ഞാനൊരു സൂപ്പര്‍ മോളാണോ എന്ന് ചോദിച്ചാല്‍ അറിയില്ല,പക്ഷേ, അമ്മ സൂപ്പറാണ് ; സ്വാസിക പറയുന്നു
സിനിമാ പ്രേക്ഷകർക്കും മിനി സ്ക്രീൻ പ്രേക്ഷകർക്കും ഒരുപോലെ സുപരിചിതയായ അഭിനേത്രിയാണ് സ്വാസിക. ‘വാസന്തി’ എന്ന ചിത്രത്തിലൂടെ മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സ്വാസിക സ്വന്തമാക്കിയിരുന്നു. ‘ചതുരം’ ആണ് സ്വാസികയും അവസാനമായി റിലീസിനെത്തിയ ചിത്രം.
അടുത്തിടെയായി നിരവധി സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള മികച്ച വേഷങ്ങളും സ്വാസികയെ തേടി എത്തിയിരുന്നു. സിദ്ധാർഥ് ഭരതന്റെ ചതുരം എന്ന സിനിമയിലൂടെ ടൈറ്റിൽ റോളിലും സ്വാസിക എത്തിയിരുന്നു. അതോടെ കൂടുതൽ ആരാധകരെയും സ്വന്തമാക്കിയിരിക്കുകയാണ് സ്വാസിക. അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിലാണ് സ്വാസിക അവതാരകയായി തിളങ്ങുന്നത്.
എന്നാൽ അടുത്തിടെ, ഇതേ ചാനലിലെ സൂപ്പർ അമ്മയും മകളും എന്ന പരിപാടിയിൽ അമ്മയ്ക്കൊപ്പം അഥിതി ആയി എത്തിയിരുന്നു സ്വാസിക. ഇപ്പോഴിതാ, ആ പ്രോഗ്രാമിൽ സ്വാസികയും അമ്മയും പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. അവതാരകയായ ശ്വേത മേനോന്റെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു സ്വാസികയും അമ്മയും. എന്തൊക്കെ പ്രതിസന്ധികള്‍ വന്നാലും സ്ട്രോംഗായി നിന്ന് നമ്മുടെ പാഷന് പിന്നാലെ പോവാന്‍ മറക്കരുത് എന്ന് താൻ മനസിലാക്കിയെന്ന് സ്വാസിക ഷോയിൽ പറഞ്ഞിരുന്നു. തന്നെ ഏറ്റവും നന്നായി മനസിലാക്കുന്നയാള് അമ്മയാണെന്നും നടി പറഞ്ഞു. സ്വാസികയുടെ വിവാഹത്തെ കുറിച്ചും ഷോയിൽ സംസാരമുണ്ടായിരുന്നു.
ഈ ഷോയുടെ ഫിനാലയില്‍ നമുക്ക് ഇവളെ കല്യാണം കഴിപ്പിക്കാമെന്നായിരുന്നു ശ്വേത പറഞ്ഞത്. സ്ഥിരവരുമാനമുള്ള, കലയെ പോത്സാഹിപ്പിക്കുന്ന നല്ലൊരു ചെറുപ്പക്കാരന് മകള്‍ക്ക് വരനായി വരണമെന്ന് ആഗ്രഹിക്കുന്നു എന്നാണ് അമ്മ പറഞ്ഞത്. ഈ സെറ്റില്‍ വെച്ച് അത് നടക്കുകയാണെങ്കില്‍ നടക്കട്ടെ എന്നായിരുന്നു സ്വാസികയുടെ മറുപടി.
സ്വാസികയെ കുറിച്ച് അമ്മയും, അമ്മയെ കുറിച്ച് സ്വാസികയും ഷോയിൽ വാചാലയായിരുന്നു. ഗര്‍ഭിണി ആയപ്പോൾ മുതല്‍ പെണ്‍കുഞ്ഞായിരിക്കണമെന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെ ദൈവം എനിക്കൊരു മോളെ തന്നു. നല്ലൊരു മോളാണ് എന്നാണ് അമ്മ പറഞ്ഞത്.
ഞാനൊരുപാട് കുരുത്തക്കേടുകള്‍ കാണിക്കുകയും അമ്മയുമായി വഴക്കിടുകയുമൊക്കെ ചെയ്തിട്ടുണ്ട്. ദൂരെയൊക്കെ പോവുന്ന സമയത്ത് മിസ്സ് യൂ എന്നൊക്കെ പറഞ്ഞ് മെസ്സേജ് അയക്കും. കൂടെയുള്ളപ്പോള്‍ ഐ ലവ് യൂ പറഞ്ഞിട്ടൊന്നുമില്ല. കൂടെയുള്ളപ്പോള്‍ സ്നേഹം പ്രകടിപ്പിക്കാറില്ലെന്നാണ് സ്വാസിക പറയുന്നത്. എന്നാൽ അതൊക്കെ അമ്മയെ വിഷമിപ്പിച്ചിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ചില സമയത്ത് വഴക്ക് കൂടുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്നായിരുന്നു അമ്മയുടെ മറുപടി.
അമ്മയോട് പറയാതെ ചില കാര്യങ്ങള്‍ ചെയ്ത് അതിന്റെ പ്രശ്നങ്ങള്‍ അനുഭവിക്കുമ്പോള്‍ അമ്മയ്ക്കെന്നോട് ദേഷ്യം തോന്നിയിട്ടുണ്ടോ എന്ന് സ്വാസിക വേദിയിൽ അമ്മയോട് ചോദിച്ചിരുന്നു. അതിന് ഇല്ലെന്നായിരുന്നു അമ്മയുടെ മറുപടി. തനിക്ക് പ്രത്യേകിച്ച് സ്വപ്നങ്ങൾ ഒന്നുമില്ലെന്നും മക്കൾക്ക് വേണ്ടിയാണ് ജീവിക്കുന്നതെന്നും സ്വാസികയുടെ അമ്മ പറയുന്നുണ്ട്. അതേസമയം, അമ്മ സഹിച്ച കഷ്ടപ്പാടുകളെ കുറിച്ച് സ്വാസിക പറഞ്ഞു.
സാമ്പത്തിക ബുദ്ധിമുട്ടുകൾ വരുമ്പോൾ അമ്മ ആഭരണങ്ങൾ വിൽക്കുമായിരുന്നു. അന്നൊക്കെ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കുക എന്ന് പറഞ്ഞാല്‍ ചെലവുള്ള കാര്യമാണ്. അതുകഴിഞ്ഞ് കുടുംബത്തിലെ ഒരു പരിപാടിക്ക് വന്നപ്പോള്‍ അമ്മയുടെ കൈയ്യിലും കഴുത്തിലും ഒന്നും ഉണ്ടായിരുന്നില്ല.അമ്മയുടെ ആഭരണങ്ങളെല്ലാം വിറ്റുവെന്ന് സ്വാസിക വേദനയോട് പറഞ്ഞു. ഞാനൊരു സൂപ്പര്‍ മോളാണോ എന്ന് ചോദിച്ചാല്‍ അറിയില്ല. പക്ഷേ, അമ്മ സൂപ്പറാണെന്ന് പറഞ്ഞായിരുന്നു സ്വാസിക അവസാനിപ്പിച്ചത്.
