പാലക്കാട് തണ്ണിശേരിയില്‍ ആംബുലൻസും ലോറിയും കൂട്ടിയിടിച്ചു; ആംബുലന്‍സിൽ ഉണ്ടായിരുന്ന എട്ട് പേരും തല്‍ക്ഷണം മരിച്ചു
പാലക്കാട് തണ്ണിശേരിയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റവരെയും കൊണ്ട് ആശുപത്രിയിലേക്ക് വന്ന ആംബുലന്‍സും മീന്‍ കയറ്റിയ മിനിലോറിയും കൂട്ടിയിടിച്ച് ആംബുലന്‍സിൽ ഉണ്ടായിരുന്ന എട്ട് പേരും തല്‍ക്ഷണം മരിച്ചു. പട്ടാമ്പി സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം. ആംബുലന്‍സ് ഡ്രൈവര്‍ സുധീര്‍, നാസര്‍, ഫവാസ്, സുബൈര്‍ എന്നിവരുടെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. അപകടത്തില്‍ പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
വിനോദസഞ്ചാരത്തിനായി എത്തിയ പട്ടാമ്ബി സ്വദേശികളായ അഞ്ചംഗ സംഘത്തിന്റെ വാഹനം ഇന്ന് ഉച്ചയോടെ നെല്ലിയാമ്ബതിയില്‍ വച്ച് അപകടത്തില്‍ പെട്ടിരുന്നു. തുടര്‍ന്ന് ഇവരെ നെന്മാറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായ പരിക്കേറ്റുകളില്ലെങ്കിലും തുടര്‍ പരിശോധനകള്‍ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചു. ഇതിനായി നെല്ലിയാമ്ബതിയില്‍ നിന്നും ചില ബന്ധുക്കളുമെത്തിയിരുന്നു. ഇവരും പരിക്കേറ്റവര്‍ക്കൊപ്പം ആംബുലന്‍സില്‍ കയറി ജില്ലാ ആശുപത്രിയിലേക്ക് തിരിച്ചു. ഇതിനിടയിലാണ് അമിത വേഗതയിലെത്തിയ മിനിലോറി ആംബുലന്‍സിനെ ഇടിച്ചുതെറിപ്പിച്ചത്. ആംബുലന്‍സിലുണ്ടായിരുന്നവര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചുവെന്നാണ് വിവരം. അപകടമുണ്ടായത് സ്ഥിരം അപകടമുണ്ടാകുന്ന സ്ഥലമല്ലെന്നും മീന്‍ ലോറി അമിത വേഗത്തിലായിരുന്നുവെന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്. അപകടത്തില്‍ ആംബുലന്‍സിന്റെ എഞ്ചിന് വരെ തകര്‍ന്ന നിലയിലാണ്.
