ് ട്രോയ് കോഡ്സുർ. വിജയിയെ പ്രഖ്യാപിച്ചപ്പോൾ ചടങ്ങിൽ കൂടിയിരുന്ന അതിഥികളെല്ലാം സൈൻ ലാഗ്വേജിൽ കൈയ്യടിച്ചാണ് ട്രോയ് കോഡ്സുറിനോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. കോഡയിലെ ഫ്രാങ്ക് റോസി എന്ന കഥാപാത്രമാണ് ട്രോയിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ‘പരിമിതികളെ അവസരങ്ങളാക്കാന്‍ ബാല്യകാലം മുതൽ ഞാന്‍ പരിശീലിച്ചിരുന്നു. ജീവിതത്തെ പ്രതീക്ഷയോടെ സമീപിക്കൂ.
എന്റെ നേട്ടങ്ങള്‍ കേള്‍വിശേഷിയില്ലാത്തവര്‍ക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നു.’എന്റെ ജന്മനാടായ അരിസോണയിലെ മെസയിലെ എന്റെ ആരാധകർക്കും എന്റെ ഭാര്യയ്ക്കും മകൾ കൈറയ്ക്കും നന്ദി. ഒപ്പം എന്റെ ടീമിനും നന്ദി അറിയിക്കുന്നു. ഈ പുരസ്കാരം എന്റെ അമ്മയ്ക്കും എന്റെ അച്ഛനും എന്റെ സഹോദരൻ മാർക്കിനും വേണ്ടിയുള്ളതാണ്. അവർ ഇന്ന് ഇവിടെ ഇല്ല’ പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ട്രോയ് പറഞ്ഞു.
ശ്രവണ വൈകല്യമുള്ള മാർലി മാറ്റ്ലിൻ ആണ് ട്രോയ് കോഡ്സുറിന് മുമ്പ് ഓസ്കാർ നേടിയിട്ടുള്ള ബധിരയായ അഭിനേതാവ്. 1986ൽ ചിൽഡ്രൻ ഓഫ് എ ലെസ്സർ ഗോഡ് സിനിമയിലെ പ്രടനമാണ് അവരെ അന്ന് ഓസ്കറിന് അർഹയാക്കിയത്. അമ്പത്തിമൂന്നുകാരനായ ട്രോയ് കോഡ്സുർ 1968ൽ അമേരിക്കയിലാണ് ട്രോയിയുടെ ജനനം. ജനിച്ച് ഒരു മാസം തികഞ്ഞപ്പോഴാണ് മാതാപിതാക്കള്‍ മകന് കേള്‍വി ശക്തിയില്ലെന്ന് മനസിലാക്കുന്നത്.
പിന്നീട് കുറവിനെ മറികടക്കാൻ മകനെ പരിശീലിപ്പിക്കാനുള്ള ശ്രമം അവർ തുടങ്ങി. അമേരിക്കന്‍ ആംഗ്യ ഭാഷയില്‍ ട്രോയിയെ പരിശീലിപ്പിക്കാന്‍ മാതാപിതാക്കള്‍ ആരംഭിച്ചു. ഫീനിക്സ് ഡേ സ്കൂള്‍ ഫോര്‍ ഡെഫിലാണ് ട്രോയ് പഠിച്ചത്. തിയേറ്റര്‍, ടെലിവിഷന്‍, ഫിലിം കോഴ്സില്‍ ബിരുദം പൂര്‍ത്തിയാക്കിയ ട്രോയ് നാഷണല്‍ തിയേറ്റര്‍ ഫോര്‍ ഡെഫിലൂടെ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിച്ചു. 2001 ലാണ് ടെലിവിഷന്‍ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. അമേരിക്കന്‍ ടെലിവിഷന്‍ രംഗത്ത് തിരക്കുള്ള നടനായി പേരെടുത്തതിന് ശേഷം 2007ല്‍ ദി നമ്പര്‍ 23 എന്ന ചിത്രത്തിലൂടെ സിനിമയിലെത്തി. ദി യൂണിവേഴ്സല്‍ സൈന്‍, സീ വാട്ട് അയാം സേയിങ്, നോ ഓര്‍ഡിനറി ഹീറോ തുടങ്ങിയ ചിത്രങ്ങളിലും ട്രോയി അഭിനയിച്ചിട്ടുണ്ട്.