News
ഈശ്വരാ പത്തുവര്‍ഷം കൊണ്ട് ഇങ്ങനെ മാറിപ്പോകുമോ ….!; പഴയകാല ചിത്രം പങ്കുവെച്ച് ഊര്‍മ്മിള ഉണ്ണി
ഈശ്വരാ പത്തുവര്‍ഷം കൊണ്ട് ഇങ്ങനെ മാറിപ്പോകുമോ ….!; പഴയകാല ചിത്രം പങ്കുവെച്ച് ഊര്‍മ്മിള ഉണ്ണി
വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന താരമാണ് നടി ഊര്‍മ്മിള ഉണ്ണി. ഇതിനോടകം തന്നെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ സഹനടിയായും അമ്മനടിയായും ഒക്കെ താരം വേഷമിട്ടു കഴിഞ്ഞു. എംടി ഹരിഹരന് ടീമിന്റെ സര്‍ഗം എന്നചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയത്. സര്‍ഗം ചിത്രം കണ്ടവരാരും ഊര്‍മ്മിള ഉണ്ണിയെ മറക്കാന്‍ ഇടയില്ല. മനോജ് കെ ജയന് അവതരിപ്പിച്ച കോലോത്തെ തമ്പരാട്ടിയായി മികച്ച പ്രകടനമാണ് ഊര്‍മ്മിള ഉണ്ണി സര്‍ഗത്തില്‍ കാഴ്ച വെച്ചത്.
പ്രായത്തിന്റെ ഇരട്ടിയിലധികം പക്വത ആവശ്യമായിരുന്ന വേഷത്തോട് തികച്ചും നീതി പുലര്‍ത്തി കൊണ്ടു തന്നെയായിരുന്നു ഊര്‍മ്മിള ഉണ്ണിയുടെ പ്രകടനം. തുടര്‍ന്നും നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ ഊര്‍മ്മിള ഉണ്ണി അവതരിപ്പിച്ചു.സഹനടിയായും അമ്മ നടിയായും ഒക്കെ തിളങ്ങുന്ന താരം ഇപ്പോഴും അഭിനയ-നൃത്ത ലോകത്ത് സജീവമാണ്.
സോഷ്യല്‍ മീഡിയയിലും ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഊര്‍മ്മിള പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ പത്ത് വര്‍ഷം മുമ്പുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഊര്‍മ്മിള. ഈ ചിത്രത്തില്‍ നിന്ന് ഊര്‍മ്മിളയ്ക്ക് വളരെ വലിയ മാറ്റം തന്നെ സംഭവിച്ചുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഈശ്വരാ…പത്ത് വര്‍ഷം കൊണ്ട് ഇങ്ങനെയും മാറുമോ എന്ന് ചിത്രം പങ്കുവെച്ച് ഊര്‍മ്മിളയും ചോദിച്ചിട്ടുണ്ട്. തന്റെ ഫാന്‍സ് പേജില്‍ വന്ന ചിത്രമാണ് പത്ത് വര്‍ഷം മുമ്പുള്ള ചിത്രമായി ഊര്‍മ്മിള പങ്കുവെച്ചിരിക്കുന്നത്. ചിത്രം വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരുന്നത്.
പത്ത് വര്‍ഷം കഴിഞ്ഞിട്ടും സൗന്ദര്യത്തിന് കോട്ടമൊന്നും സംഭവിച്ചിട്ടില്ല, ഐശ്വര്യം അതുപോലെ തന്നെയുണ്ട്. രൂപം മാറിയാലും സ്വഭാവം മാറിയില്ലല്ലോ എന്നു തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.
