Malayalam Breaking News
സൂപ്പർസ്റ്റാറുകളുടെ ബ്രഹ്മാണ്ഡ ചിത്രങ്ങൾ ; വമ്പൻ വിരുന്നൊരുക്കി ഇത്തവണത്തെ വിഷു
സൂപ്പർസ്റ്റാറുകളുടെ ബ്രഹ്മാണ്ഡ ചിത്രങ്ങൾ ; വമ്പൻ വിരുന്നൊരുക്കി ഇത്തവണത്തെ വിഷു
സിനിമാപ്രേമികൾക്ക് വമ്പൻ വിരുന്നാണ് ഇത്തവണത്തെ വിഷു സമ്മാനിക്കുന്നത്. ആക്ഷനും പ്രണയവും ഹാസ്യവുമെല്ലാം ചേർന്ന വമ്പൻ സദ്യയാണ് അണിയറയിൽ ഒരുങ്ങിയിരിക്കുന്നത്. മോഹൻലാൽ നായകനാവുന്ന ലൂസിഫർ, മമ്മൂട്ടിയുടെ മധുരരാജ,ദുൽഖർ ചിത്രം ഒരു എമണ്ടൻ പ്രേമകഥ തുടങ്ങി പ്രേഷകരുടെ മനം കവരാനായി വിഷു റിലീസ് ചിത്രങ്ങൾ ഒരുങ്ങിക്കഴിഞ്ഞു.
അർജന്റീന ഫാൻസ് കാട്ടൂർകടവ്
കാളിദാസനെ നായകനാക്കി മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത അർജന്റീന ഫാൻസ് കാട്ടൂർകടവ് എന്ന ചിത്രത്തോടെയാണ് അവധിക്കാല ചിത്രങ്ങളുടെ തുടക്കം. റൊമാന്റിക് കോമഡി ഗണത്തിൽപെടുന്ന ചിത്രം കേരളത്തിലെ ഫുട്ബോൾ ആരാധകരുടെ കഥയാണ്. ബ്രസീൽ, അർജന്റീന ഫാൻസ് തരംഗവും പ്രണയവും അവധിക്കാലത്തിന് മുതൽക്കൂട്ടാകുമെന്ന പ്രതീക്ഷയിലാണ് ചിത്രത്തിന്റെ ശിൽപികൾ. ഐശ്വര്യ ലക്ഷ്മിയാണ് നായിക. അശോകൻ ചരുവിലിന്റെ കഥയ്ക്ക് ജോൺ മന്ത്രിക്കൽ, മിഥുൻ മാനുവൽ തോമസ് എന്നിവർ തിരക്കഥ, സംഭാഷണമെഴുതുന്നു. നിർമാണം: ആഷിഖ് ഉസ്മാൻ.
ലൂസിഫർ
എന്നാൽ അവധിക്കാലം ആഘോഷമായി മാറുക മാർച്ച് 28 ന് തീയറ്ററിലെത്തുന്ന ലൂസിഫറിലൂടെയാവും. മോഹൻലാലിനെ നായകനാക്കി താരസമ്പന്നതയോടെ വലിയ ബജറ്റിൽ ഒരുക്കിയ ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രമെന്ന നിലയിലാണ് ഏറെ ശ്രദ്ധേയമാകുന്നത്. അഭിനേതാവെന്ന നിലയിൽ ഏറെ തിരക്കുകൾക്ക് ഇടയിലാണ് പൃഥ്വിരാജ് സംവിധായകന്റെ മേലങ്കി അണിഞ്ഞത്. അതും മോഹൻലാലിനെപ്പോലുള്ള ഒരു സൂപ്പർ സ്റ്റാറിനെ നായകനാക്കി. ഇന്ത്യയ്ക്കും അകത്തും പുറത്തുമായി വിവിധ ലൊക്കേഷനുകളിലായി ഒരുക്കിയ ചിത്രത്തിനു തിരക്കഥയൊരുക്കിയിരിക്കുന്നത് നടൻ കൂടിയായ മുരളീ ഗോപിയാണ്.
മധുരരാജ
ലൂസിഫറിനോട് ഏറ്റുമുട്ടാൻ മധുര രാജയുമായി മമ്മൂട്ടി രംഗത്തുണ്ട്.എന്നാൽ റിലീസിനിടയിൽ രണ്ടാഴ്ചത്തെ ഇടവേളയുള്ളതിനാൽ മുഖാമുഖമുള്ള പോരാട്ടം ഇത്തവണ ഉണ്ടാകില്ല. ഏപ്രിൽ 10നാണ് മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ മലയാള ചിത്രമായ മധുര രാജ തീയറ്ററിലെത്തുന്നത്. പുലിമുരുകനു ശേഷം വൈശാഖ്- ഉദയകൃഷ്ണ- പീറ്റർ ഹെയിൻ ടീം ഒന്നിക്കുന്ന ചിത്രം പോക്കിരി രാജയുടെ രണ്ടാംഭാഗമാണ്. സണ്ണിലിയോൺ ആദ്യമായി മലയാളത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. സിനിമയെ കയ്യടിച്ച് ആസ്വദിക്കുന്ന പ്രേക്ഷകർക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന ചിത്രമെന്നാണ് മധുര രാജ വിലയിരുത്തപ്പെടുന്നത്. ഈ ചിത്രവും താരനിരയാൽ സമ്പന്നമാണ്. 30 കോടിയാണ് സിനിമയുടെ ബജറ്റ്.
