Malayalam
നടന്‍ വിനോദ് തോമസിന്റെ മരണം; മരണകാരണം കാര്‍ബണ്‍ മോണോക്‌സൈഡ്; കാറിന് തകരാറില്ല, വിദഗ്ദ പരിശോധന ആവശ്യമെന്ന് പോലീസ്
നടന്‍ വിനോദ് തോമസിന്റെ മരണം; മരണകാരണം കാര്‍ബണ്‍ മോണോക്‌സൈഡ്; കാറിന് തകരാറില്ല, വിദഗ്ദ പരിശോധന ആവശ്യമെന്ന് പോലീസ്
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു മലയാളികള്‍ക്ക് സുപരിചിതനായ സിനിമസീരിയല്‍ താരം വിനോദ് തോമസിനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുകയാണ്. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണ കാരണം വ്യക്തമായത്. സ്റ്റാര്‍ട്ട് ചെയ്ത കാറില്‍ എസി ഓണാക്കിയിട്ട ശേഷം ഗ്ലാസ് പൂട്ടി വിനോദ് ഇരിക്കുകയായിരുന്നു. കാറില്‍ മയങ്ങുന്നതിനിടെ വിഷവാതകം ശ്വസിച്ച് അബോധാവസ്ഥയിലായി മരണം സംഭവിച്ചു എന്നാണ് പ്രാഥമിക നിഗമനം.
എന്നാല്‍ വിനോദ് തോമസിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ ശക്തമാക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് പോലീസ്. നടന്‍ മരിച്ചുകിടന്ന കാറില്‍ നടത്തിയ പരിശോധനയില്‍ തകരാറൊന്നും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഈ സാഹചര്യത്തിലാണ് കൂടുതല്‍ അന്വേഷണത്തിന് പോലീസ് തയ്യാറെടുക്കുന്നത്. മോട്ടോര്‍ വാഹന വകുപ്പും, ഫോറന്‍സിക് വിഭാഗവും ചേര്‍ന്നാണ് കാറില്‍ പരിശോധന നടത്തിയത്.
കാര്‍ പരിശോധിക്കാനായി വിദഗ്ധരായ മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരെ കൊണ്ട് വരാനാണ് പോലീസ് തീരുമാനം. മരണകാരണം കാര്‍ബണ്‍ മോണോക്‌സൈഡ് സാന്നിധ്യം ആയതിനാല്‍ കാറിന്റെ സാങ്കേതിക തകരാര്‍ ആയിരിക്കും ഇതിലേക്ക് നയിച്ചതെന്ന വിലയിരുത്തലിലായിരുന്നു പോലീസ്. എന്നാല്‍ ആദ്യഘട്ട പരിശോധനയില്‍ കാറിന് തകരാര്‍ ഒന്നും കണ്ടെത്താന്‍ കഴിയാതെ വന്നതാണ് പോലീസിനെ കുഴക്കുന്നത്.
ശനിയാഴ്ച വൈകീട്ടായിരുന്നു നടനെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം പാമ്പാടിയിലെ ബാറിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാറിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. കാറിനുള്ളില്‍ കയറിയ വിനോദ് ഏറെ നേരമായിട്ടും പുറത്തിറങ്ങാത്തതിനെത്തുടര്‍ന്ന് ബാറിലെ സുരക്ഷാ ജീവനക്കാരന്‍ വന്ന് നോക്കുകയായിരുന്നു. ഗ്ലാസ് തട്ടി വിളിച്ചെങ്കിലും വിനോദ് എഴുന്നേറ്റില്ല. ഇതോടെ ഇയാള്‍ മറ്റ് ജീവനക്കാരെ വിവരം അറിയിച്ചു. തുടര്‍ന്ന് കാറിന്റെ ചില്ല് തകര്‍ത്തപ്പോഴാണ് നടനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു.
