Social Media
നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ്
നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ചിത്രവുമായി യേശുദാസ്
മലയാളിയ്ക്ക് സംഗീതമെന്നാൽ യേശുദാസാണ്. പതിറ്റാണ്ടുകളായി മലയാളി കാതോരം ചേർത്ത് ഹൃദയത്തിലേറ്റുന്ന നിത്യഹരിത രാഗത്തിന്റെ പേര് കൂടിയാണ് യേശുദാസ്. മലയാളിക്ക് ഗായകൻ എന്നതിലുപരി മറ്റെന്തെല്ലാമോ കൂടിയാണ് ആ മനുഷ്യൻ. തന്റെ സുഖ ദുഃഖങ്ങളിലും സന്തോഷ സന്താപങ്ങളിലുമെല്ലാം കൂട്ടായി എത്തുന്ന ഗാനങ്ങൾ, അവയ്ക്ക് പിന്നിലെ സ്വര മാധുര്യം, മണ്ണിലെ ഗാനഗന്ധർവൻ. ആ അപൂർവ സുന്ദര സ്വരമാധുരി നുണയാത്തവരായി ആരുമുണ്ടാകില്ല.
പതിറ്റാണ്ടുകൾക്കിപ്പുറം മാറ്റിവയ്ക്കാനാകാത്ത ശീലമായി മലയാളിക്ക് യേശുദാസ് മാറിക്കഴിഞ്ഞു. പകരം വയ്ക്കാനില്ലാത്ത വികാരം, അതാണ് ആ ശബ്ദത്തിന്റെ മാറ്റ് കൂട്ടുന്നത്. വാക്കുകൾ മതിയാകാതെ വരും ആ സ്വരമാധുരിയ്ക്ക് വിശേഷണങ്ങൾ തീർക്കാൻ. തലമുറകളെ തന്റെ ആരാധകരാക്കിയ ഇന്ദ്രജാലം ദാസേട്ടൻ തുടർന്ന് കൊണ്ടേയിരിക്കുന്നു. മലയാളികൾ ഉള്ളിടത്തോളം കാലം കെ ജെ യേശുദാസും ആ ശബ്ദവും നിലനിൽക്കും.
അദ്ദേഹത്തെ പോലെ ഭാര്യ പ്രഭയും പ്രേക്ഷകർക്ക് സുപരിചിതയാണ്. അദ്ദേഹത്തിന്റെ പരിപാടികളിലെല്ലാം സദസിന്റെ മുൻനിരയിൽ പ്രഭയും ഉണ്ടാവാറുണ്ട്. ഇപ്പോഴിതാ ഏറ്റവും ഒടുവിൽ ഏറെ നാളുകൾക്ക് ശേഷം ഭാര്യക്ക് ഒപ്പമുള്ള ഒരു ചിത്രം പങ്കുവച്ചെത്തിയിരിക്കുകയാണ് അദ്ദേഹം. താൻ തുമ്മിയാലും അതിലും സംഗീതം കണ്ടെത്തുന്നയാളാണ് പ്രഭ എന്നൊരിക്കൽ യേശുദാസ് പറഞ്ഞിട്ടുണ്ട്. അതും ഇഷ്ടപ്പെടും. കാരണം അത് അങ്ങനെയങ്ങ് ലയിച്ച് കിടക്കുകയാണ്. അവൾക്ക് ഇഷ്ടക്കുറവേ വരില്ല, അൺകണ്ടീഷണൽ ലവാണ് എന്നാണ് തങ്ങളുടെ പ്രണയത്തെകുറിച്ചുള്ള ചോദ്യത്തിന് ഒരിക്കൽ അദ്ദേഹം തുറന്നുപറഞ്ഞത്.
സിനിമയിലെ സുഹൃത്തുക്കൾ, സംഗീതലോകത്തിലെ പ്രിയപെട്ടവർ ഒക്കെയും ദാസേട്ടനെ കാണാൻ പോകുന്നതിന്റെ വിശേഷങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറയാറുണ്ട്. അടുത്തിടെ, അദ്ദേഹത്തിന്റെ പിറന്നാൾ ദിവസം, താരജാഡകളില്ലാതെ സാധാരണക്കാരനായി ഭാര്യ പ്രഭയ്ക്കൊപ്പം വാർധക്യം ആസ്വദിക്കുന്ന യേശുദാസിനെ കുറിച്ച് ബിനോയി സെബാസ്റ്റ്യൻ എന്ന വ്യക്തി എഴുതിയ വാക്കുകളും വൈറലായിരുന്നു. ‘ലാന്റാനയെന്ന ചെറുനഗരത്തിലെ അദ്ദേഹത്തിന്റെ വീട്ടിലേയ്ക്ക് കയറുകയായിരുന്നു ഞാൻ. അടുത്തെത്തിയപ്പോൾ വെളുത്ത ഷോർട്സും ടീഷർട്ടുമിട്ട് പലക മിനുക്കുകയാണ് അദ്ദേഹം. വീടിന്റെ രണ്ടാം നിലയിൽ സ്വന്തം രൂപകൽപനയിൽ പണിയുന്ന ഹോംതിയറ്ററിന് വേണ്ടിയാണത്.