അടുത്തിടെ, കൗമാരകാലത്ത് തനിക്ക് കമല്‍ഹാസനോട് ഉണ്ടായിരുന്ന ഭ്രമത്തെ കുറിച്ചാണ് ഊര്‍മിള തുറന്ന് പറയുന്നത്. കൗമാരകാലത്ത് എല്ലാവര്ക്കും സിനിമയോട് ഒരു വല്ലാത്ത ഭ്രമം തോന്നും. ചിലര്‍ക്ക് അത് ജീവിതാവസാനം വരെ നിലനില്ക്കും ചിലര്‍ക്ക് വഴിയിലെവിടെയോ കെട്ടുപോകും, എനിക്ക് കമലാഹസ നോടായിരുന്നു അന്ന് ഭ്രമം! മദനോത്സവം ഒക്കെ പല തവണ തീയറ്ററില്‍ പോയി കണ്ടിട്ടുണ്ട്. അന്ന് ശ്രീദേവി യും ,കമലും തമ്മില്‍ പ്രണയത്തിലാണെന്ന് സിനിമാമാസികകളില്‍ കണ്ടിരുന്നു.
ചിലങ്ക എന്നൊരു സിനിമ തെലുങ്കില്‍ റിലീസായി ഉടനെ അത് മലയാളത്തില്‍ ഡബ് ചെയ്തു വന്നു. എലൈറ്റ് ശാന്ത ചേച്ചി പറഞ്ഞു അതിലെ നായികക്ക് ഊര്‍മ്മിളയുടെ ഛായ ഉണ്ടെന്ന് ആ ജയപ്രദയുടെ ഹിറ്റ് ചിത്രമായിരുന്നു സാഗരസംഗമം നാദ വിനോദങ്ങള്‍ എന്ന പാട്ട് കമലിനോടൊപ്പം കളിക്കുന്നത് ഞാനാണ് എന്നായിരുന്നു എന്റെ ഭാവം. പിന്നീടങ്ങോട്ട് ജയപ്രദയെ പോലെ സാരിയുടുക്കുക ,റോസാപൂ ചൂടുക ,കണ്പീലി ഒട്ടിച്ച് കണ്ണെഴുതുക, കടുത്ത ലിപ്സ്റ്റിക്ക് ഇടുക തുടങ്ങിയ കലാപരിപാടികളിലായിരുന്നു തന്റെ ശ്രദ്ധയെന്നും ഊര്‍മിള പറയുന്നു.
കൗമാരം തീര്‍ന്നതോടെ എന്റെ ഭ്രമങ്ങളും തീര്‍ന്നു. ഞാനും സിനിമയില്‍ എത്തി. 30 വര്‍ഷം കഴിഞ്ഞാണ് രണ്ടു തമിഴ് സിനിമകള്‍ ചെയ്തത്. അന്ന് കുറച്ചു വര്‍ഷങ്ങള്‍ ഞാന്‍ ചെന്നെയില്‍ താമസിച്ചിരുന്നു. ഏതാ ഒരു തമിഴ് സിനിമയുടെ പ്രമോഷന് പരിപാടിക്കായി എനിക്കും ക്ഷണം കിട്ടി. വെറും കാഴ്ച കാരിയായിട്ടാണ് കേട്ടോ അല്ലാതെ വേദിയിലെക്കല്ല.
അവിടെ എത്തിയപ്പോഴാണറിഞ്ഞത്. അന്നത്തെ മുഖ്യാതിഥി കമലാഹസനാണ് . ഈശ്വരാ ,അടുത്തു കണ്ടാല്‍ ഒരു സെല്‍ഫി എടുക്കായിരുന്നു. സില്ക്കു ജുബ്ബയൊക്കെ ഇട്ട് പ്രഭാ പൂര്‍ണ്ണനായി വേദിയില്‍ നില്ക്കുന്ന കമലിനെ ദൂരെയിരുന്നു ഞാന്‍ കണ്ടു ജനം ആര്‍ത്തു കയ്യടിക്കുന്നുണ്ട്.
