അമ്മയുടെ ഒരു മീറ്റിങ് നടക്കുമ്പോള്‍ അന്നത്തെ പ്രസിഡന്റ് ഇടവേള ബാബുവിനെ ആ മീറ്റിങ്ങില്‍ നിന്നും ഇറക്കിവിട്ടു, അദ്ദേഹം അന്നെടുത്ത ശപഥമാണ്; തുറന്ന് പറഞ്ഞ് ടിനി ടോം
കഴിഞ്ഞ ദിവസമായിരുന്നു വിനീത് ശ്രീനിവാസന്‍ സിനിമ മുകുന്ദനുണ്ണി അസോസിയേറ്റ്‌സിനെ കുറിച്ച് നടന്‍ ഇടവേള ബാബു പറഞ്ഞ ചില കാര്യങ്ങളും വിവാദങ്ങള്‍ക്ക് വഴിതെളിച്ചത്. ഈ ചിത്രത്തിനൊക്കെ എങ്ങനെ സെന്‍സറിങ് ലഭിച്ചുവെന്നും സിനിമ മൊത്തം നെഗറ്റീവാണെന്നുമാണ് ഇടവേള ബാബു കുറ്റപ്പെടുത്തിയത്.
പഴയ ചിന്താഗതിയില്‍ കടിച്ച് തൂങ്ങി നില്‍ക്കുന്നത് കൊണ്ടാണ് ഇടവേള ബാബുവിന് മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തത് എന്നാണ് പ്രേക്ഷകര്‍ ഇടവേള ബാബുവിനെ വിമര്‍ശിച്ച് പറഞ്ഞത്. അതേസമയം മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ സെക്രട്ടറി പദവിയിലേക്ക് ഇടവേള ബാബു എങ്ങനെ എത്തി എന്നതിനെ കുറിച്ച് നടനും മിമിക്രി ആര്‍ടിസ്റ്റുമായ ടിനി ടോം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.
പണ്ട് അമ്മയുടെ ഒരു മീറ്റിങ് നടക്കുമ്പോള്‍ അന്നത്തെ പ്രസിഡന്റ് ഇടവേള ബാബുവിനെ ആ മീറ്റിങ്ങില്‍ നിന്നും ഇറക്കിവിട്ടിരുന്നെന്നും അന്ന് ഇടവേള ബാബു എടുത്ത ശപഥമാണ് ആ കസേരയെന്നുമായിരുന്നു ടിനി ടോം പറഞ്ഞത്. ഇടവേള ബാബു തന്നെയാണ് ഈ കഥ തന്നോട് ഒരിക്കല്‍ പറഞ്ഞതെന്നും ടിനി ടോം നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തോടനുബന്ധിച്ച് സിനിമയും എഴുത്തും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞു.
ഇതേ ചര്‍ച്ചയില്‍ ഇടവേള ബാബുവിന് ആ കസേര കിട്ടാന്‍ ചില പൊളിറ്റിക്‌സ് താന്‍ കളിച്ചിട്ടിട്ടുണ്ടെന്ന് നടന്‍ ഗണേഷ് കുമാറും പറയുന്നുണ്ട്. ഓരോരുത്തര്‍ക്ക് ഓരോ ലക്ഷ്യമാണ്. ചിലര്‍ക്ക് സിനിമയില്‍ വരണമെന്നാണ് ആഗ്രഹം. ബാബു ചേട്ടന്‍ എന്നോട് പറഞ്ഞിട്ടുണ്ട് അമ്മയുടെ സെക്രട്ടറി സ്ഥാനത്ത് വരണമെന്നത് അദ്ദേഹത്തിന്റെ ലക്ഷ്യമായിരുന്നുവെന്ന്. പണ്ട് അമ്മയുടെ ഒരു മീറ്റിങ് നടക്കുമ്പോള്‍ അന്നത്തെ പ്രസിഡന്റ് ഇറക്കിവിട്ടിട്ടുണ്ടെന്ന് ഇടവേള ബാബു എന്നോട് പറഞ്ഞിട്ടുണ്ട്.
അന്ന് അദ്ദേഹം എടുത്ത ശപഥമാണ് അദ്ദേഹം ഇരിക്കുന്ന സീറ്റില്‍ പുള്ളി കയറി ഇരിക്കുമെന്ന്. ആ ലക്ഷ്യം അദ്ദേഹം നേടിയെടുത്തു എന്നായിരുന്നു’ ടിനി ടോം പറഞ്ഞത്. ലക്ഷ്യം നമ്മള്‍ നേടിക്കൊടുത്തതാണ് എന്നായിരുന്നു ഗണേഷ് കുമാറിന്റെ മറുപടി. അമ്മയില്‍ നിന്നും ഒരു സെക്രട്ടറി രാജിവെക്കുന്ന സമയത്ത് ഞാന്‍ ഒരു സെക്കന്റില്‍ അവിടെ ഒരു രാഷ്ട്രീയം കളിച്ചു. ഒറ്റ പിടിവാശിയില്‍. ആ ബുക്കെല്ലാം വാങ്ങിച്ച് കൈയില്‍ കൊടുത്തു. അങ്ങനെയാണ് അമ്മയുടെ സെക്രട്ടറിയാക്കുന്നത് എന്നായിരുന്നു ഗണേഷിന്റെ മറുപടി.
എന്നെ ആദ്യമായിട്ട് ആ സ്ഥാനത്തിരുത്തുന്നത് ഗണേഷ് തന്നെയാണെന്നും അതിന് ഒരു സംശയവുമില്ലെന്നുമായിരുന്നു. ഇതോടെ ഇടവേള ബാബു പറഞ്ഞത്. അമ്മയുടെ സെക്രട്ടറിയായതോടെ ഇടവേള ബാബുവിനെ ചാനലുകാര്‍ പോലും പരിപാടിക്ക് വിളിക്കാതെയായെന്നും ചാനല്‍കാരോട് അമ്മയുടെ പ്രോഗ്രാമിന്റെ പൈസ ചോദിച്ചതിന്റെ പേരിലാണ് അതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
