News
സംവിധായകനും നിര്‍മാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള അന്തരിച്ചു
സംവിധായകനും നിര്‍മാതാവും ഗാനരചയിതാവുമായ ഉണ്ണി ആറന്മുള അന്തരിച്ചു
സംവിധായകനായും നിര്‍മാതാവായും ഗാനരചയിതാവായും ശ്രദ്ധിക്കപ്പെട്ട ഉണ്ണി ആറന്മുള(കെ ആര് ഉണ്ണികൃഷ്ണന് നായര്‍) അന്തരിച്ചു. ഇന്നലെ വൈകിട്ട് ചെങ്ങന്നൂരിലെ ലോഡ്ജില്‍ വെച്ച് ശാരീരിക അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അവിവാഹിതനായിരുന്നു. സംസ്കാരം നാളെ ഉച്ചയ്ക്ക് ആറന്മുള കോട്ടക്കകത്തുള്ള വീട്ടുവളപ്പില്‍ നടക്കും.
എതിര്‍പ്പുകള്‍(1984), സ്വര്‍ഗം(1987) എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഉണ്ണി. എതിര്‍പ്പുകള്‍ എന്ന ചിത്രത്തിലൂടെയാണ് ഉര്‍വശി മലയാള സിനിമയിലെത്തുന്നത്. പൂനുള്ളും കാറ്റേ, മനസൊരു മാന്ത്രിക കുതിരയായ് (എതിര്‍പ്പുകള്‍) ഈരേഴു പതിനാല് ലോകങ്ങളില്‍ (സ്വര്‍ഗം) തുടങ്ങി ഉണ്ണി രചിച്ച ഗാനങ്ങളും ഹിറ്റായിരുന്നു.
കമ്പ്യൂട്ടര്‍ കല്യാണം ആയിരുന്നു അവസാന ചിത്രം. കോഴഞ്ചേരി സെന്റ്തോമസ് കോളജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും, തേവര സേക്രട്ട് ഹാര്‍ട്ട് കോളജില്‍ നിന്നും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. ഡിഫന്‍സ് അക്കൗണ്ട്സില്‍ ഉദ്യോഗസ്ഥനായ ഉണ്ണി ആറന്മുള സിനിമയോടുള്ള അഭിനിവേശം കാരണം ജോലി ഉപേക്ഷിക്കുകയായിരുന്നു.
