News
ലോകം എന്നെ ആഗ്രഹിക്കുന്നില്ലെന്ന് എനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു; എല്ലാം അവസാനിപ്പിക്കുന്നുവെന്ന് ഗ്രാമി പുരസ്‌കാര ജേതാവ് ലിസ്സോ
ലോകം എന്നെ ആഗ്രഹിക്കുന്നില്ലെന്ന് എനിക്ക് തോന്നിത്തുടങ്ങിയിരിക്കുന്നു; എല്ലാം അവസാനിപ്പിക്കുന്നുവെന്ന് ഗ്രാമി പുരസ്‌കാര ജേതാവ് ലിസ്സോ
സ്വതസിദ്ധമായ ശൈലിയിലൂടെ ലോകമെമ്പാടും നിരവധി ആരാധകരെ സൃഷ്ടിച്ച അമേരിക്കന്‍ റാപ്പറും ഗായികയുമാണ് ഗ്രാമി പുരസ്‌കാര ജേതാവ് ലിസ്സോ. സംഗീതലോകത്തെ ഞെട്ടിക്കുകയും ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരിക്കുകയുമാണ് ഗായികയുടെ പുതിയ സോഷ്യല്‍ മീഡിയാ പോസ്റ്റ്. താന്‍ എല്ലാം നിര്‍ത്തുന്നുവെന്നാണ് അവര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
ജോ ബൈഡന്റെ ഇലക്ഷന്‍ ഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് ന്യൂയോര്‍ക്ക് സിറ്റിയിലെ സിറ്റി ഹാളില്‍ ലിസോ ഒരു സംഗീതപരിപാടി നടത്തിയിരുന്നു. ഇതിനുപിന്നാലെ ശക്തമായ വിമര്‍ശനവും സോഷ്യല്‍ മീഡിയാ ആക്രമണവും ലിസോക്കെതിരെ ഉയര്‍ന്നിരുന്നു. ഇതിനേത്തുടര്‍ന്നാണ് ലിസോ ചര്‍ച്ചകള്‍ക്കാധാരമായ കുറിപ്പ് പോസ്റ്റ് ചെയ്തത്.
നിരന്തരമായ സോഷ്യല്‍മീഡിയാ ആക്രമണവും നുണകളുമാണ് തന്റെ ഈ തീരുമാനത്തിന് പിന്നിലെന്ന് അവര്‍ വ്യക്തമാക്കി. പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ വിമര്‍ശകര്‍ക്കെതിരെ ആഞ്ഞടിച്ച് ലിസോയുടെ ആരാധകരും രംഗത്തെത്തിയിരിക്കുകയാണ്.
‘എന്റെ ജീവിതത്തിലും ഇന്റര്‍നെറ്റിലും എല്ലാവരാലും വലിച്ചിഴക്കപ്പെടുന്നത് സഹിച്ചു മടുത്തു. എനിക്ക് വേണ്ടത് സംഗീതം സൃഷ്ടിക്കുകയും ആളുകളെ സന്തോഷിപ്പിക്കുകയും ലോകത്തെ ഞാന്‍ എങ്ങനെ കണ്ടെത്തി എന്നതിനേക്കാള്‍ അല്‍പ്പം മെച്ചപ്പെടാന്‍ സഹായിക്കുകയും ചെയ്യുക എന്നതാണ്.
എന്നാല്‍ ലോകം എന്നെ അതില്‍ ആഗ്രഹിക്കുന്നില്ലെന്ന് എനിക്ക് തോന്നിത്തുടങ്ങി. കാഴ്ചക്കാരെ സൃഷ്ടിക്കാന്‍ പലരും എനിക്കെതിരെ പ്രചരിപ്പിക്കുന്ന നുണകളെ ഞാനെപ്പോഴും എതിര്‍ത്തിട്ടുണ്ട്. എന്റെ ശരീരപ്രകൃതി നോക്കി പലരും തമാശ സൃഷ്ടിക്കുന്നു. എന്നെ അറിയാത്ത ആളുകള്‍ എന്നെ അകറ്റിനിര്‍ത്തുകയും എന്റെ പേരിനോട് അനാദരവ് കാണിക്കുകയും ചെയ്യുന്നു.’ എന്നും ലിസ്സോ കുറിച്ചു.
ഏതാനും മാസങ്ങള്‍ക്കുമുമ്പ് ലിസോയ്‌ക്കെതിരെ ലൈം ഗികാതിക്രമ കേസുമായി മുന്‍സഹായികളായ മൂന്ന് നര്‍ത്തകര്‍ ലോസ് ആഞ്ചലസ് കൗണ്ടി സുപ്പീരിയര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു. അരിയാനാ ഡേവിസ്, ക്രിസ്റ്റല്‍ വില്ല്യംസ്, നോയേല്‍ റോഡ്രിഗസ് എന്നിവരാണ് ലിസോയ്‌ക്കെതിരെ കേസ് കൊടുത്തത്. ഗായികയും അവരുടെ പ്രൊഡക്ഷന്‍ കമ്പനിയും ശത്രുതാപരമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിച്ചുവെന്നും പരാതിയിലുണ്ടായിരുന്നു.
ആംസ്റ്റര്‍ഡാമിലെ സംഗീത പരിപാടിക്കുശേഷം ലിസോയും പരാതിക്കാര്‍ ഉള്‍പ്പെടുന്ന സംഘാംഗങ്ങളും നഗരത്തിലെ ഒരു ക്ലബിലെ സെക്‌സ് തീം ഷോയില്‍ പങ്കെടുത്തിരുന്നു. ഈ ക്ലബിലെ നഗ്‌നരായ നര്‍ത്തകര്‍ക്കൊപ്പം ‘ലൈം ഗികമായി ഇടപഴകാന്‍’ ഗായിക നിര്‍ബന്ധിച്ചു എന്നാണ് നര്‍ത്തകര്‍ കോടതിയെ അറിയിച്ചത്.
സ്ഥിരമായി ബോഡി പോസിറ്റിവിറ്റിയേക്കുറിച്ച് സംസാരിക്കുന്ന ലിസോ തന്റെ സംഘാംഗമായ ഡേവിസിന് ശരീരഭാരം കൂടിയതിനോട് മോശമായി പ്രതികരിച്ചെന്നും ഹര്‍ജിയിലുണ്ടായിരുന്നു. ഈ സാഹചര്യം നിലനില്‍ക്കേയാണ് ലിസോയുടെ പിന്മാറ്റക്കുറിപ്പ് സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത്. അതേസമയം സോഷ്യല്‍ മീഡിയയില്‍നിന്ന് മാത്രമാണോ അതോ സംഗീതലോകത്തുനിന്നാണോ ലിസോയുടെ ഈ പിന്മാറ്റമെന്ന് ഇനിയും വ്യക്തമായിട്ടില്ല.
