ഐശ്വര്യ കാണിക്കുന്ന ആ ജിജ്ഞാസ എനിക്ക് ഭയങ്കര ഇഷ്ടമാണ്, അപ്പോള്‍ എനിക്ക് എന്നെ തന്നെയാണ് ഓര്‍മ വരുന്നത്; ഐശ്വര്യ ലക്ഷിമിയെ കുറിച്ച് വിക്രം
മലയാളം, തമിഴ് സിനിമകളിൽ കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് ഐശ്വര്യ ലക്ഷ്മി. മണിരത്നം ചിത്രമായ ‘പൊന്നിയിൻ സെൽവ’ന്റെ രണ്ടാം ഭാഗമാണ് താരത്തിന്റേതായി റിലീസ് ചെയ്ത് ഏറ്റവും പുതിയ ചിത്രം. ചിത്രത്തിൽ പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്.
മായാനദി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ ലക്ഷ്മി മലയാളത്തിൽ അരങ്ങേറുന്നത് . വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങളെ ഐശ്വര്യ അവതരിപ്പിച്ച് കഴിഞ്ഞു. നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നടിമാരിൽ ഒരാളായി ഐശ്വര്യ മാറി. മോഡലിംഗ് രംഗത്ത് നിന്നാണ് തിരുവനന്തപുരം സ്വദേശിയായ ഐശ്വര്യ സിനിമയിലെത്തുന്നത്.
ഇന്ന് തെന്നിന്ത്യയിൽ തന്നെ മാർക്കറ്റ് വാല്യുവുള്ള നടിമാരിൽ ഒരാളാണ് ഐശ്വര്യ. ഐശ്വര്യ തന്റെ കരിയറിലെ ഏറ്റവും നല്ല കാര്യമായി പറയാറുള്ളത് മണിരത്നം സിനിമയായ പൊന്നിയൻ സെൽവനിൽ ഭാഗമാകാൻ കഴിഞ്ഞുവെന്നതാണ്. സിനിമയിലേക്ക് എത്തുന്ന എല്ലാ അഭിനേതാക്കളുടേയും സ്വപ്നമാണ് മണിരത്നം സിനിമയിൽ ഭാഗമാകുക എന്നത്.
ഐശ്വര്യയ്ക്ക് അത് വളരെ ചുരുങ്ങിയ കാലയളവിൽ സാധിച്ചു. വലിയൊരു സ്റ്റാർ കാസ്റ്റുള്ള സിനിമയായിരുന്നു പൊന്നിയൻ സെൽവൻ. പൂങ്കുഴലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഐശ്വര്യ അവതരിപ്പിച്ചത്.
ഇപ്പോഴിത ഐശ്വര്യയെ കുറിച്ച് നടൻ വിക്രം പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഐശ്വര്യയോട് തനിക്ക് അസൂയയുണ്ടെന്നാണ് വിക്രം പറയുന്നത്. അതിനുള്ള കാരണവും അദ്ദേഹം പൊന്നിയിന്‍ സെല്‍വന്‍ രണ്ടാം ഭാഗത്തോട് അനുബന്ധിച്ച് നടത്തിയ പരിപാടിക്കിടയിൽ വ്യക്തമാക്കി.
ഐശ്വര്യ ലക്ഷ്മിയാണ് തങ്ങളുടെ കൂട്ടത്തിലെ ഏറ്റവും വലിയ വര്‍ത്താനക്കാരിയെന്നും അവളോട് അസൂയയാണെന്നുമാണ് വിക്രം പറഞ്ഞത്. ഞങ്ങളുടെ കൂട്ടത്തിലെ ബേബിയില്‍ നിന്നും തുടങ്ങാം…. ഐശ്വര്യ. ഐശ്വര്യ കാണിക്കുന്ന ആ ജിജ്ഞാസ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അപ്പോള്‍ എനിക്ക് എന്നെ തന്നെയാണ് ഓര്‍മ വരുന്നത്.
