News
ഓഫീസിനു മുന്നിലുള്ള രണ്ട് ഒടിയന്മാരില് ഒരാളെ കാണാനില്ല; പിന്നാലെ ഒരു മെസേജും എത്തി; ആരാധകന് ചെയ്ത് വെച്ച പണിയെ കുറിച്ച് വിഎ ശ്രീകുമാര്‍
ഓഫീസിനു മുന്നിലുള്ള രണ്ട് ഒടിയന്മാരില് ഒരാളെ കാണാനില്ല; പിന്നാലെ ഒരു മെസേജും എത്തി; ആരാധകന് ചെയ്ത് വെച്ച പണിയെ കുറിച്ച് വിഎ ശ്രീകുമാര്‍
മോഹന്‍ലാലിനെ നായകനാക്കി വി എ ശ്രീകുമാര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഒടിയന്’. സിനിമയുടെ പ്രഖ്യാപനം മുതല്‍ പുറത്തുവന്ന ഓരോ പ്രൊമോഷന് രീതികളും സമൂഹ മാധ്യമങ്ങളിലും ഹിറ്റായിരുന്നു. മോഹന്‍ലാല്‍ അവതരിപ്പിച്ച ഒടിയന് മാണിക്യന്റെ പ്രതിമകള്‍ ഉണ്ടാക്കിയതും ഏറെ ശ്രദ്ധ നേടി. അത്തരത്തില്‍ ഒരുക്കിയ ഒരു ഒടിയന് പ്രതിമ ആരാധകന് എടുത്തുകൊണ്ട് പോയി എന്ന് പറയുകയാണ് വി എ ശ്രീകുമാര്‍.
വി എ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പുഷ് എന്ന സ്ഥാപനത്തിന് മുന്നില്‍ വെച്ചിരുന്ന രണ്ടു ഒടിയന് ശില്പങ്ങളില് ഒന്നാണ് ആരാധകന് മോഷ്ടിച്ചത്. ‘പാലക്കാട് ഓഫീസിനു മുന്നില്‍ ഒടിയന്മാര് രണ്ടുണ്ട്. ഈ ഒടിയന്മാരെ കാണാനും സെല്‍ഫി എടുക്കാനുമെല്ലാം പലരും വരുന്ന പതിവുണ്ട്. കല്യാണ വീഡിയോകളും ഇവിടെ പതിവായി ചിത്രീകരിക്കാറുണ്ട്.
ഒടിയന് സന്ദര്‍ശകര്‍ വര്‍ദ്ധിച്ചപ്പോള്‍ ഞങ്ങള്‍ കുറച്ച് സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ശില്‍പ്പം പ്രദര്ശിപ്പിച്ചാലോ എന്നൊക്കെ ആലോചിക്കുകയായിരുന്നു. അതിനിടയിലാണ് ഈ സംഭവം. കഴിഞ്ഞ ഞായര്‍ അവധി കഴിഞ്ഞു വന്നപ്പോഴുണ്ട്. അതില്‍ ഒരു ഒടിയനില്ല’, വി എ ശ്രീകുമാര്‍ പറയുന്നു.
പിന്നാലെ തനിക്ക് ഫോണിലൂടെ ആരാധകന്റെ സന്ദേശം വന്നതായും അദ്ദേഹം പറഞ്ഞു. ‘ശ്രീകുമാര്‍ സാര്‍ ഒന്നും വിചാരിക്കരുത്. ലാലേട്ടന്റെ പ്രതിമകളില്‍ ഒന്ന് ഞാനെടുത്തു എന്റെ വീട്ടില്‍ കൊണ്ടുപോയി വെച്ചു. ആളാകാന്‍ വേണ്ടിയിട്ടാണ്. ആരും അറിഞ്ഞിട്ടില്ല. സോറി സാര്‍. എന്റെ വീടിന് മുന്നില്‍ വെച്ചാല്‍ ഒരു വിലയുണ്ടാകും.
എനിക്ക് നാട്ടില്‍ ഒരു വിലയില്ലാത്ത പോലെയാണ്. സോറി സാര്‍ ഞാന്‍ അത് നേരെ എന്റെ വീട്ടില്‍ കൊണ്ടുപോയി വെച്ചു. പേരുണ്ടാക്കാന്‍ വേണ്ടിയിട്ടാണ്. സാര്‍ ഒന്നും വിചാരിക്കേണ്ട’, എന്നാണ് ആരാധകന് ഓഡിയോ സന്ദേശത്തില്‍ പറയുന്നത്. ശ്രീകുമാര്‍ പങ്കുവെച്ച സംഭവവും സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
