Actor
ഉണ്ണി മുകുന്ദനുമായി കൈകോർത്ത് ആശിർവാദ് സിനിമാസ്; പോസ്റ്റുമായി ആന്റണി പെരുമ്പാവൂർ
ഉണ്ണി മുകുന്ദനുമായി കൈകോർത്ത് ആശിർവാദ് സിനിമാസ്; പോസ്റ്റുമായി ആന്റണി പെരുമ്പാവൂർ
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ് ഉണ്ണി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മല്ലൂസിംഗ് എന്ന് വൈശാഖ് ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദന് ഒരു ബ്രേക്ക് കിട്ടിയത്. തന്റെ രാഷ്ട്രീയ നിലപാടുകൾ പലപ്പോഴും തുറന്ന് പറയന്നതിലൂടെ ഉണ്ണി മുകുന്ദനെതിരെ സൈബർ ആക്രമണങ്ങളും നടക്കാറുണ്ട്. ഇടയ്ക്കിടെ വിവാദങ്ങളിലും ഗോസിപ്പ് കോളങ്ങളിലും ചെന്ന് വീഴാറുണ്ട് ഉണ്ണി.
ഇപ്പോൾ മാർക്കോ എന്ന ഒരൊറ്റ ആക്ഷൻ സിനിമയിലൂടെ പാൻ ഇന്ത്യൻ ലെവലിൽ അറിയപ്പെട്ട താരമാണ് ഉണ്ണി മുകുന്ദൻ. ഹനീഫ് അദേനി സംവിധാനം ചെയ്‌ത ചിത്രത്തിൽ ഉണ്ണി മുകുന്ദന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കൂടാതെ താരത്തിന്റെ ആരാധക പിന്തുണ ഏറുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെ ഉണ്ണിയുടെ അടുത്ത സിനിമയെ കുറിച്ചുള്ള പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ എല്ലാവരും.
ഇപ്പോഴിതാ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് മലയാളത്തിലെ ഏറ്റവും ശക്തവും വലിയതുമായ പ്രൊഡക്ഷൻ ഹൗസുകളിൽ ഒന്നായ ആശിർവാദ് സിനിമാസ് ഉണ്ണിയുമായി സഹകരിക്കുകയാണ്. ആന്റണി പെരുമ്പാവൂർ തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഉണ്ണി മുകുന്ദനും മോഹൻലാലും ഉൾപ്പെടെയുള്ളവരുടെ ചിത്രങ്ങളും ആന്റണി പങ്കുവച്ചിട്ടുണ്ട്.
ഉണ്ണി മുകുന്ദൻ നായകനായി എത്തുന്ന അടുത്ത സിനിമയായ ഗേറ്റ് സെറ്റ് ബേബിയുടെ കേരളത്തിലെ വിതരണാവകാശമാണ് മോഹൻലാലിന്റെ ആശിർവാദ് സിനിമാസ് സ്വന്തമാക്കിയിരിക്കുന്നത്. മോഹൻലാലിനും ആന്റണി പെരുമ്പാവൂരിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് ഉണ്ണി മുകുന്ദനും ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ചിത്രത്തിന്റെ സംവിധായകൻ വിനയ് ഗോവിന്ദും ഉണ്ണി പങ്കുവച്ച ഫോട്ടോയിലുണ്ട്.
കഴിഞ്ഞ ദിവസം തന്നെ ഇതുമായി ബന്ധപ്പെട്ട ഒരു സൂചനാ പോസ്‌റ്റ് ഉണ്ണി ഫേസ്‌ബുക്കിൽ പങ്കുവച്ചിരുന്നു. എംഎൽ 2255 എന്ന നമ്പറുള്ള സ്‌കൂട്ടറിൽ ഇരിക്കുന്ന ചിത്രമായിരുന്നു ഉണ്ണി പങ്കിട്ടത്. സ്പെഷ്യൽ ആയ ഒരു കാര്യം വരാനിരിക്കുന്നു എന്ന ക്യാപ്ഷനും ചിത്രത്തിന് താഴെ താരം കൊടുത്തിരുന്നു. ക്യാപ്ഷനിൽ എൽ എന്നത് ബോൾഡാക്കി എഴുതുകയും ചെയ്‌തത് ആരാധകരെ കുഴക്കിയിരുന്നു.
ഇനി മലയാളത്തിന്റെ സ്വന്തം മോഹൻലാലിനൊപ്പം ഉണ്ണി അടുത്ത ചിത്രത്തിൽ വേഷമിടുമോ എന്നായിരുന്നു പ്രധാനമായും ഉയർന്ന ചോദ്യം. എന്നാൽ അതിനൊക്കെയും വിരാമമിട്ട് കൊണ്ടാണ് ഉണ്ണിയുടെയും ആന്റണി പെരുമ്പാവൂരിന്റെയും പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. എന്തായാലും യുവ താരങ്ങൾക്ക് പിന്തുണ നൽകാൻ ആശിർവാദ് സിനിമാസ് തയ്യാറായതിൽ ആരാധകർ സന്തോഷ് അറിയിച്ചിട്ടുണ്ട്.
കിളി പോയി, കോഹിനൂർ എന്നീ സിനിമകൾക്ക് ശേഷം ഉണ്ണി മുകുന്ദനെ നായകനാക്കി വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ഏറ്റവും ചിത്രമാണ് ഗെറ്റ് സെറ്റ് ബേബി. നിഖില വിമൽ, ചെമ്പൻ വിനോദ്, സുരഭി ലക്ഷ്‌മി, ജോണി ആന്റണി, സുധീഷ്, ശ്യാം മോഹൻ എന്നിങ്ങനെ വലിയ താരനിര തന്നെയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. ഒരു ടിപ്പിക്കൽ കോമഡി ഡ്രാമ ഗണത്തിൽപ്പെട്ട ചിത്രമായിരിക്കും ഇതെന്നാണ് സൂചന.
അതേസമയം, ഉണ്ണി മുകുന്ദന്റെ അവസാന ചിത്രമായ മാർക്കോ ഇന്ത്യയൊട്ടാകെ തരംഗം സൃഷ്‌ടിച്ചിരുന്നു. കിടിലൻ ആക്ഷൻ സീനുകളും മറ്റുമായി ബോളിവുഡ് പ്രേക്ഷകരെ വരെ ചിത്രം പിടിച്ചിരുത്തിയിരുന്നു. ബോളിവുഡിലേയും, കോളിവുഡിലേയും മികച്ച ആക്ഷൻ കോറിയോഗ്രാഫറായ കലൈകിംഗ്സൺസ് ആണ് ഈ ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
കെ.ജി.എഫ്,സലാർ ഉൾപ്പടെ വൻകിട ചിത്രങ്ങൾക്ക് സംഗീതമൊരുക്കിയ രവി ബ്രസൂറിൻ്റെ സംഗീതവും ഈ ചിത്രത്തിൻ്റെ ഹൈലൈറ്റാണ്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് കന്നഡ ഭാഷകളിലും ഒരുപോലെയാണ് റിലീസിനെത്തിയത്. മലയാളത്തിലെ മറ്റൊരു 100 കോടി ചിത്രമെന്ന നേട്ടവും മാർക്കോയ്ക്ക് വന്ന് ചേർന്നിരുന്നു. ഇപ്പോഴും ചിത്രം തിയേറ്ററുകളിൽ പ്രദർശനം തുടരുന്നുണ്ട്.