‘ഒരു ലളിതസുന്ദരഗാനം പോലെയായിരുന്നു ആ കാഴ്ച. ഇന്ത്യയിൽ സെലിബ്രിറ്റികളുടെ സെലിബ്രിറ്റിയായ യേശുദാസ് ലാളിത്യത്തിന്റെ ലാളിത്യത്തോടെയാണ് ഇവിടെ ജീവിതം നയിക്കുന്നത്. എൺപത്തിനാലാം വയസിലേക്ക് പ്രവേശിക്കുന്ന അദ്ദേഹത്തിന്റെ കഠിനാധ്വാനവും നിതാന്തപരിശ്രമവും ആദരണീയവും അനുകരണീയവുമാണ്.’ ‘ആയിരം പൂർണചന്ദ്രനെ ദർശിച്ച അദ്ദേഹം ഇപ്പോൾ ശാന്തസുന്ദരമായ ജീവിതം ആസ്വദിക്കുന്നു.
ഒരു സമ്പൂർണ യോഗിവര്യന്റെ സംയമനത്തോടെ. ഗായകനായ യേശുദാസിനെ നാം തിരിച്ചറിഞ്ഞിട്ടുണ്ടായിരിക്കാം. പക്ഷെ ഒരു ചിത്രകാരൻ, ശിൽപി തുടങ്ങിയ നിലകളിലെ അദ്ദേഹത്തിന്റെ പ്രാഗത്ഭ്യം എത്ര പേർ മനസിലാക്കിയിട്ടുണ്ട്… സ്വന്തം വീടിന്റെ രണ്ടാം നിലയിൽ സ്വയം നിർമിച്ച സ്റ്റുഡിയോയിലാണ് വടക്കും നാഥൻ എന്ന സിനിമയിലെ ഗംഗേ… എന്ന ഗാനം അദ്ദേഹം പാടി റെക്കോർഡ് ചെയ്തത്. അദ്ദേഹം തന്നെ പണിതെടുത്ത ഹോം തിയറ്ററിന്റെ ഭംഗിയും പ്രൗ!ഢിയും ആ പ്രതിഭയുടെ മറ്റൊരുദാഹരണമാണ്. നർമം നന്നായി ആസ്വദിക്കുകയും പറയുകയും ചെയ്യുന്ന വ്യക്തിത്വമാണ് യേശുദാസിന്റേത്.’
‘വേദങ്ങളിലും പുരാണങ്ങളിലും ആദിമഗ്രന്ഥങ്ങളിലുമുള്ള വേദാർഥങ്ങൾ ഗ്രഹിച്ചിട്ടുള്ള അദ്ദേഹം മനുഷ്യർ ഉൾപ്പെടുന്ന പ്രകൃതിയെ സ്നേഹിക്കുന്നു. ഒരു പാട്ട് ഒരു സിനിമയിൽ പാടുവാൻ അവസരം കിട്ടിയാൽ പിറ്റേന്ന് മുതൽ സെലിബ്രിറ്റി കുപ്പായമിടുന്നവർക്കിടയിൽ ഇന്ത്യയുടെ മഹാപ്രതിഭയായ ദാസേട്ടൻ വേറിട്ട് നിൽക്കുന്നു’, എന്നാണ് ബിനോയി സെബാസ്റ്റ്യൻ കുറിച്ചത്.
