Actor
കുഷി ചെയ്യുന്നതുവരെ കടലമണികള്‍ എന്നപോലെയാണ് പണം ലഭിച്ചിരുന്നത്; വിജയ് ദേവരക്കൊണ്ട
കുഷി ചെയ്യുന്നതുവരെ കടലമണികള്‍ എന്നപോലെയാണ് പണം ലഭിച്ചിരുന്നത്; വിജയ് ദേവരക്കൊണ്ട
പരശുറാമിന്റെ സംവിധാനത്തില്‍ വിജയ് ദേവരകൊണ്ടയും മൃണാള്‍ താക്കൂറും മുഖ്യവേഷത്തിലെത്തുന്ന ചിത്രമാണ് ദ ഫാമിലി സ്റ്റാര്‍. ചിത്രം റിലീസിനെത്താനിരിക്കുന്ന വേളയില്‍ അവസാനവട്ട പ്രചാരണത്തിരക്കുകളിലാണ് സംവിധായകനും താരങ്ങളും. ഇപ്പോള്‍ തന്റെ പ്രതിഫലത്തേക്കുറിച്ചും പരാജയപ്പെട്ട സിനിമയേക്കുറിച്ചുമുള്ള വിജയ് ദേവരകൊണ്ടയുടെ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.
കരിയറിന്റെ തുടക്കത്തില്‍ തനിക്ക് ലഭിച്ച പ്രതിഫലത്തെ കടലമണികളോടാണ് വിജയ് ദേവരകൊണ്ട ഉപമിച്ചത്. അതിനൊരു മാറ്റം കൊണ്ടുവന്നത് തന്റേതായി കഴിഞ്ഞവര്‍ഷം പുറത്തിറങ്ങിയ കുഷി എന്ന ചിത്രമായിരുന്നു. ലൈഗര്‍ എന്ന ചിത്രത്തിന് മുന്‍പും ശേഷവും തന്റെ മനോഭാവത്തില്‍ മാറ്റം വന്നിട്ടില്ലെന്നും വിവിധ പ്രചാരണ പരിപാടികളില്‍ വിജയ് ദേവരകൊണ്ട പറഞ്ഞു.
‘ഞാനൊരു താരമാണെങ്കിലും സത്യസന്ധമായി പറയുകയാണെങ്കില്‍ കുഷി ചെയ്തതോടുകൂടിയാണ് നല്ലൊരു സംഖ്യ വീട്ടിലേക്ക് കൊണ്ടുപോയത്. അതിനുമുന്‍പ്, നിങ്ങള്‍ പുറത്തുനിന്നുള്ള ഒരാളായിരിക്കുമ്പോള്‍ പൈസയേക്കുറിച്ച് മറക്കേണ്ടിവരും. നിങ്ങള്‍ക്ക് സ്വന്തമായി ഒരു സ്ഥാനം കെട്ടിപ്പടുക്കേണ്ടിയും പ്രകടനത്തേക്കുറിച്ച് മനസിലാക്കേണ്ടിയും സിനിമകളില്‍ ജോലിചെയ്യുന്നതിനേക്കുറിച്ച് പഠിക്കേണ്ടിയുംവരും. കുഷി ചെയ്യുന്നതുവരെ കടലമണികള്‍ എന്നപോലെയാണ് പണം ലഭിച്ചിരുന്നത്.
ലൈഗര്‍ സിനിമയുടെ പരാജയത്തിന് മുമ്പും ശേഷവും എന്റെ മനോഭാവത്തില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. ഒരേയൊരു വ്യത്യാസം മാത്രം, കുറഞ്ഞത് മൂന്ന് സിനിമകളെങ്കിലും ചെയ്ത് കഴിയുന്നതുവരെ ഒരു സിനിമയുടെ ഫലത്തെ കുറിച്ച് സംസാരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഞാന്‍ തീരുമാനിച്ചു’ എന്നും വിജയ് ദേവരകൊണ്ട കൂട്ടിച്ചേര്‍ത്തു
2022ല്‍ പുറത്തിറങ്ങിയ സര്‍ക്കാരുവാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനംചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാര്‍. ഇത് രണ്ടാംതവണയാണ് പരശുറാമും വിജയ് ദേവരകൊണ്ടയും ഒന്നിക്കുന്നത്. കേരളത്തിലും സൂപ്പര്‍ഹിറ്റായ ഗീതാ ഗോവിന്ദമാണ് ഇതിനുമുന്‍പ് പരശുറാംവിജയ് ദേവരകൊണ്ട ടീം ഒന്നിച്ച ചിത്രം.
