എന്റെ ശക്തിയുടെ നെടുംതൂണായി നിൽക്കുന്നതിന് നന്ദി!!ഭാര്യയ്ക്ക് ആശംസയുമായി വിജയ് ബാബു
അഭിനയവും നിര്‍മ്മാണവുമൊക്കെയായി സജീവമാണ് വിജയ് ബാബു മലയാള സിനിമയിലെ പ്രമുഖ നിർമാതാക്കളിൽ ഒരാളാണ് വിജയ് ബാബു. വർഷങ്ങളോളം മുൻനിര ടെലിവിഷൻ ചാനലുകളുടെ തലപ്പത്ത് പ്രവർത്തിച്ച ശേഷമാണ് വിജയ് ബാബു സിനിമയിലേക്ക് എത്തുന്നത്. ഫ്രൈഡേ ഫിലിം ഹൗസ് എന്ന പ്രൊഡക്ഷൻ കമ്പനിയ്ക്ക് കീഴിൽ മങ്കിപെൻ, ആട്, ഹോം തുടങ്ങി ഒരുപിടി ജനപ്രീയ സിനിമകൾ വിജയ് ബാബു ഒരുക്കിയിട്ടുണ്ട്. ഇന്ന് നിർമാതാവ് എന്നതിനൊപ്പം തന്നെ മലയാള സിനിമയിലെ തിരക്കുള്ള നടൻ കൂടിയാണ് അദ്ദേഹം
അതേസമയം തിരക്കുകള്‍ക്കിടയിലും കുടുംബത്തിനായി വിജയ് ബാബു സമയം കണ്ടെത്താറുണ്ട്. ഭാര്യ സ്മിതയും ഏകമകൻ ഭരതും അടങ്ങുന്നതാണ് വിജയ് ബാബുവിന്റെ കുടുംബം. അടുത്തിടെ വിജയ് ബാബുവിന്റെ വീട്ടുവിശേഷങ്ങൾ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ വിവാഹ വാർഷിക ദിനത്തിൽ വിജയ് ബാബു പങ്കുവെച്ചോരു പോസ്റ്റാണ് ശ്രദ്ധനേടുന്നത്. ഇന്നാണ് വിജയ് ബാബുവിന്റെ വിവാഹ വാർഷികം.ഞങ്ങൾക്ക് വിവാഹ വാർഷിക ആശംസകൾ.
എന്റെ ശക്തിയുടെ നെടുംതൂണായി നിൽക്കുന്നതിന് നന്ദി!! എത്ര വർഷമായെന്ന് അറിയാൻ ആഗ്രഹിക്കുന്നവർക്ക് അത് പിന്നിൽ ഇരിക്കുന്നുണ്ട്’ എന്നാണ് ഭാര്യ സ്മിതയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവച്ച് വിജയ് ബാബു കുറിച്ചത്. അച്ഛനും അമ്മയും മിറര്‍ സെല്‍ഫി പകര്‍ത്തുമ്പോള്‍ പുറകിലിരുന്ന് മകൻ ഫോണില്‍ നോക്കുന്നതും ചിത്രത്തിൽ കാണാം. നിരവധി പേരാണ് പോസ്റ്റിന് താഴെ ആശംസകൾ നേർന്ന് കമന്റ് ചെയ്യുന്നത്.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് വിജയുടെ മകന്‍ ഭരത്. ഞങ്ങള്‍ സുഹൃത്തുക്കളെപ്പോലെയാണ് എന്നാണ് അടുത്തിടെ ബിഹൈൻഡ്വുഡ്‌സ് ഹോം ടൂർ വീഡിയോയിൽ വിജയ് ബാബു പറഞ്ഞത്. തന്റെ സിനിമയിലൂടെ മകനെ ഒരിക്കലും സിനിമയിലേക്ക് കൊണ്ടുവരില്ലെന്നും തന്റെ പേരിലൂടെ നീ ഒരിക്കലും സിനിമയില്‍ കയറില്ലെന്ന് മകനോട് പറഞ്ഞിട്ടുണ്ടെന്നും വിജയ് ബാബു പറയുകയുണ്ടായി.
സ്വന്തം കഴിവ് വെച്ച് വേണം സിനിമയിലെത്താന്‍ എന്ന് അച്ഛന്‍ പറഞ്ഞിട്ടുണ്ടെന്ന് മകനും പറഞ്ഞിരുന്നു.അതേ അഭിമുഖത്തിൽ ഭാര്യ സ്മിതയെ കുറിച്ച് വിജയ് ബാബു പറഞ്ഞ കാര്യങ്ങളും ശ്രദ്ധനേടിയിരുന്നു. എന്നും അമ്പലത്തില്‍ പോകുന്നയാളാണ് ഭാര്യ. വെളുപ്പിന് അഞ്ചുമണി എന്നൊരു സമയമുണ്ടെങ്കിൽ ഭാര്യ അമ്പലത്തിലായിരിക്കും. യാത്ര പോകുന്ന സ്ഥലത്തായാലും ഏതെങ്കിലും അമ്പലമുണ്ടോ എന്നായിരിക്കും സ്മിത നോക്കുന്നത്.
സിനിമയില്‍ അഭിനയിക്കാനോ, നിര്‍മ്മാതാവാകാനോ ഒന്നും താനില്ലെന്ന് പറഞ്ഞിട്ടുണ്ട്.കൃത്യമായ ജീവിതക്രമം തുടരുന്നയാളാണ്. രാത്രി എട്ടേമുക്കാല്‍ എന്നൊരു സമയമുണ്ടെങ്കില്‍ ഉറങ്ങും. ഒന്‍പത് മണിയൊക്കെ പുള്ളിക്കാരിക്ക് അര്‍ധരാത്രിയാണ്. നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്ന ശീലക്കാരിയാണ് എന്നൊക്കെയാണ് വിജയ് ബാബു പറഞ്ഞത്.
വാലാട്ടിയാണ് വിജയ് ബാബു നിർമ്മിച്ച് ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം. രണ്ടു നായകളെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ദേവൻ ആണ്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി വിജയ് ബാബുവും എത്തുന്നുണ്ട്.