Tamil
എ ആർ റഹ്മാനെ ബുദ്ധിമുട്ടിക്കാൻ എനിക്ക് തോന്നിയില്ല, ഇന്ത്യൻ 2 വിലേയ്ക്ക് അനിരുദ്ധിനെ തിരഞ്ഞെടുക്കാൻ കാരണം; തുറന്ന് പറഞ്ഞ് ശങ്കർ
എ ആർ റഹ്മാനെ ബുദ്ധിമുട്ടിക്കാൻ എനിക്ക് തോന്നിയില്ല, ഇന്ത്യൻ 2 വിലേയ്ക്ക് അനിരുദ്ധിനെ തിരഞ്ഞെടുക്കാൻ കാരണം; തുറന്ന് പറഞ്ഞ് ശങ്കർ
കമൽ ഹാസൻ – ശങ്കർ കൂട്ടുകെട്ടിൽ പുറത്തെത്തുന്ന ചിത്രമാണ് ഇന്ത്യൻ 2. ഈ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ ഓരോരുത്തരും. ചിത്രത്തിന്റേതായി പുറത്തെത്തുന്ന ഓരോ അപ്ഡേഷനും വളരെപ്പെട്ടെന്നാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ അണിയറപ്രവർത്തകർ.
ഇപ്പോഴിതാ സംവിധായകൻ ശങ്കർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒന്നോ രണ്ടോ അല്ല, മൂന്ന് പാൻ ഇന്ത്യൻ സിനിമകളിൽ ഒരേസമയം പ്രവർത്തിക്കാൻ കഴിഞ്ഞതെങ്ങനെയെന്നാണ് ശങ്കറിനോട് ഒരു അഭിമുഖത്തിനിടെ നടൻ സിദ്ധാർഥ് ചോദിച്ചിരുന്നത്.
ഇന്ത്യൻ 2, ഇന്ത്യൻ 3, രാം ചരണിൻ്റെ ഗെയിം ചെയ്ഞ്ചർ. ലോകത്തിലെ മറ്റൊരു സംവിധായകനും നേടാനാകാത്ത നേട്ടമാണിതെന്നും സിദ്ധാർഥ് പറഞ്ഞിരുന്നു. ഇതിനെല്ലാം ഒരു ചിരിയോടെയായിരുന്നു ശങ്കറിന്റെ മറുപടി.
കോവിഡ് മഹാമാരിക്ക് നന്ദി, എനിക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ സമയം കിട്ടി. ആ സമയത്ത് ഞാനിരുന്ന് ഇന്ത്യൻ 2, 3 എന്നിവയുടെ തിരക്കഥകൾ പൂർത്തിയാക്കി. അതോടൊപ്പം പ്രീ പ്രൊഡക്ഷൻ ജോലികളെല്ലാം പൂർത്തിയാക്കി. അതുകൊണ്ട് ഞങ്ങൾക്ക് ക്യാമറയുമായി സെറ്റിൽ പോയി ഷൂട്ട് ചെയ്താൽ മതിയായിരുന്നു. അത് ശരിക്കും ഷൂട്ടിങ്ങിന് ഏറെ സഹായിച്ചു. പിന്നെ സമയമുള്ളതു കൊണ്ട് മറ്റ് സ്ക്രിപ്റ്റുകളും ചെയ്തുവെന്നും ശങ്കർ പറഞ്ഞു.
എ ആർ റഹ്മാനെ എന്തുകൊണ്ടാണ് ഇന്ത്യൻ 2 വിൽ പരിഗണിക്കാതിരുന്നത് എന്ന ചോദ്യത്തിനും ശങ്കർ ഉത്തരം നൽകി. ഞങ്ങൾ ഇന്ത്യൻ 2 വിൻ്റെ ജോലികൾ തുടങ്ങിയപ്പോൾ എആർ റഹ്മാൻ 2.0 യ്ക്ക് പശ്ചാത്തല സംഗീതം ഒരുക്കുന്നതിന്റെ തിരക്കിലായിരുന്നു. എനിക്കാണെങ്കിൽ പാട്ടുകൾ പെട്ടെന്ന് ആവശ്യവുമായിരുന്നു.
ഇന്ത്യൻ 2 കൂടി ഏൽപ്പിച്ച് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കാൻ എനിക്ക് തോന്നിയില്ല. പിന്നെ അനിരുദ്ധിൻ്റെ പാട്ടുകൾ എനിക്കിഷ്ടപ്പെട്ടു. അദ്ദേഹത്തിൻ്റെ സംഗീതം വളരെ ജനപ്രിയമായിരുന്നു. അപ്പോൾ എന്തുകൊണ്ട് അദ്ദേഹത്തെക്കൊണ്ട് ചെയ്യിപ്പിച്ചു കൂടായെന്ന് ഞാൻ ചിന്തിച്ചുവെന്നും ശങ്കർ പറഞ്ഞു.