News
മോഹന്‍ലാലിന്റെ കൂടെ സിംഗപ്പൂര്‍ പോയി തിരിച്ചെത്തി, പിന്നാലെ പോലീസ് പിടിച്ചു!; രസകരമായ അനുഭവം പങ്കുവെച്ച് ടിനി ടോം
മോഹന്‍ലാലിന്റെ കൂടെ സിംഗപ്പൂര്‍ പോയി തിരിച്ചെത്തി, പിന്നാലെ പോലീസ് പിടിച്ചു!; രസകരമായ അനുഭവം പങ്കുവെച്ച് ടിനി ടോം
നടനായും മിമിക്രി താരമായും പ്രേക്ഷകര്‍ക്ക് സുപരിചിതനായ താരമാണ് ടിനിടോം. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇന്നും ആരാധകര്‍ ഓര്‍ത്തിരിക്കുന്ന ഒരുപാട് പരിപാടികളുടെ ഭാഗമായിരുന്നു ടിനി ടോം. പിന്നീട് സിനിമയിലുമെത്തി ടിനി ടോം. ഇന്ന് സിനിമയിലും ടെലിവിഷനിലുമെല്ലാം നിറഞ്ഞു നില്‍ക്കുകയാണ് ടിനി.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ രസകരമായ കഥകള്‍ പങ്കുവെക്കുകയാണ് ടിനി ടോം. തന്റെ കൂട്ടുകാരനെക്കുറിച്ചാണ് താരം പറയുന്നത്. എന്റെ അടുത്ത സുഹൃത്താണ് ഷൈജു അടിമാലി. ഞങ്ങള്‍ ഒരുമിച്ച് ഒരുപാട് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ടിവിയിലൊക്കെ കണ്ടിട്ടുണ്ടാകും. പാട്ട് പാടുകയും എഴുതുകയുമൊക്കെ ചെയ്യും. സകലകലാ വല്ലഭനാണ്. ഞങ്ങളുടെ ട്രൂപ്പില്‍ നിന്നും ആദ്യമായി വിദേശത്ത് പോകുന്ന കലാകാരനാണ് ഷൈജു അടിമാലി. അന്ന് ഞാന്‍ മനസിലാക്കി ലുക്കിലൊന്നുമല്ല കാര്യമെന്ന്. വര്‍ക്കിലാണെന്നും. ഞങ്ങളെല്ലാം അതിശയിച്ചു പോയി.
പോകുന്നത് മോഹന്‍ലാലിനും പ്രിയദര്‍ശനുമൊപ്പമാണ്. ആണിന്റേയും പെണ്ണിന്റേയും ശബ്ദത്തില്‍ പാട്ട് പാടുക എന്നതാണ് അവന്റെ കഴിവ്. പാട്ടിനൊപ്പം ഡാന്‍സ് കളിക്കുകയും മിമിക്രി ചെയ്യുകയുമൊക്കെ ചെയ്യും. ഇതെല്ലാം പരിഗണിച്ചാണ് അവന് അവസരം കിട്ടുന്നത്. തിരുവനന്തപുരത്ത് നന്ദു ചേട്ടനാണ് ഇവനെ തിരഞ്ഞെടുക്കുന്നത്. അങ്ങനെയാണ് ലാലേട്ടനൊപ്പം സിംഗപ്പൂര്‍ പോകുന്നത്. ഇനിയവന്റെ രാജയോഗമാണ്.
സിംഗപ്പൂരില്‍ ക്ലബ്ബുകളിലും മറ്റും ഇവന്‍ പോകുന്നത് ആരുടെ കൂടെയാണ്? ലാലേട്ടന്റേയും പ്രിയദര്‍ശന്റേയുമൊക്കെ കൂടെയാണ്. അത്രയ്ക്കും വലിയ ആള്‍ക്കാര്‍ക്കൊപ്പമാണ് പോകുന്നത്. പത്ത് പതിനഞ്ച് വര്‍ഷം മുമ്പാണ്. നമ്മളൊക്കെ ടിവി സ്വപ്‌നം കണ്ടിരുന്ന കാലത്താണ് ഇത്രയും വലിയ പ്രതിഭകളുടെ കൂടെ അവന്‍ പോകുന്നത്. അവിടെ അവന്‍ രാജയോഗത്തിലാണ്, സ്വപ്‌ന ലോകത്തിലായിപ്പോയി. തിരിച്ച് എറണാകുളത്ത് വന്നിറങ്ങി. ഇനി ബസില്‍ കയറി പോകണം. അന്ന് വാഹനങ്ങളൊന്നുമില്ല കൈയ്യില്‍.
ആലുവ വരെ എന്റെ വണ്ടിയില്‍ വരാമെന്ന് ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. അവിടെ നിന്നും അടിമാലിയിലേക്ക് ബസില്‍ പോകാം. അതൊരു ദുരിത യാത്രയാണ്. രാത്രി ഒമ്പതര കഴിഞ്ഞാല്‍ ആനയിറങ്ങുന്നത്. എഴ്എട്ട് മണിയായപ്പോള്‍ ആലുവയെത്തി. ആന്റണി പെരുമ്പാവൂരിനോടും ലാലേട്ടനോടുമൊക്കെ യാത്ര പറഞ്ഞു. അവന്‍ രാജ യോഗം അവിടെ തീരുകയാണ്. കോതമംഗലം സ്റ്റാന്‍ഡില്‍ വന്നിറങ്ങി. അവനെ കണ്ടാല്‍ സിംഗപ്പൂര്‍ പോയി വന്ന ഒരാളായി തോന്നില്ല. ആലുവ മണപ്പുറം വരെ പോയതായിട്ടേ തോന്നുകയുള്ളൂ.