വൈറസ്
സൂപ്പർ സ്റ്റാറുകളുടെ വൻ ചിത്രങ്ങളോട് മുട്ടാൻ എത്തുന്ന യുവതാര ചിത്രങ്ങളിൽ പ്രധാനപ്പെട്ടത് ആഷിക് അബു സംവിധാനം ചെയ്ത വൈറസാണ്. വിഷുവിനു ശേഷം തീയറ്ററിലെത്തുമെന്ന് കരുതപ്പെടുന്ന ചിത്രം മൾട്ടി സ്റ്റാറുകളാൽ സമ്പന്നമാണ്. കുഞ്ചാക്കോ ബോബൻ, റഹ്മാൻ, ആസിഫ് അലി, ടോവിനോ തോമസ്, ഇന്ദ്രജിത്ത്, സൗബിൻ, ചെമ്പൻ വിനോദ്, ദിലീഷ് പോത്തൻ, ജോജു, പാർവതി, റിമ കല്ലിംഗൽ, പൂർണിമ ഇന്ദ്രജിത്ത്, രേവതി തുടങ്ങി വൻ താരനിരയാണ് അണിനിരക്കുന്നത്. കേരളത്തെ പിടിച്ചുലച്ച നിപ്പ വൈറസാണ് പ്രമേയം.
മേരാനാം ഷാജി
നാദിർഷ സംവിധാനം ചെയ്യുന്ന ‘മേരാനാം ഷാജി ’മൂന്നു ഷാജിമാരുടെ കഥയാണ് പറയുന്നത്. ബിജു മേനോൻ, ആസിഫ് അലി, ബൈജു എന്നിവരാണ് ഷാജിമാരായി എത്തുന്നത്. നർമത്തിന്റെ പശ്ചാത്തലാണ് ചിത്രം. കോഴിക്കോട് നിന്നുള്ള ഗുണ്ട ഷാജിയായി ബിജു മേനോനും കൊച്ചിക്കാരനായ ഷാജിയായി ആസിഫ് അലിയും തിരുവനന്തപുരത്ത് നിന്നുള്ള ഡ്രൈവർ ഷാജിയായി ബൈജുവും അഭിനയിക്കുന്നു. ദിലീപ് പൊന്നനാണ് തിരക്കഥാകൃത്ത്.
ഒരു യമണ്ടൻ പ്രേമകഥ
ഹിന്ദി തമിഴ് ചിത്രങ്ങളെ തുടർന്ന് ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ദുൽക്കർ സൽമാൻ മലയാളത്തിലെത്തുകയാണ് ഒരു യമണ്ടൻ പ്രേമകഥയിലൂടെ. വിഷു കഴിഞ്ഞെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ബി. സി. നൗഫൽ. വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജുമാണ് തിരക്കഥ. നിർമത്തിലൂടെ കഥ പറയുന്ന ചിത്രത്തിൽ നിഖിലാ വിമലും സംയുക്ത മേനോനുമാണ് നായികമാർ. സൗബിൻ ഷാഹിറും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
അതിരൻ
വൻ ഹിറ്റായ ഞാൻ പ്രകാശനു ശേഷം തീയറ്ററുകളിലെത്തുന്ന ഫഹദ് ഫാസിൽ ചിത്രമാണ് അതിരൻ. നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സായ് പല്ലവിയാണ് നായിക. ഒട്ടേറെ അവാർഡുകൾ നേടിയ ഇ. മ. യൗ. എന്ന ചിത്രത്തിനു ശേഷം പി. എഫ്. മാത്യൂസ് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ രാജു മാത്യുവും കൊച്ചുമോനും ചേർന്നാണ് നിർമാണം.
ഉയരെ
ആസിഡ് ആക്രമണം അതിജീവിച്ച പെണ്കുട്ടിയുടെ കഥ പറയുന്ന ‘ഉയരെ’യിൽ പാർവതിയാണ് നായിക. നവാഗതനായ മനു അശോകനാണ് സംവിധാനം. പല്ലവി എന്ന കഥാപാത്രമായി പാർവതി എത്തുന്നു. കഥയും തിരക്കഥയും സംഭാഷണവും ബോബി–സഞ്ജയ് ആണ് നിർവഹിക്കുന്നത്. നോട്ട്ബുക്ക് എന്ന സിനിമയ്ക്കു ശേഷം പാർവതിയും ബോബി–സഞ്ജയ്യും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ഇതൊരു സംഭവകഥയല്ലെന്നും എന്നാൽ യഥാർത്ഥ ജീവിതങ്ങളുടെ നേർക്കാഴ്ചയാകും ഈ സിനിമയെന്നും ചിത്രത്തോട് അടുത്തവൃത്തങ്ങൾ പറയുന്നു. സിനിമയ്ക്കായി ഗംഭീരമേക്കോവറിലാകും പാർവതി എത്തുക. പൈലറ്റായി വേഷമണിഞ്ഞുനിൽക്കുന്ന താരത്തിന്റെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.
അവഞ്ചേഴ്സ് ഏപ്രിൽ 26ന്
മലയാള സിനിമയുടെ താരപോരാട്ടങ്ങളുടെ ഇടയിൽ അന്യഭാഷാ ചിത്രങ്ങളും തീയറ്ററുകളെ ഇളക്കി മറിക്കാൻ എത്തുന്നുണ്ട്. ഹോളിവുഡിൽ നിന്നെത്തുന്ന അവഞ്ചേഴ്സാണ് ഇതിൽ പ്രധാനപ്പെട്ടത്.
ധനുഷിനെ നായകനാക്കി ഗൗതം മേനോൻ ഒരുക്കിയ എന്നൈ നോക്കി പായും തോട്ട, സൂര്യ നായകനായ എൻജികെ, കാഞ്ചന–3, ദേവി–2 എന്നിവ മെയ്മാസം തമിഴിൽ നിന്നും എത്തുന്നു.
vishu releases