എങ്കിലും പാദസരം കിലുങ്ങാത്ത പ്രണയം വന്നെത്തിയ എന്റെ കൗമാരത്തിലേക്ക് ഞാന്‍ പടികളിറങ്ങിച്ചെന്നു. ഹൃദയത്തിന്റെ ഉള്ളറയില്‍ സൂക്ഷിച്ച രാത്രികളുടെ നിലാവിനെ കുറിച്ചോര്‍ത്തു. മുടി നീട്ടി പിന്നിയിട്ട് റോസാപൂ ചൂടി നടന്ന കോളേജുവരാന്തകളെ കുറിച്ചോര്‍ത്തു. ടേപ് റിക്കോഡര്‍ ഓണ്‍ ചെയ്ത് കുന്നിന് മുകളില്‍ കമലാ ഹസനോടൊപ്പം നാദ വിനോദങ്ങള്‍ കളിച്ചത് ഞാനല്ല എന്നതിരിച്ചറിവോടെ ഇതിനോടകം ജയപ്രദ രാജ്യസഭാംഗത്വം നേടിയിരുന്നു. ഹിന്ദിയിലും ,തെലുങ്കിലും നൂറുകണക്കിനു സിനിമകളില്‍ നായികയായി. മലയാളത്തില്‍ പ്രണയം എന്ന സിനിമയും.
സിനിമയെന്ന ഒരേ തട്ടകത്തില്‍ തന്നെയാണ് ഞാനും ജയപ്രദയും ,കമലും ഒക്കെ ജോലി ചെയ്യുന്നത്.
പക്ഷെ ഞാന്‍ അവരെയൊന്നും നേരിട്ടു കണ്ടിട്ടുപോലുമില്ല. വേദിയിലേക്ക് നിസ്സംഗതയോടെ നോക്കിയിരിക്കുമ്പോള്‍ എഴുതിത്തീരാത്ത ഏതോ സിനിമാക്കഥയില്‍ ഞാന്‍ നഷ്ടപ്പെട്ടിരുന്നു. കണ്ടുമതിവരാത്ത ഒരു സിനിമയിലെ എന്റെ കഥാപാത്രത്തിനു വേണ്ടി പുനര്‍ജനിക്കാന്‍ കാത്തിരിക്കയാണു ഞാന്‍. ഉരിയാടാന്‍ സ്വാതന്ത്ര്യമില്ലാത്ത കൗമാരത്തിന്റെ അടിതട്ടിലേക്ക് വീണ്ടും വീണ്ടും ഞാന്‍ പടികളിറങ്ങുകയായിരുന്നു എന്നായിരുന്നു ഊര്‍മിളയുടെ വാക്കുകള്‍.
1988ല്‍ ജി അരവിന്ദന് സവിധാനം ചെയ്ത ‘മാറാട്ടം’ എന്ന ചിത്രത്തിലൂടെയാണ് ലയാളസിനിമാലോകത്തേയ്ക്ക് ഊര്‍മിള ഉണ്ണി ചുവടുവെയ്ക്കുന്നത്. തൃശൂരില്‍ മുദ്ര എന്ന പേരില്‍ ഒരു നൃത്ത അക്കാദമി നടത്തുന്നുണ്ട്. ‘പാഞ്ചാലിക’ എന്ന ഒരു കവിതാസമാഹാരവും, ‘സിനിമയുടെ കഥ സിനിമാക്കഥ’ എന്ന പേരില്‍ ഒരു സിനിമാസാങ്കേതിക പുസ്തകവും താരത്തിന്റെതായി ഇതിനോടകം തന്നെ പ്രസിദ്ധീകരിച്ചു. അതോടൊപ്പം തന്നെ , റൊയിനാ ഗ്രെവല്‍ എഴുതിയ ‘ദി ബുക്ക് ഓഫ് ഗണേശ’ എന്ന പുസ്തകം മലയാളത്തില്‍ ‘ഗണപതി’ എന്ന പേരില്‍ തര്‍ജ്ജമ ചെയ്ത് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
