ഭയങ്കര ഓവറാണല്ലോ ദൈവമേ… കാസ്റ്റ് ചെയ്യാൻ പേടിയായി!! വേറെ ആളെ നോക്കാമെന്ന് കരുതി; നസ്രിയയെ കുറിച്ച് ജൂഡ് ആന്റണി
മലയാളികളുടെ ഇഷ്ടതാരമാണ് നസ്രിയ. കരിയറിൽ തിരക്കേറി വരുന്ന കാലത്താണ് നസ്രിയ വിവാഹിതയാകുന്നത്. വിവാഹ ശേഷം ചുരുക്കം സിനിമകളിലെ നടി അഭിനയിച്ചിട്ടുള്ളൂ. നസ്രിയ നസീമിന്റെ കരിയറിൽ ഏവരും എടുത്ത് പറയുന്ന സിനിമയാണ് 2014 ൽ പുറത്തിറങ്ങിയ ഓം ശാന്തി ഓശാന. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത സിനിമ മികച്ച വിജയം നേടി. സിനിമയിലെ നസ്രിയയുടെ പ്രകടനത്തെക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. ആദ്യം നസ്രിയയെ നായികയാക്കേണ്ടെന്ന് തനിക്ക് തോന്നിയിരുന്നെന്ന് ജൂഡ് ആന്റണി പറയുന്നു. നിവിൻ പോളി-നസ്രിയ കോബോ ആദ്യം കൊണ്ടുവന്നത് അൽഫോൻസ് പുത്രനാണ്. ഞാൻ ഓം ശാന്തി ഓശാന ചെയ്യുന്ന സമയത്ത് എല്ലാവരും ആദ്യമേ നസ്രിയ ചെയ്താൽ നന്നായിരിക്കുമെന്ന് പറഞ്ഞു.
ആ സമയത്ത് അവരുടെ മാഡ് ഡാഡ് എന്ന സിനിമ ഇറങ്ങിയിരുന്നു. ഭയങ്കര ഓവറാണല്ലോ ദൈവമേ എന്ന് തോന്നി. കാസ്റ്റ് ചെയ്യാൻ പേടിയായി. വേറെ ആളെ നോക്കാമെന്ന് കരുതി. അങ്ങനെ ഒരുപാട് പേരെ നോക്കി. എന്തോ ഭാഗ്യത്തിന് എനിക്കാരെയും കറക്‌ട് ആയി കിട്ടിയില്ല. പിന്നീട് നസ്രിയ തന്നെ നായികയായെത്തിയെന്ന് ജൂഡ് ആന്റണി ചൂണ്ടിക്കാട്ടി. എഡിറ്റിംഗ് ടേബിളിൽ കണ്ടപ്പോഴാണ് എത്രമാത്രം നന്നായാണ് അവർ ചെയ്തതെന്ന് മനസിലായത്. ലാലേട്ടനൊക്കെ ചെയ്യുന്നത് പോലെ ഭയങ്കര ഈസിയായി ക്യാരക്ടറിനെ പുൾ ഓഫ് ചെയ്യാൻ ഭയങ്കര പാടാണ്.
അഭിനയിക്കാൻ എല്ലാവർക്കും പറ്റും. പക്ഷെ ഇങ്ങനെയൊന്നും ചെയ്യാൻ പറ്റില്ലെന്നും ജൂഡ് ആന്റണി അഭിപ്രായപ്പെട്ടു. നസ്രിയ അല്ലാതെ വേറെ ആർക്കും ആ റോൾ ചെയ്യാൻ പറ്റുമെന്ന് തോന്നുന്നില്ല. എന്നോട് ഇതേക്കുറിച്ച് ഒരാൾ ഡീറ്റെയ്ൽ ആയി പറഞ്ഞപ്പോൾ വേറെ ആരാണിത് ചെയ്യുകയെന്ന് ഞാൻ ആലോചിച്ചു. വെറുതെ ഒരു നന്ദി അവൾക്കയച്ചു. എന്താണ് ഏട്ടായെന്ന് ചോദിച്ചപ്പോൾ ഒന്നുമില്ല, ഇരിക്കട്ടെയെന്ന് ഞാൻ. ഇന്നും ഓർക്കുന്ന കാലമാണത്. എനിക്ക് ഒരു പണിയും ഇല്ലായിരുന്നു. ക്യാമറ ഓൺ ചെയ്യുന്നു, അവർ അഭിനയിക്കുന്നു. ബാക്കി കാര്യങ്ങൾ നോക്കിയാൽ മതിയായിരുന്നു. ഇടയ്ക്ക് എപ്പോഴെങ്കിലും കുറച്ച് കൂടി നന്നായിരുന്നെങ്കിൽ കൊള്ളാമായിരുന്നു എന്നേ പറയേണ്ടി വന്നിട്ടുളളൂ. നസ്രിയ അല്ലാതെ ഒരു ഓപ്ഷനില്ല. ചിലപ്പോൾ പടം നല്ലതായിരിക്കും. പക്ഷെ ഇത്രയും സ്വീകാര്യത ഉണ്ടാവില്ലെന്നും ജൂഡ് ആന്റണി ചൂണ്ടിക്കാട്ടി. അണ്ടേ സുന്ദരനികി എന്ന തെലുങ്ക് ചിത്രത്തിലാണ് നസ്രിയ അവസാനമായി അഭിനയിച്ചത്. നാനി നായകനായെത്തിയ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. നസ്രിയയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ.