Malayalam
പണം വാങ്ങി വഞ്ചിച്ചു; മോഹൻലാലിനും നിർമാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരായ പരാതി നവംബറിലേയ്ക്ക് മാറ്റി
പണം വാങ്ങി വഞ്ചിച്ചു; മോഹൻലാലിനും നിർമാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരായ പരാതി നവംബറിലേയ്ക്ക് മാറ്റി
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ അവസ്മരണീയമാക്കിയ താരത്തിന് ആരാധകർ ഏറെയാണ്. പ്രായഭേദമന്യേ വലിയൊരു ആരാധക വൃന്തം തന്നെ താരത്തിനുണ്ട്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് പ്രേക്ഷകർ സ്വീകരിക്കുന്നതും.
ഇപ്പോഴിതാ സിനിമാ നിർമാണവുമായി ബന്ധപ്പെട്ട് പണം വാങ്ങി വഞ്ചിച്ചെന്നാരോപിച്ച് നടൻ മോഹൻലാലിനും നിർമാതാവ് ആന്റണി പെരുമ്പാവൂരിനുമെതിരായ പരാതി കോഴിക്കോട് അഞ്ചാം അഡീഷനൽ ജില്ല സെഷൻസ് കോടതി നവംബർ 20ന് മാറ്റിയെന്നുള്ള വിവരമാണ് പുറത്തെത്തുന്നത്. നിർമാതാവും സംവിധായകനുമായ കെ.എ. ദേവരാജൻ നൽകിയ അപ്പീലിലാണ് നടപടി.
ദേവരാജൻ്റെ സ്വപ്നമാളിക എന്ന ചിത്രത്തിനുവേണ്ടി എതിർകക്ഷികൾ 30 ലക്ഷം രൂപയുടെ ചെക്ക് 2007 മാർച്ച് 29-ന് കൈപ്പറ്റിയെന്നും പിന്നീട് സഹകരിക്കാതെ വഞ്ചിച്ചെന്നുമാണ് പരാതി. കോഴിക്കോട് നാലാം ജുഡീ ഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നേരത്തേ നൽകിയ സ്വകാര്യ അന്യായം തള്ളിയതിനെതിരേ നൽകിയ അപ്പീലാണ് ഇപ്പോൾ കോടതി പരിഗണിക്കുന്നത്.
‘തർപ്പണം’ എന്ന പേരിൽ മോഹൻലാൽ എഴുതിയ നോവലിന് എസ് സുരേഷ് ബാബു ഒരുക്കിയ തിരക്കഥയിൽ ആണ് സ്വപ്നമാളിക എന്ന സിനിമ എത്തുന്നത്. കരിമ്പിൽ ഫിലിംസിൻറെ ബാനറിൽ നിർമ്മിക്കപ്പെട്ട ചിത്രത്തിൻറെ സംവിധായകൻ ആയിരുന്നു കെ എ ദേവരാജൻ. പക്ഷേ ചിത്രം പുറത്തെത്തിയില്ല.
ചിത്രീകരണത്തിന് ശേഷം ട്രെയ്‍ലർ പുറത്തുവന്നിരുന്നെങ്കിലും സിനിമ എത്തിയില്ല. കഥാകൃത്തിൻറെയോ തിരക്കഥാകൃത്തിൻറെയോ അനുവാദമില്ലാതെ സംവിധായകൻ കഥയിൽ ചില മാറ്റങ്ങൾ വരുത്തിയതിനെത്തുടർന്നുള്ള തർക്കമാണ് ചിത്രം വെളിച്ചം കാണാതെപോയതിനുള്ള കാരണമായി പുറത്തുവന്ന വിവരം. 2008ൽ റിലീസ് പ്രതീക്ഷിക്കപ്പെട്ടിരുന്ന സിനിമയാണ് ഇത്.
രാജാമണിയും ജയ് കിഷനും ചേർന്ന് സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിൽ മോഹൻലാലിനൊപ്പം വിദേശ താരം എലീന, ഷമ്മി തിലകൻ, സുകുമാരി, ഊർമ്മിള ഉണ്ണി, ഇന്നസെൻറ്, ബാബു നമ്പൂതിരി തുടങ്ങി വലിയ താരനിര കഥാപാത്രങ്ങളായി അണിനിരന്നിരുന്നു. കഴിഞ്ഞ ലോക്ക് ഡൗൺ കാല ചർച്ചകൾക്കിടെ മോഹൻലാൽ എഴുതിയ നോവലും അതിനെ അധികരിച്ച് നിർമ്മിക്കപ്പെട്ട, എന്നാൽ ഇതുവരെ റിലീസ് ചെയ്യപ്പെടാതെ പോയ ഈ സിനിമയും കഥയും സിനമാ ഗ്രൂപ്പുകളിൽ സംസാരവിഷയമായിരുന്നു.
അതേസമയം തന്റെ സിനിമ തിരക്കുകളിലുമാണ് മോഹൻലാൽ. മോഹൻലാലിന്റെ 360-ാം ചിത്രമാണ് തരുൺ മൂർത്തി സംവിധാനം ചെയ്യുന്നത്. എൽ 360 എന്ന് അറിയപ്പെടുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ശോഭന, ബിനു പപ്പു തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഒരിടത്തരം ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിന്റെ അവതരണം.
രജപുത്രയുടെ പതിനാലാമതു ചിത്രവും മോഹൻലാലിന്റെ മുന്നൂറ്റിഅറുപതാമതു ചിത്രവുമാണിത്. ഏറെ ശ്രദ്ധേയമായ ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്കു ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമെന്ന നിലയിലും പ്രോജക്ടിനു പ്രതീക്ഷകളേറെയാണ്. അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തെത്തുന്ന ബറോസ് ഒക്ടോബർ ആദ്യവാരം തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രചരിച്ചിരുന്നത്
എന്നാൽ പിന്നീട് റിലീസ് തീയതി മാറ്റി വെയ്ക്കുകയായിരുന്നു. മലയാളത്തിലെ ഇതുവരെ കാണാത്ത ദൃശ്യവിസ്മയമായിരിക്കും ബറോസിലൂടെ പ്രേക്ഷകർക്ക് ലഭിക്കാൻ പോവുകയെന്ന് തന്നെയാണ് സിനിമാപ്രേമികളുടെ പ്രതീക്ഷ. 3D യിലാണ് ചിത്രമെത്തുന്നത്. ഫാന്റസി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്.