Malayalam
നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രനെ പിടികൂടാതെ പൊലീസ്
നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിയായ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രനെ പിടികൂടാതെ പൊലീസ്
നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 55 ദിവസം പിന്നിട്ടിട്ടും പ്രതിയായ നടനും ഹാസ്യകലാകാരനുമായ കൂട്ടിക്കൽ ജയചന്ദ്രനെ പിടികൂടാതെ പൊലീസ്. പരാതിയിൽ കേസെടുത്തതോടെ നടൻ ഒളിവിൽപ്പോവുകയായിരുന്നുവെന്ന് കസബ പോലീസ് പറഞ്ഞു. താമസസ്ഥലവും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടും പരിശോധിച്ചിരുന്നുവെന്നാണ് പോലീസ് നൽകുന്ന വിവരം. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്. എവിടെയാണ് ഒളിവിലെന്നതുസംബന്ധിച്ച് ഇതുവരെ ഒരുസൂചനയും ലഭിച്ചില്ലെന്നും പോലീസ് പറഞ്ഞു.
അന്വേഷണം തുടരുന്നതിനിടെ കോഴിക്കോട് പോക്‌സോ കോടതിയിൽ ജാമ്യാപേക്ഷ നൽകി. എന്നാൽ, ജൂലായ് 12-ന് ജാമ്യാപേക്ഷ തള്ളി. പിന്നീട് മുൻകൂർജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. ഈ ഹർജിയിൽ അടുത്തയാഴ്ചയാണ് വാദംകേൾക്കൽ. ഇതിനിടയിൽ കേസ് വഴിതിരിച്ചുവിടാൻ ശ്രമം നടക്കുന്നതായും ആരോപണം ഉയർന്നു. കുട്ടിയിൽനിന്നു പൊലീസ് മൊഴിയെടുത്തത് മൂന്നു തവണയാണ്. കേസുമായി ബന്ധമില്ലാത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ ഇടപെടലും ഉണ്ടായിരുന്നു. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയിട്ടും പ്രതി ഒളിവിലാണെന്നാണു പൊലീസ് പറയുന്നത്.
കഴിഞ്ഞ ജൂൺ എട്ടിനാണു നഗരപരിധിയിലെ ഒരു വീട്ടിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രൻ നാലു വയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് പോക്സോ കേസെടുത്തത്. കുട്ടിയുടെ ബന്ധു ജില്ലാ ചൈൽഡ് പ്രൊട്ടക്‌ഷൻ യൂണിറ്റ് (ഡിസിപിയു) മുഖേന നൽകിയ പരാതി കസബ പൊലീസിൽ എത്തുകയായിരുന്നു. പൊലീസ് പോക്സോ കേസ് റജിസ്റ്റർ ചെയ്തു. തുടർന്നു കുട്ടിയിൽനിന്ന് ഇൻസ്പെക്ടർ മൊഴിയെടുത്തു. പ്രതി നഗരത്തിലെ വിവിധ സുഹൃത്തുക്കളുടെ ഫ്ലാറ്റിൽ മാറിമാറി താമസിച്ചതായി അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു.
ഫ്ലാറ്റുകളിൽ രാത്രി പരിശോധന നടത്തിയെങ്കിലും പിടികൂടാനായില്ല. പിന്നീട് പൊലീസിലെ ചിലർ പ്രതിക്ക് അനുകൂലമായി പ്രവർത്തിക്കുന്നതായി ആരോപണം ഉയർന്നു. ഇതിനിടെ കുട്ടിയുടെ മൊഴി മാറ്റാനും ശ്രമമുണ്ടായി. പ്രതിയെ അറസ്റ്റ് ചെയ്യാൻ കസബ പൊലീസിനു കഴിയാത്ത സാഹചര്യത്തിൽ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.