വാഹനത്തിന്റെ ഡോറുകള്‍ തുറക്കാന്‍ കഴിഞ്ഞില്ല. ആദ്യം കണ്ടത് കാറിനുള്ളില്‍ ബ്രേക്ക് ലിവറിന് സമീപം കുരുങ്ങിക്കിടന്ന കുഞ്ഞിനെയാണ്!
By
ബാലഭാസ്കറിന്റെ അപകട മരണത്തിലെ ദൃക്സാക്ഷിയാണ് വെള്ളറ സ്വദേശി അജി. കെ എസ് ആര് ടി സി ഡ്രൈവറാണ് അജി. അപകട ദിവസം അജി ഓടിച്ചിരുന്ന ബസ് ബാലഭാസ്കര്‍ സഞ്ചരിച്ച ഇന്നോവ കാറിന് പിന്നിലുണ്ടായിരുന്നു. ബാലഭാസ്കറിന്റെ ഇന്നോവയും മറ്റൊരു കാറും ആറ്റിങ്ങല്‍ മുതല്‍ താന്‍ ഓടിച്ചിരുന്ന കെ എസ് ആര് ടി സി ബസിന് മുന്നിലുണ്ടായിരുന്നുവെന്ന് അജി പറയുന്നു. ബസിന് 150 മീറ്ററോളം മുന്നിലായിരുന്നു ബാലഭാസ്കര്‍ സഞ്ചരിച്ച കാര്‍.
അതിന് മുന്നിലായി ഒരു സ്വിഫ്റ്റ് കാര്‍. പള്ളിപ്പുറത്ത് വളവ് കഴിഞ്ഞതോടെ ഇന്നോവ വലത്തോട്ട് നീങ്ങി, ദിശ തെറ്റി റോഡിന്റെ വലതുവശത്തേക്ക് ഇറങ്ങി മരത്തിലേക്ക് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ പുക ഉയര്‍ന്നു.-അജി പറഞ്ഞു. അപകടം കണ്ട് ഞെട്ടിയ അജി ബസ് മുന്നോട്ട് നീക്കി നിര്‍ത്തി കണ്ടക്ടര്‍ തിരൂര്‍ സ്വദേശി വിജയനൊപ്പം കാറിനരികിലേക്ക് ഓടിയെത്തി. വാഹനത്തിന്റെ ഡോറുകള്‍ തുറക്കാന്‍ കഴിഞ്ഞില്ല. ആദ്യം കണ്ടത് കാറിനുള്ളില്‍ ബ്രേക്ക് ലിവറിന് സമീപം കുരുങ്ങിക്കിടന്ന കുഞ്ഞിനെയാണ്. മുന്‍ സീറ്റിലുണ്ടായിരുന്ന സ്ത്രീയുടെ ബോധം നഷ്ടപ്പെട്ടിരുന്നു. ബര്‍മുഡ ധരിച്ച ഡ്രൈവര്‍ സീറ്റിലിരുന്നയാള്‍ക്ക് ബോധമുണ്ടായിരുന്നു. തലയാട്ടി രക്ഷപ്പെടുത്താന്‍ അയാള്‍ കേഴുന്നുണ്ടായിരുന്നു. കാറിന്റെ നടുവിലുള്ള സീറ്റില്‍ കറുത്ത കുര്‍ത്ത ധരിച്ചയാള്‍ രക്തത്തില്‍ കുളിച്ച് കിടക്കുന്നുണ്ടായിരുന്നുവെന്നും അജി പറയുന്നു. അപകടത്തില്‍പ്പെട്ടത് ബാലഭാസ്കറാണെന്ന വിവരം പിന്നീടാണ് അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
