പ്രേക്ഷകർക്കേറെ സുപരിചിതയായ നടിയാണ് വിൻസി അലോഷ്യസ്. ഇപ്പോഴിതാ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് പറയുകയാണ് വിൻസി അലോഷ്യസ്. ഈ ഒരു തീരുമാനത്തിന്റെ പേരിൽ തനിക്കിനി സിനിമയൊന്നും കിട്ടിയില്ലെന്ന് വരുമെന്നും നടി പറയുന്നു. കെസിവൈഎം എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രവർത്തന വർഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വിൻസി.
കെസിവൈഎം അങ്കമാലി മേജർ അതിരൂപതയുടെ പ്രവർത്തന വർഷ ഉദ്ഘാടനത്തിന് വേണ്ടിയാണ് ഞാൻ ഇന്ന് ഇവിടെ എത്തിയത്. ലഹരി വിരുദ്ധ ക്യാമ്പയിൻ കൂടിയാണ് അതിന്റെ മെയിൻ ഉദ്ദേശം. ഞാൻ നിങ്ങൾക്ക് മുന്നിൽ ഒരു കാര്യം പറയാൻ പോകുകയാണ്. ചിലപ്പോൾ ഈയൊരു തീരുമാനം എടുക്കുന്നതിന്റെ പേരിൽ മുന്നോട്ടു പോകുമ്പോൾ എനിക്ക് സിനിമയൊന്നും കിട്ടിയില്ലെന്ന് വരും.”
എങ്കിലും ഞാൻ പറയുകയാണ്. ലഹരി ഉപയോഗിക്കുന്ന, അതായത് എന്റെ അറിവിൽ ലഹരി ഉപയോഗിക്കുന്നവരുമായി ഇനി ഞാൻ സിനിമ ചെയ്യില്ല” എന്നാണ് വിൻസി പറയുന്നത്. അതേസമയം, സിനിമയിലെ ലഹരി ഉപയോഗം എന്നും ചർച്ചകളിൽ നിറയാറുണ്ട്. ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസിൽ അറസ്റ്റിലായ യുവതി ഷൈൻ ടോം ചാക്കോയുടെയും ശ്രീനാഥ് ഭാസിയുടെയും പേരുകൾ വെളിപ്പെടുത്തിയിരുന്നു.