ഫഹദ് ഫാസില്‍ നായകനായ വികെ പ്രകാശ് സംവിധാനം ചെയ്ത ‘നത്തോലി ഒരു ചെറിയ മീനല്ല’ എന്ന ചിത്രത്തിലൂടെയായിരുന്നു വിനോദ് തോമസിന്റെ സിനിമ അരങ്ങേറ്റം. ശേഷം തുടര്‍ച്ചയായി ചെറിയ വേഷങ്ങള്‍ ചെയ്തു ശ്രദ്ധേയനായി. നിരവധി ഷോര്‍ട് ഫിലിമില്‍ അഭിനയിച്ച വിനോദ് അയ്യപ്പനും കോശി, ഒരു മുറൈ വന്ത് പാര്‍ത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്ഡിങ്, ജൂണ്‍, അയാള്‍ ശശി തുടങ്ങി ഒട്ടനവധി സിനിമകളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഇതിന് പുറമെ നിരവധി ഷോട് ഫിലിമുകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കഥാപാത്രം വലുതോ ചെറുതോ ആയിക്കോട്ടെ സ്‌കോര്‍ ചെയ്ത് പ്രേക്ഷക മനസിലിടം നേടാന്‍ വിനോദിന് സാധിച്ചിരുന്നു. ചെറുതെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് 47 ആമത്തെ വയസിലാണ് അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയത്. കോട്ടയം മീനടം സ്വദേശിയാണ് വിനോദ്.
അയ്യപ്പനും കോശിയും സിനിമയില്‍ വീട് പണിക്കായി കാട്ടില്‍ കയറി പാറ പൊട്ടിച്ച സെബാസ്റ്റ്യന്‍ എന്ന കഥാപാത്രമായി ഏവരെയും ചിരിപ്പിച്ച വിനോദിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോഴികള്‍ ഇല്ലാത്ത ഭൂമി, ചില സാങ്കേതിക കാരണങ്ങളാല്‍ തുടങ്ങി ഏറെ ശ്രദ്ധിക്കപ്പെട്ട ഷോര്‍ട് ഫിലിമുകളില്‍ വിനോദ് ഭാഗമായിട്ടുണ്ട്. മലയാളത്തിലെ ആദ്യ വെബ് സീരീസ് ആയ കേരള ്രൈകം ഫയലില്‍ പ്രധാന കഥാപാത്രത്തെ വിനോദ് അവതരിപ്പിച്ചിരുന്നു.
അതേസമയം, വിനോദ് തോമസിനെ പറ്റി നടി സുരഭി ലക്ഷ്മി പങ്കുവെച്ച പോസ്റ്റും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്ത്രീകള്‍ക്ക് എപ്പോഴും നമ്മള്‍ ബഹുമാനം കൊടുക്കണമെന്ന് വിനോദ് പറഞ്ഞതായി സുരഭി പങ്കുവച്ച കുറിപ്പില്‍ പറയുന്നു. എന്റെ സ്വപ്നംവും, എനിക്ക് ഏറ്റവും സന്തോഷം തരുന്നതും അഭിനയമാണെന്നും വിനോദ് പറഞ്ഞതായി സുരഭി ലക്ഷ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
വിശ്വസിക്കാന്‍ കഴിയുന്നില്ല, എന്തൊരു നടനായിരുന്നു!….. ജീവിതത്തിലെ ഓരോ അനുഭവങ്ങളെക്കുറിച്ചും, അഭിനയത്തോടുള്ള ഒടുങ്ങാത്ത ആഗ്രഹവും , ആവേശവും,നാടകവും, പാട്ടും, തമാശകളും ചര്‍ച്ചകളുമായി…..’കുറി ‘എന്ന സിനിമയില്‍ എന്റെ സഹോദരനായി അഭിനയിക്കുന്ന സമയത്താണ് വിനോദേട്ടനെ ഞാന്‍ പരിചയപ്പെടുന്നത്. സ്ത്രീകള്‍ക്ക് എപ്പോഴും നമ്മള്‍ ബഹുമാനം കൊടുക്കണം. അതുകൊണ്ടുതന്നെ എന്റെ സ്വപ്നംവും, എനിക്ക് ഏറ്റവും സന്തോഷം തരുന്നതും അഭിനയമാണ്. ഞാന്‍ അതിന് പിന്നാലെ പോകുമ്പോള്‍ എന്റെ ഭാര്യക്ക് വേണ്ടത്ര സമയമോ അവര്‍ ആഗ്രഹിക്കുന്ന സമയത്ത് എനിക്ക് എത്താനോ കഴിയില്ല. കാരണം അതിനേക്കാള്‍ എന്റെ ജീവിതം ഞാന്‍ അര്‍പ്പിക്കുന്നത് എന്റെ ‘കല’ക്ക് വേണ്ടിയാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞിരുന്നതെന്നും സുരഭി പറയുന്നു.