ഈ വേളയിൽ അദ്ദേഹത്തിന്റെ ഒരു അഭിമുഖവും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നുണ്ട്. ഞാൻ മദ്യപിക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും ചിലർക്ക് വിശ്വാസമില്ല. കൊച്ചിലേ മുതൽ ഡോക്ടർ എനിക്ക് ടോണിക്ക് എഴുതിയാൽ അതിൽ ആൽക്കഹോളിക്ക് കണ്ടന്റുണ്ടെങ്കിൽ അതെനിക്ക് വേണ്ട, അത് കഴിക്കുമ്പോൾ എനിക്കെന്തൊക്കെയോ ബുദ്ധിമുട്ട് വരുന്നു എന്ന് പറയാറുണ്ട്. അതിനോട് വെറുപ്പുണ്ടായിട്ടില്ല. എന്തോ ഒരു ശക്തി ആദ്യം മുതലേ എന്നെ ഇതിൽ നിന്നും പിൻവലിക്കുന്നുണ്ടായിരുന്നു. അത് ഞാനായിട്ട് ചെയ്യുന്നതല്ല.
ചില സമയത്ത് എനിക്ക് തന്നെ ചില സംശയങ്ങളും വരാറുണ്ട്. നമ്മളെക്കൊണ്ട് തെറ്റ് ചെയ്യിപ്പിക്കുന്നതും ചെയ്യിപ്പിക്കാതിരിക്കുന്നതും ദൈവം തന്നെയാണോ, നിഷ്ഠകളൊന്നും താനെ വരുന്നതല്ല. ഞാനും മനുഷ്യനല്ലേ എനിക്കും വീക്ക്നെസുകളൊക്കെയുണ്ട്. സംഗീതത്തോട് കൂടുതൽ ഇഷ്ടവും ബഹുമാനവുമൊക്കെ വന്നത് കൊണ്ട് ഭക്ഷണരീതി പോലും ഞാൻ ശ്രദ്ധിക്കാറുണ്ട്. പാടുമ്പോൾ എന്തെങ്കിലും ബുദ്ധിമുട്ട് വരുത്തുന്ന ഭക്ഷണമാണെങ്കിൽ ഞാനത് കഴിക്കില്ല. അങ്ങനെ പോയിപ്പോയി ഒരേ തരത്തിലുള്ള രീതിയിൽ വന്ന് നിൽക്കുകയാണ്.അതുകൊണ്ട് എനിക്ക് കിട്ടുന്നൊരു സുഖം എന്താണെന്ന് വെച്ചാൽ എന്റെ പാട്ട് കേട്ട് മറ്റുള്ളവർ മനസ് നിറഞ്ഞ് ആസ്വദിക്കുന്ന കാഴ്ചയാണ്.
ഭക്ഷണം കഴിച്ചതിനെക്കാളും സന്തോഷമാണ് ആ ഫീലിംഗ്. പിച്ചള പാത്രമാണ് തൊണ്ട. സ്വർണ്ണപ്പാത്രമല്ല. സ്വർണ്ണപ്പാത്രത്തിന് ശബ്ദം കുറവാണ്. പിച്ചള പാത്രത്തിന് ശബ്ദം കൂടുതലാണ്. അതിനെ ദിവസവും തുടച്ച് വെക്കണമെന്ന് എന്നോട് ചെമ്പൈ സ്വാമികൾ പറയാറുണ്ട്. അത്രയും സൂക്ഷിക്കണം ശബ്ദം. കുടുംബകാര്യത്തിലും ഞാൻ ഭാഗ്യവാനാണ്. എന്റെ ആദ്യഭാര്യ സംഗീതമാണ്, രണ്ടാം ഭാര്യയാണ് നീ എന്ന് ഞാൻ പ്രഭയോട് പറഞ്ഞിട്ടുണ്ട്.
അതേപോലെ അവൾ അത് ഉൾക്കൊണ്ടിട്ടുണ്ട്. എന്നേക്കാളും പാട്ടിഷ്ടപ്പെടുന്നയാളാണ് അവൾ. എന്റെ അമ്മയുടെ പല ഗുണങ്ങളും അവൾക്ക് കിട്ടിയിട്ടുണ്ട്. കലാകാരൻ എന്ന നിലയിൽ എനിക്ക് കിട്ടിയ ഭാഗ്യമാണ് പ്രഭ എന്നുമായിരുന്നു യേശുദാസ് പറഞ്ഞത്. അതേസമയം, അടുത്തിടെ അദ്ദേഹത്തിന്റെ ആരോഗ്യത്തിന് സാരമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്നും ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുകയാണെന്ന തരത്തിലും ചില വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ ഇതെല്ലാം വ്യാജ വാർത്തകളാണെന്നും പ്രചരിക്കുന്ന വാർത്തകളിൽ യാതൊരു സത്യവുമെല്ലെന്നും വ്യക്തമാക്കി അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ വ്യക്തമാക്കിയത്.