സിംഗപ്പൂരില്‍ നിന്നും അവനൊരു സമ്മാനം കൊടുത്തിരുന്നു. വലിയൊരു പാക്കിലാക്കിയാണ് കൊടുത്തത്. അത് എന്താണെന്ന് അറിയില്ല. ഇടയ്ക്ക് ചൊരണ്ടി നോക്കിയെങ്കിലും കാര്‍ഡ് ബോര്‍ഡ് ആയിരുന്നുവെന്നാണ് അവന്‍ പറയുന്നത്. പാക്കറ്റ് പൊളിച്ച് നോക്കാന്‍ പറ്റിയൊരു സാഹചര്യവും ലഭിച്ചിരുന്നില്ല. നല്ല കനമുണ്ട്. എന്താണെന്ന് അറിയാനുള്ള ആകാംഷയുണ്ട്. അങ്ങനെ അവന്‍ കോതമംഗലം സ്റ്റാന്‍ഡില്‍ വന്നിറങ്ങുകയാണ്. തലേ ദിവസം അവിടെ വലിയൊരു കളവ് നടന്നിരുന്നു. അതില്‍ രാത്രി പോലീസുണ്ടായിരുന്നു.
പോലീസിനെ കണ്ടതും അവന്‍ അറിയാതൊന്ന് പതറി. പോലീസ് ഇങ്ങ് വന്നേ എന്ന് പറഞ്ഞ് അവനെ ്അടുത്തേക്ക് വിളിച്ചു. മൂന്ന് ചോദ്യങ്ങളാണ് ചോദിച്ചത്. അത് മതിയായിരുന്നു അവര്‍ക്ക് അവനെ അറസ്റ്റ് ചെയ്യാന്‍. ആദ്യത്തെ ചോദ്യം, എവിടെ നിന്നുമാണ് വരുന്നത് എന്നായിരുന്നു. സിംഗപ്പൂരില്‍ നിന്നും കിട്ടിയ ഷര്‍ട്ടും പാന്റ്‌സുമൊക്കെയാണ് വേഷം. മൊത്തത്തിലൊരു ലക്ഷണപിശക്. സിംഗപ്പൂരില്‍ നിന്നുമാണെന്ന് അവന്‍ പറഞ്ഞു. രാത്രി ഒമ്പതര പത്ത് മണിക്ക് ഒരുത്തന്‍ ബസ് സ്റ്റാന്‍ഡില്‍ സിംഗപ്പൂരില്‍ നിന്നും വന്നു നില്‍ക്കുന്നു.
ആരുടെ കൂടെയാണ് പോയതെന്ന് ചോദിച്ചപ്പോള്‍ അവന്‍ മോഹന്‍ലാല്‍ എന്ന് പറഞ്ഞു. അതോടെ പോലീസുകാര്‍ ഇവനെ പൊക്കാമെന്നായി. അവന്‍ സത്യമാണ് പക്ഷെ പറയുന്നത്. കൈയ്യില്‍ എന്താണെന്ന് ചോദിച്ചപ്പോള്‍ കൃത്യമായിട്ട് അറിയില്ലെന്നും അവന്‍ പറഞ്ഞു. ഉടനെ പോലീസ് അവനെ വണ്ടിയില്‍ കയറ്റി. വണ്ടിയില്‍ ഇരിക്കുന്ന കഞ്ചാവ് ടീം ഒന്ന് ഒതുങ്ങിയിരുന്ന ശേഷം നിനക്ക് വല്ല സിനിമയ്ക്കും പോയതാണെന്ന് പറഞ്ഞാല്‍ പോരെ നീ എന്ത് സാധനമാണ് അടിച്ചതെന്ന് ചോദിച്ചു.
അവന്‍ എന്നെ വിളിച്ച് കാര്യം പറഞ്ഞു. നിന്റെ കൈയ്യില്‍ പാസ്‌പോര്‍ട്ടില്ലേ അത് മതിയല്ലോ, അത് കാണിച്ചിട്ട് നീ ആര്‍ട്ടിസ്റ്റാണെന്ന് പറയാന്‍ പറഞ്ഞു. അവന്‍ പോലീസിനോട് താന്‍ ആര്‍ട്ടിസ്റ്റാണെന്ന് പറഞ്ഞു. മമിക്രി ചെയ്യുമെന്ന് പറഞ്ഞു. ശേഷം ലജ്ജാവതിയേ എന്ന പാട്ട് പാടി. പിന്നെ ജാസി ഗിഫ്റ്റ് പാടുന്നത് പോലെയും പാടി കാണിച്ചു കൊടുത്തു. പോലീസുകാരന്‍ അവനെ കെട്ടിപ്പിടിച്ചു. നീ ഗംഭീര കലാകാരനാണെന്ന് പറഞ്ഞു. ഉടനെ തന്നെ പോലീസ് ജീപ്പില്‍ കയറ്റി ബസ് സ്റ്റാന്റില്‍ കൊണ്ടാക്കുകയും കൃത്യം ബസില്‍ കയറ്റി വിടുകയും ചെയ്തുവെന്നും ടിനി ടോം പറയുന്നു.
