Malayalam
നടി താരകല്യാണിന്റെ ശബ്ദം തിരിച്ച് കിട്ടി! സന്തോഷത്തോടെ താര കുടുംബം
നടി താരകല്യാണിന്റെ ശബ്ദം തിരിച്ച് കിട്ടി! സന്തോഷത്തോടെ താര കുടുംബം
നടി താര കല്യാണിനെ മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. വർഷങ്ങളായി മിനിസ്‌ക്രീനിലെ സജീവ സാന്നിധ്യമാണ് താരം. ഇപ്പോഴിതാ നിലച്ചുപോയ ശബ്ദം തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് താരം. പുതിയ വ്ലോഗിന് സ്വന്തം ശബ്ദത്തിൽ മനോഹരമായാണ് താര കല്യാൺ വോയ്സ് ഓവർ നൽകിയിരിക്കുന്നത്. പുതിയ വീഡിയോയിൽ താര അഭിനയിച്ച കാതോട് കാതോരം സീരിയലിലെ പ്രകടനത്തിന് ലഭിച്ച പുരസ്കാരം ഏറ്റുവാങ്ങാൻ പോയ വിശേഷങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. പൂവച്ചാൽ ഖാദർ ഫിലിം, ടെലിവിഷൻ, മീഡിയ അവാർഡ് 2024ൽ മികച്ച സീരിയൽ സ്വഭാവ നടിക്കുള്ള പുരസ്കാരമാണ് താരയ്ക്ക് ലഭിച്ചത്. അമ്മയുടെ നേട്ടം കാണാൻ മകൾ സൗഭാഗ്യയും മരുമകൻ അർജുനും കൊച്ചുമകൾ സുദർശനയും എല്ലാം വന്നിരുന്നു. കൊച്ചുമകളേയും ഒക്കത്തെടുത്താണ് പുരസ്കാരം ഏറ്റുവാങ്ങാൻ താര കല്യാൺ പോയത്.
താരയ്ക്കൊപ്പം സെൽഫി എടുക്കുന്നതിനേക്കാൾ ആളുകൾ തിരിക്ക് കൂട്ടിയത് സുദർശനയെ ഓമനിക്കാനും ഒപ്പം നിന്ന് ഫോട്ടോ പകർത്താനുമാണ്. വൈലോപ്പിള്ളി സംസ്കൃത ഭവനിലായിരുന്നു ചടങ്ങ് നടന്നത്. വീഡിയോ വൈറലായതോടെ ആരാധകർ എല്ലാം സന്തോഷം അറിയിച്ചത് ശബ്ദം തിരിച്ച് കിട്ടി എന്നറിഞ്ഞതിലാണ്. നിരവധി പേരാണ് താരയുടെ ശബ്ദം തിരിച്ച് കിട്ടിയതിലെ സന്തോഷം കമന്റിലൂടെ അറിയിച്ചത്. ഒരുപാട് സന്തോഷം തോന്നി കണ്ടപ്പോൾ, ശബ്ദം തിരിച്ച് കിട്ടിയല്ലോ. ഇന്നത്തെ താരാ കല്യാണിന്റെ സംസാരം വളരെ ഇഷ്ടപ്പെട്ടു. എന്നിങ്ങനെ പോകുന്നു കമന്റ്റുകൾ. ശബ്ദം തിരിച്ച് കിട്ടുന്നതിന് മുമ്പ് വരെ എഐ സംവിധാനം ഉപയോഗിച്ചാണ് യുട്യൂബ് വീഡിയോകൾക്ക് താര ശബ്ദം നൽകിയിരുന്നത്.
കഴിഞ്ഞ കുറച്ച് നാളുകളായി താര കല്യാണിന് ശബ്ദമുണ്ടായിരുന്നില്ല. മുറിഞ്ഞും ഇടറിയുമൊക്കെ ഉണ്ടാകുന്ന ശബ്ദ ദോഷങ്ങൾ നേരത്തേ തന്നെ താര നേരിട്ടിരുന്നു. ചെറുപ്പം മുതൽ പാടുന്നതിന്റെയോ ഗോയിറ്ററിന്റെ പ്രശ്നമോ ആയിരിക്കാമെന്നാണ് കരുതിയത്. മാനസിക സമ്മർദം ഉണ്ടാകുമ്പോഴും ഉറക്കെ ശബ്ദിക്കുമ്പോഴുമൊക്കെ ശബ്ദം പൂർണമായും അടയും. കഴിഞ്ഞ വർഷം താരയ്ക്ക് തൈറോയ്ഡിന്റെ ശസ്ത്രക്രിയ നടത്തി. എന്നിട്ടും ശബ്ദത്തിന് മാറ്റമുണ്ടായില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്പാസ്മോഡിക് ഡിസ്ഫോണിയ എന്ന രോഗം സ്ഥിരീകരിച്ചത്. തലച്ചോറിൽ നിന്ന് ശബ്ദപേടകത്തിലേക്ക് നൽകുന്ന നിർദേശങ്ങൾക്ക് ഏറ്റക്കുറച്ചിൽ ഉണ്ടാകുമ്പോൾ സംഭവിക്കുന്നതാണിത്. ഇതിന് മൂന്ന് അവസ്ഥകളുണ്ട്. അഡക്ടറാണ് താരയെ ബാധിച്ചത്. തൊണ്ടയിൽ ആരോ മുറുകെ പിടിച്ചിരിക്കുന്നതുപോലെ അനുഭവപ്പെടും. ശബ്ദിക്കാൻ ബദ്ധപ്പെടുന്തോറും അത് കൂടി വരും. ഡോക്ടറുടെ നിർദേശപ്രകാരം കുറച്ച് നാൾ മുമ്പ് ഒരു മണിക്കൂർ നീണ്ട ശസ്ത്രക്രിയ നടത്തി. മൂന്നാഴ്ച കഴിഞ്ഞാൽ താരയ്ക്ക് ശബ്ദം തിരിച്ച് കിട്ടുമെന്നാണ് അന്ന് ഡോക്ടർ പറഞ്ഞത്. നിലച്ചുപോയ ശബ്ദത്തിന്റെ തിരിച്ചുവരവിനായി നിശ്ശബ്ദമായി കാത്തിരിക്കുകയായിരുന്നു നടി താര കല്യാൺ.