സിനിമയിലെത്താന്‍ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. 36 വയസിലാണ് ഞാൻ സേതു ചെയ്യുന്നത്. വലിയ ഒരു ഗ്രൂപ്പിനൊപ്പം വര്‍ക്ക് ചെയ്യാന്‍ എനിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ അങ്ങനെ ഒരു അനുഭവം ഐശ്വര്യക്ക് ലഭിച്ചു. എപ്പോഴും ഐശ്വര്യക്ക് എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കണം.
അന്യന്റെ കഥ പറ, അത് പറ, ഇത് പറ, അപ്പോള്‍ എന്ത് പറ്റി അങ്ങനൊക്കെ ചോദിച്ചുകൊണ്ടിരിക്കും. ഇവള്‍ ശല്യം ചെയ്യുവാണോയെന്ന് ഞാന്‍ വിചാരിച്ചു. ഞങ്ങളെന്തെങ്കിലും സംസാരിച്ചുകൊണ്ടിരുന്നാല്‍ എന്താണ് പറയുന്നതെന്ന് ചോദിക്കും. സാമിയുടെ കാര്യമാണെന്ന് പറഞ്ഞാല്‍ എന്നോട് പിന്നെ പറയണേയെന്ന് പറഞ്ഞ് പോവും. ആ ഒരു എക്‌സൈറ്റ്‌മെന്റുണ്ട്.
അഞ്ചാറ് മണിക്കൂര്‍ ഫ്ലൈറ്റിൽ ഇരുന്നാലും ഇങ്ങനെ സംസാരിച്ചുകൊണ്ടിരിക്കും. നായ്കുട്ടിയെ പറ്റിയൊക്കെയാവും സംസാരിക്കുക. അവിടെ ഒരു പുഴുവിനെ കണ്ടോ എന്നൊക്കെ ചോദിക്കും. നീ എന്തോ ലോകത്തെ രക്ഷിക്കുന്ന കാര്യം പറയുമെന്നാണ് വിചാരിക്കുന്നത്… അല്ലെങ്കില്‍ കൊവിഡ് പോലെ എന്തെങ്കിലും പറയുമെന്നാണ് വിചാരിച്ചത് എന്നൊക്കെ തൃഷ പറയും.
ഞങ്ങളെല്ലാവരും ഇരിക്കുമ്പോള്‍ ഒരാള്‍ ഫോട്ടോ എടുക്കാന്‍ വന്നു. എല്ലാവരും ക്ഷീണിച്ച് ഇരിക്കുകയായിരിക്കും. അപ്പോള്‍ ഐശ്വര്യ മാത്രം ക്വിക്ക്… ക്വിക്ക് എല്ലാവരും എഴുന്നേല്‍ക്കെന്ന് പറഞ്ഞ് ബഹളം വെക്കും. എന്നിട്ട് തൃഷയോട് പോയി പറയും താൻ ക്ഷീണിച്ചെന്ന്.
ക്ഷീണിച്ചിരിക്കുമ്പോള്‍ ഇങ്ങനെയാണെങ്കില്‍ അല്ലാത്തപ്പോള്‍ എങ്ങനെയായിരിക്കുമെന്ന് ഐശ്വര്യയോട് തൃഷ ചോദിക്കും. ആ എനര്‍ജി അതിശയകരമാണ്. ഐശ്വര്യയോട് അസൂയയാണ്. നിന്റെ സ്ഥാനത്ത് ഞാനാണെങ്കിലും ഇങ്ങനെയൊക്കെയെ ചെയ്യുകയുള്ളൂ എന്നാണ് വിക്രം പറഞ്ഞത്.
പൊന്നിയൻ സെൽവന്റെ രണ്ട് ഭാഗത്തിന്റേയും റിലീസ് സമയത്ത് പ്രമോഷനായി ഐശ്വര്യ ഇന്ത്യയ്ക്കുള്ളിലും പുറത്തും ഒരുപാട് സഞ്ചരിച്ചിരുന്നു. തമിഴിൽ മാത്രമല്ല തെലുങ്കിലും ഐശ്വര്യ സജീവമാണ്. മലയാളത്തിൽ നിന്നും അന്യഭാഷകളിലേക്ക് ചേക്കേറി പച്ച പിടിച്ചിട്ടുള്ള ചുരുക്കം ചില നായികമാരിൽ ഒരാളാണ് ഐശ്വര്യ.