1961 നവംബർ 14നാണ് യേശുദാസിന്റെ ആദ്യ ഗാനം റെക്കോർഡ് ചെയ്തത്. ‘കാൽപ്പാടുകൾ’ എന്ന സിനിമയിൽ പാടാൻ അവസരം നൽകി. സിനിമയിലെ മുഴുവൻ ഗാനങ്ങളും പാടാനായിരുന്നു ക്ഷണിച്ചിരുന്നതെങ്കിലും ജലദോഷം മൂലം ഒരു ഗാനം മാത്രമേ പാടാനായുള്ളു. അങ്ങനെ ‘ജാതിഭേദം മതദ്വേഷം’ എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ് ചലച്ചിത്ര സംഗീത ലോകത്ത് ഹരിശ്രീ കുറിച്ചു.
ശ്രീനാരായണ ഗുരുവിന്റെ വിഖ്യാതമായ നാലുവരി ശ്ലോകം എംപി ശ്രീനിവാസൻ ചൊല്ലിക്കൊടുത്ത ഈണത്തിൽ പാടി ആ യുവാവ് അരങ്ങേറ്റം ഗംഭീരമാക്കി. പിന്നെ ഇന്ത്യൻ സംഗീതലോകം സാക്ഷ്യംവഹിച്ചത് അത്ഭുതകരമായ ഒരു വളർച്ചയ്ക്കാണ്. ഇപ്പോഴും പകരക്കാരനില്ല യേശുദാസിന്. ഇന്നും കർണാടക സംഗീതത്തിന്റെ ഒരംശം മാത്രമേ തനിക്ക് സ്വായത്തമാക്കാൻ കഴിഞ്ഞിട്ടുള്ളൂ എന്ന് പരിഭവിക്കുന്ന യേശുദാസ്, താൻ വിദ്യാർഥി മാത്രമെന്ന് പറഞ്ഞുകൊണ്ടേയിരിക്കുകയാണ്.
അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാഷകളിലുംയേശുദാസ് പാടിയിട്ടുണ്ട്. മികച്ച പിന്നണി ഗായകനുള്ള ദേശീയ പുരസ്ക്കാരം ഏറ്റവുമധികം തവണ നേടിയിട്ടുള്ളത് യേശുദാസ് ആണ്. കേരള, കർണ്ണാടക, ബംഗാൾ സംസ്ഥാനങ്ങളുടെയും മികച്ച പിന്നണി ഗായകനുള്ള അവാർഡുകളും അദ്ദേഹം കരസ്ഥമാക്കി.
മാറുന്ന കാലത്തിനും അഭിരുചികൾക്കും ആസ്വാദന ശീലങ്ങൾക്കും സാങ്കേതികവിദ്യക്കും അപ്പുറത്തേക്ക് പറന്നുയർന്ന ആ ശബ്ദം സംഗീതാസ്വാദകരെ ഇന്നും ത്രസിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. സംഗീത ലോകത്തിന്റെ കോണിപ്പടികൾ കയറുമ്പോൾ യേശുദാസിനൊപ്പം ചേർത്ത് വായിക്കേണ്ട ഒരുപേരാണ് തരംഗിണി. യേശുദാസിന്റെ സംരംഭങ്ങളിൽ ഏറ്റവും പ്രശസ്തമായത് തരംഗിണി സ്റ്റുഡിയോ ആയിരുന്നു.
1980ൽ തിരുവനന്തപുരത്ത് തുടങ്ങിയ ഈ സ്റ്റുഡിയോ ആയിരുന്നു ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്റ്റീരിയോ ഫോണിക് സ്റ്റുഡിയോ. മലയാളത്തിൽ ആദ്യമായി കാസറ്റ് വിപണിയിലെത്തിച്ചത് തരംഗിണിയാണ്. കാസറ്റ് വിപ്ലവത്തിന്റെ തുടക്കമായിരുന്നു അത്. നിരവധി ആൽബങ്ങൾ തരംഗിണിയുടെ പേരിൽ പുറത്തിറങ്ങി. അവയിൽ പലതും ഹിറ്റ് ചാർട്ടുകളിൽ ഇടംനേടി. തരംഗിണി തുടങ്ങുമ്പോൾ ദക്ഷിണേന്ത്യയിൽ അന്നു ലഭ്യമായ ഏറ്റവും അധുനിക റിക്കോർഡിങ് സംവിധാനങ്ങളാണ് യേശുദാസ് എത്തിച്ചത്. 2005വരെ തിരുവനന്തപുരത്തെ തരംഗിണിയിൽ റിക്കോർഡിംഗ് നടന്നിരുന്നു.
