Malayalam
സ്ത്രീധനം പോലെ ഒരു തെണ്ടിത്തരം ലോകത്തില്ല, എത്ര സ്വര്‍ണ്ണം തരുമെന്ന് ചോദിക്കുന്ന പെണ്‍കുട്ടികളുണ്ട്, അച്ഛന് ഉണ്ടാക്കിയതൊക്കെ അച്ഛന് ഉള്ളതാണ്. പഠിത്തം കഴിഞ്ഞ് അവനവന്റെ കാര്യം നോക്കണം; വിജയരാഘവന്
സ്ത്രീധനം പോലെ ഒരു തെണ്ടിത്തരം ലോകത്തില്ല, എത്ര സ്വര്‍ണ്ണം തരുമെന്ന് ചോദിക്കുന്ന പെണ്‍കുട്ടികളുണ്ട്, അച്ഛന് ഉണ്ടാക്കിയതൊക്കെ അച്ഛന് ഉള്ളതാണ്. പഠിത്തം കഴിഞ്ഞ് അവനവന്റെ കാര്യം നോക്കണം; വിജയരാഘവന്
മലയാളികള്‍ക്കേറെ പ്രിയങ്കനായ താരമാണ് വിജയരാഘവന്. ഇപ്പോഴിതാ സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റാണെന്ന് പറയുകയാണ് നടന്. താനും തന്റെ അച്ഛനും മകനും സ്ത്രീധനം വാങ്ങിച്ചിട്ടല്ല വിവാഹം കഴിച്ചതെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീധനം കൊടുക്കുമ്പോള്‍ സ്വന്തം കുഞ്ഞിനെ വിലക്ക് കൊടുക്കുന്നത് പോലെയാണ്. അതുപോലെ ചില പെണ്‍കുട്ടികള്‍ വീട്ടുകാരില്‍ നിന്നും സ്ത്രീധനം ചോദിച്ച് വാങ്ങാറുണ്ട്. അതും തെറ്റാണെന്നും അച്ഛന് ഉണ്ടാക്കിയ കാശെല്ലാം അച്ഛന് അവകാശപ്പെട്ടതാണെന്നും വിജയരാഘവന് പറഞ്ഞു. പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്ത്രീധനം പോലെ ഒരു തെണ്ടിത്തരം ലോകത്തില്ല. എന്റെ അച്ഛന് സ്ത്രീധനം വാങ്ങിച്ചിട്ടില്ല, ഞാന്‍ വാങ്ങിയിട്ടില്ല, എന്റെ സഹോദരിമാര്‍ക്ക് സ്ത്രീധനം കൊടുത്തിട്ടില്ല, എന്റെ മക്കള്‍ക്കും സ്ത്രീധനം കൊടുത്തിട്ടില്ല. ഞാന്‍ ചോദിച്ചിട്ടുമില്ല. എന്റെ രണ്ടാമത്തെ മകന്റെ ആലോചന നടക്കുന്ന സമയത്ത് പെണ്ണിന്റെ അച്ഛന് എന്നെ വിളിച്ച് കുറച്ച് കാര്യങ്ങള്‍ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞു.
എന്താണെന്ന് ഞാന്‍ ചോദിച്ചു. ഞങ്ങള്‍ക്ക് കുറച്ച് സ്ഥലമുണ്ട് എന്ന് പറഞ്ഞപ്പോള്‍ എനിക്ക് ആ വക കാര്യങ്ങള്‍ ഒന്നും അറിയണ്ട, അങ്ങനെയുള്ള സംസാരമേ വേണ്ട എന്ന് പറഞ്ഞു. എന്തുണ്ടെന്ന് പോലും ഞാന്‍ ചോദിച്ചിട്ടില്ല. മഹാ ചെറ്റത്തരമായിട്ടാണ് ഞാന്‍ കാണുന്നത്. തിരിച്ച് ചോദ്യം ചെയ്യാനുള്ള തന്റേടവും ധൈര്യവും പെണ്ണുങ്ങള്‍ക്ക് ഉണ്ടാവണം. എന്തുണ്ട്, എന്ത് കിട്ടും എന്ന് ചോദിക്കുന്നവനെ ഒരിക്കലും കല്യാണം കഴിക്കരുത്. അവരെ വിശ്വസിക്കാനേ കൊള്ളില്ല. എന്റെ അഭിപ്രായം അതാണ്.
എന്റെ രണ്ട് മരുമക്കളോടും അങ്ങനെയൊന്നും ചോദിച്ചിട്ടുമില്ല, അവരുടെ ഒരു സ്വത്തും മേടിച്ചിട്ടുമില്ല. ഇന്നും അവരുടെ സ്വത്തുക്കള്‍ ചോദിച്ചിട്ടുമില്ല. മൂത്ത മകന് കല്യാണം കഴിച്ചിട്ട് 13 കൊല്ലമായി. ഞങ്ങളുടെ രണ്ട് പേരുടേയും വീട്ടുകാര്‍ തമ്മില്‍ നല്ല ബന്ധമാണ് ഉള്ളത്. അവിടെ ആവശ്യമില്ലാത്ത കാര്യം അന്വേഷിക്കേണ്ട കാര്യമില്ല. എന്റെ വീടിന് പറ്റുന്ന കുട്ടിയാണോ അത് മാത്രമാണ് നോക്കേണ്ടത്.
ഞങ്ങള്‍ സാധാരണ ആള്‍ക്കാരെ പോലെയാണ് ജീവിക്കുന്നത്. വലിയ രീതിയില്‍ ജീവിക്കുന്നവരൊന്നുമല്ല, ആ ചുറ്റുപാടിന് അനുയോജ്യമായ പെണ്കുട്ടിയാണോന്നാണ് നോക്കിയത്. എന്റെ മകനും അങ്ങനെ തന്നെയാണ്. അത്യാവശ്യം വിദ്യാഭ്യാസവും ഉണ്ട്. അത് മതി. പിന്നെ സ്ത്രീധനം കൊടുക്കുന്നവരും കുറ്റക്കാരാണ്. സ്ത്രീധനം കൊടുക്കുമ്പോള്‍ സ്വന്തം കുഞ്ഞിനെ വിലക്ക് കൊടുക്കുവല്ലേ. അച്ഛനും അമ്മയും ചെയ്യുന്ന തെറ്റാണ് അത്.
പെണ്ണുങ്ങള്‍ക്കും ആ പ്രശ്നമുണ്ട്. ഞാന്‍ പോവല്ലേ, എനിക്ക് എന്ത് കിട്ടും, എനിക്ക് അവിടെ ചെല്ലുമ്പോള്‍ ഒരു വില വേണ്ടേ എന്നൊക്കെ ചോദിക്കുന്ന പെണ്ണുങ്ങളുണ്ട്. അച്ഛന് കുറച്ച് പണം ഉണ്ടാക്കി വെച്ചിട്ടുണ്ട്. എനിക്ക് എന്ത് തരും, എന്ന് ചോദിക്കുന്ന പെണ്‍കുട്ടികളുമുണ്ട്. അത് പാടില്ല. അച്ഛന് ഉണ്ടാക്കിയതൊക്കെ അച്ഛന് ഉള്ളതാണ്. പഠിത്തം കഴിഞ്ഞ് അവനവന്റെ കാര്യം നോക്കണം. അങ്ങനെയായിരിക്കണം കുട്ടികള്‍ ചിന്തിക്കേണ്ടത്. വാങ്ങിക്കുന്നതും കൊടുക്കുന്നതും തെറ്റാണ്’ വിജയരാഘവന് പറഞ്ഞു.
