ഇനി ഈ സെറ്റിൽ നിന്ന് ഞാൻ ഭക്ഷണം കഴിക്കില്ല! പഴത്തിന്റെ പ്രശ്നം കടുത്തതോടെ അന്ന് ആ ഷൂട്ടിംഗ് സെറ്റിൽ സംഭവിച്ചത്
കേരള ഫിലിം ചേംബർ ഒഫ് കൊമേഴ്സിന്റെ വാർഷിക ജനറൽ ബോഡി യോഗത്തിൽ സംസാരിക്കവേ സുരേഷ്‌ഗോപി പറഞ്ഞ വളരെ രസകരമായ സംഭവം ആണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്. പഴയൊരു സിനിമ സെറ്റിലെ ഓർമകളും സുരേഷ് ഗോപി പങ്കുവച്ചു. ഞാൻ പേരുകേട്ട, വെറുക്കപ്പെടേണ്ട, ഒരു പിണക്കക്കാരനാണ്. അത് ഞാൻ നിഷേധിക്കുന്നൊന്നുമില്ല. ഞാൻ നന്നായി പിണങ്ങും. ചുമ്മാ പിണങ്ങും. ചിലപ്പോൾ ഒരു ന്യായവുമുണ്ടാകത്തില്ല.
ഉണ്ണാതെയൊക്കെ എത്ര ദിവസം സെറ്റിൽ ഇരുന്നിട്ടുണ്ട്. ജയരാജന്റെ സിനിമയുടെ സമയത്ത് ഞാൻ കാലത്ത് ഹോട്ടലിൽ നിന്ന് എന്റെ കാശ് കൊടുത്ത് വാങ്ങിച്ച ഭക്ഷണം കഴിച്ച്, ഉച്ചയ്ക്ക് ആ സെറ്റിൽ നിന്ന് ഭക്ഷണം കഴിക്കാതെ രാത്രി പതിനൊന്ന് മണിവരെ ഇരുന്നിട്ടുണ്ട്. പൈതൃകത്തിന്റെ സെറ്റിൽ. കാരണമെന്താ, ഊണിന്റെ കൂടെ പഴം വച്ചില്ല. ഞാനല്ല, കേട്ടോ, എന്റെമേൽ ചാർത്താതെ. ജയറാമാണ് വന്ന് പറഞ്ഞത്. വേണമെങ്കിൽ പരസ്യ വിചാരണയ്ക്ക് ഞാൻ തയ്യാറാണ്. ജയറാം പറഞ്ഞു, മണിയൻ പിള്ള രാജു കൂട്ടുംപിടിച്ചു.പഴം തന്നില്ല, പഴം ചോദിച്ചപ്പോൾ, വീട്ടിൽ നിന്ന് ഇങ്ങ് കൊണ്ടുവന്നാൽ മതിയെന്ന് പ്രൊഡക്ഷൻ ബോയ് പറഞ്ഞു.
ഞാൻ അപ്പോൾ ചോറ് ഇട്ടിട്ട് പറഞ്ഞു, എന്നാ ഇനി പഴം വന്നിട്ടുമതി എന്ന് പറഞ്ഞ് എഴുന്നേറ്റു.എല്ലാവരും എന്റെ കൂടെ എണീറ്റു. അന്ന് സമരം പ്രഖ്യാപിച്ചു. ഇനി ഈ സെറ്റിൽ നിന്ന് ഞാൻ ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞു. കാരണം വൈകുന്നേരം വരെ പഴം വന്നില്ല. അപ്പോൾ ആ നിർമാതാവിന്റെ നിഷേധം അതിനകത്ത് ഉണ്ടായിരുന്നു. എന്നാൽ അവന്മാർ ഇനി കുറച്ച് ദിവസം ചോറ് ഉണ്ണണ്ട, ലാഭം എനിക്കാണെന്ന് വിചാരിച്ച നിർമാതാവ് ഉണ്ടെന്നും സുരേഷ് ഗോപി തമാശരൂപേണെ പറഞ്ഞു.