News
‘ദളപതി 67’ ല്‍ നടന് കാര്‍ത്തിക് ഉണ്ടാകില്ല; ചിത്രത്തില്‍ നിന്നും താരം പിന്മാറിയെന്ന് വിവരം
‘ദളപതി 67’ ല്‍ നടന് കാര്‍ത്തിക് ഉണ്ടാകില്ല; ചിത്രത്തില്‍ നിന്നും താരം പിന്മാറിയെന്ന് വിവരം
വിജയ്ലോകേഷ് കനകരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് ‘ദളപതി 67’. വലിയ താരനിര തന്നെ സിനിമയുടെ ഭാഗമാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. നടന് കാര്‍ത്തിക്കിന്റെ പേരും ചിത്രത്തിന്റെ ഭാഗമായി കേട്ടിരുന്നു. എന്നാല്‍ നടന് സിനിമയില്‍ നിന്ന് പിന്മാറിയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്.
ആരോഗ്യ പ്രശ്നങ്ങള്‍ മൂലമാണ് നടന് സിനിമയില്‍ നിന്ന് പിന്മാറിയത് എന്ന് ഇ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അസുഖബാധിതനായ താരം ഏറെ നാളായി ചികിത്സയിലാണ്. കാലുകള്‍ക്ക് ഫിസിയോതെറാപ്പി ചെയ്യുന്നതിനാലാണ് നടന് സിനിമയുടെ ഭാഗമാകാന്‍ സാധിക്കാത്തത്. ദളപതി 67ല്‍ വില്ലന്‍ വേഷത്തിലേക്കാണ് ലോകേഷ് കാര്‍ത്തിക്കിനെ പരിഗണിച്ചത് എന്ന സൂചനകളുമുണ്ട്.
നിവിന്‍ പോളി സിനിമയുടെ ഭാഗമാകുമെന്ന് അഭ്യൂഹങ്ങളുണ്ട്. നിവിന്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് സൂചന. ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് ആദ്യമേ വന്ന റിപ്പോര്‍ട്ടുകള്‍. പിന്നീട് കഥാപാത്രത്തില്‍ നിന്ന് നടന് ഡേറ്റ് ക്ലാഷ് മൂലം പിന്മാറിയെന്നും തുടര്‍ന്ന് നിവിന്‍ കഥാപാത്രത്തിലേക്ക് എത്തിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
നടന് വിശാലും സിനിമയുടെ ഭാഗമാകുമെന്ന് സൂചനകളുണ്ട്. ‘മാര്‍ക്ക് ആന്റണി’ യുടെ സെറ്റില്‍ എത്തി ലോകേഷ് വിശാലിനെ കണ്ടതായാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ യുവ നടന് മാത്യു തോമസ് ഭാഗമാകും എന്ന റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു.
‘മാസ്റ്ററി’ന് ശേഷം ലോകേഷുമായി ഒന്നിക്കുന്ന ചിത്രത്തില്‍ നാല്പതുകളില് എത്തിയ ഒരു ഗ്യാങ്സ്റ്ററായാണ് വിജയ് അഭിനയിക്കുന്നത്. ‘ബാഷ’യിലെ രജനികാന്തിനോട് സമാനമായ ഷെയ്ഡിലായിരിക്കും നടനെ സിനിമയില്‍ അവതരിപ്പിക്കുക. വിജയ് ചിത്രത്തില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ഗെറ്റപ്പിലാകുമെത്തുക എന്നും സൂചനകളുണ്ട്.
