വിജയുടെ പാർട്ടിയുടെ പതാകയിൽ നിന്ന് ആനയുടെ ചിഹ്നം മാറ്റണം, 5 ദിവസത്തിനുള്ളിൽ മാറ്റിയില്ലെങ്കിൽ…; വിജയ്ക്ക് മുന്നറിയിപ്പുമായി ബിഎസ്പി
തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളിൽ നിന്നും കളിയാക്കലുകളിൽ നിന്നുമെല്ലാം ഉയർന്ന് ഇന്ന് തമിഴ് സിനിമയുടെ മുഖമായി, ആരാധകരുടെ നെഞ്ചിൽ ഇരിപ്പടമുറപ്പിച്ച വിജയ് തന്റെ ജൈത്രയാത്ര തുടരുകയാണ്.
ഈ വർഷം ഫെബ്രുവരിയിലാണ് വിജയ് തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. കരാർ ഒപ്പിട്ട ചിത്രങ്ങൾക്ക് ശേഷം സിനിമാ അഭിനയം നിർത്തുമെന്നും പൂർണ ശ്രദ്ധ രാഷ്ട്രീയത്തിലേയ്ക്ക് ആയിരിക്കുമെന്നുമാണ് താരം പറഞ്ഞിരുന്നത്. ഇപ്പോഴിതാ വിജയുടെ പാർട്ടിയുടെ പതാകയിൽ നിന്ന് ആനയുടെ ചിഹ്നം മാറ്റണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് ബിഎസ്പി തമിഴ്‌നാട് യൂണിറ്റ്.
ഇത് സംബന്ധിച്ച് വിജയ്‌ക്ക് വക്കീൽ നോട്ടീസ് അയച്ചതായും ബിഎസ്പി അറിയിച്ചിട്ടുണ്ട്. ബിഎസ്പിയുടെ ചിഹ്നമാണ് ആന. അഞ്ച് ദിവസത്തിനകം തന്നെ പതാകയിൽ നിന്ന് ചിഹ്നം മാറ്റണം. ചിഹ്നം മാറ്റാൻ തയ്യാറല്ലെങ്കിൽ നിയമ നടപടി നേരിടേണ്ടി വരുമെന്നുമാണ് ബിഎസ്പിയുടെ മുന്നറിയിപ്പ്.
ഓഗസ്റ്റ് 22 ന് വിജയ് പതാക പുറത്തിറക്കിയപ്പോൾ തന്നെ ബിഎസ്പി കടുത്ത വിയോജിപ്പ് അറിയിച്ചിരുന്നു. പതാകയുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നെങ്കിലും കൊടികളുടെ കാര്യത്തിൽ ഇടപെടാനാകില്ലെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിതച്ചത്.
ചുവപ്പും മഞ്ഞയും ചേർന്നതാണ് വിജയുടെ പതാക. ഇതിന് ഇരുവശത്തായി രണ്ട് ആനയും വാകപ്പൂവുമുണ്ട്. നേരത്തെയും ആനയുടെ ചിഹ്നം ഉപയോഗിച്ചതിൽ പരാതികൾ ഉന്നയിച്ചിന്നു. എന്നാൽ വിജയ് ഇതുവരെയും ഇത്തരം പരാതികളിൽ പ്രതികരിച്ചിട്ടില്ല. തമിഴക വെട്രി കഴകത്തിന്റെ സംസ്ഥാന സമ്മേളത്തിന് മുന്നോടിയായി ഭാരവാഹികൾക്ക് വിജയ് കഴിഞ്ഞ ദിവസം മുന്നറിയിപ്പും നൽകിയിരുന്നു.
ഗർഭിണികളും സ്‌കൂൾ കുട്ടികളും രോഗികളും പ്രായമായവരും സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്നും സംസ്ഥാന സമ്മേളനത്തിലേക്കുള്ള യാത്രയിലും നാട്ടിലേക്ക് മടങ്ങുമ്പോഴും കേഡർമാർ രാഷ്ട്രീയ അച്ചടക്കവും ചിട്ടയായ പെരുമാറ്റവും പാലിക്കണം. ട്രാഫിക് നിയമങ്ങൾ പാലിക്കണം കേഡർമാർ മറ്റുള്ളവർക്ക് മാതൃകയായിരിക്കണമെന്നുമാണ് വിജയ് പറഞ്ഞത്.
അതേസമയം, വെങ്കട് പ്രഭുവിന്റെ സംവിധാനത്തിൽ പുറത്തെത്തിയ ദി ഗോട്ട് എന്ന ചിത്രമാണ് നടന്റേതായി പുറത്തെത്തിയത്. സമ്മിശ്ര പ്രതികരണങ്ങളാണ് തിയേറ്ററിൽ നിന്നും നേടിയതെങ്കിലും 456 കോടി രൂപ കളക്ഷൻ നേടിയിരുന്നു.
വിജയ് ഡബിൾ റോളിൽ എത്തുന്ന സിനിമയിൽ മീനാക്ഷി ചൗധരി, സ്‌നേഹ, ലൈല, ജയറാം, പാർവതി നായർ, പ്രേംജി, വൈഭവ് തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതിയത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം.
അതേസമയം, കേരളത്തിൽ മാത്രം ചിത്രത്തിന് 700ലധികം സ്‌ക്രീനുകളിലായ് 4000ലധികം ഷോകളാണ് ആദ്യദിനം നിശ്ചയിച്ചിരിക്കുന്നത്. പുലർച്ച നാലു മുതൽ ഫാൻസ് ഷോ ആരംഭിച്ചിരുന്നു. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ് ഗോട്ട് കേരളത്തിൽ വിതരണത്തിനെത്തിച്ചത്.